ഹുർമുസ് കടലിടുക്കിനെ സമ്മർദ തന്ത്രമായി ഉപയോഗിക്കരുത് -ഖത്തർ

ദോഹ: യു.എസും ഇറാനും തമ്മിലുള്ള സമാധാന ചർച്ചകൾ തീരുമാനമാകാതെ നീളുന്നത് സംഘർഷം അനിശ്ചിതമായി നീണ്ടുനിൽക്കാൻ (ഫ്രോസൺ കോൺഫ്ലിക്ട്) കാരണമായേക്കുമെന്ന് ഖത്തർ വിദേശകാര്യ മന്ത്രാലയ വക്താവ് ഡോ. മാജിദ് അൽ അൻസാരി. മേഖലയിൽ ശത്രുത വീണ്ടും ഉടലെടുക്കുന്നത് കാണാൻ ഖത്തർ ആഗ്രഹിക്കുന്നില്ല. ഓരോ രാഷ്ട്രീയ കാരണങ്ങൾ ഉണ്ടാകുമ്പോഴും പരിഹാരമില്ലാതെ സംഘർഷം നീണ്ടുനിൽക്കുന്ന സാഹചര്യം ഉണ്ടാകാൻ പാടില്ലെന്നും അദ്ദേഹം പ്രതിവാര വാർത്തസമ്മേളനത്തിൽ വ്യക്തമാക്കി.

ഹുർമുസ് കടലിടുക്ക് ഒരിക്കലും അടച്ചിടാൻ പാടില്ലായിരുന്നുവെന്നും മാജിദ് അൽ അൻസാരി പറഞ്ഞു. കടലിടുക്കിനെ സമ്മർദ തന്ത്രമായി ഉപയോഗിക്കരുത്. കടലിടുക്ക് വീണ്ടും തുറക്കുന്നതിനായി തങ്ങൾ ബന്ധപ്പെട്ട എല്ലാവരുമായും ചർച്ചകൾ നടത്തിവരികയാണ്, മേഖലയിലെ മറ്റ് പ്രശ്നങ്ങൾ എന്തുതന്നെയായാലും കടലിടുക്ക് ഉടനടി തുറക്കണം. കപ്പൽ ഗതാഗതം തടയുന്നത് ന്യായീകരിക്കാനാവില്ലെന്നും അത്തരമൊരു സാഹചര്യം ഉണ്ടാകാൻ പാടില്ലായിരുന്നുവെന്നും മാജിദ് അൽ അൻസാരി വ്യക്തമാക്കി.

സംഘർഷം അവസാനിപ്പിക്കാനുള്ള ഏറ്റവും സുരക്ഷിതമായ മാർഗം നയതന്ത്രമാണ്. സംഘർഷങ്ങൾ പരിഹരിക്കുന്നതിനുള്ള മധ്യസ്ഥ ശ്രമങ്ങളിൽ ഗൾഫ് രാജ്യങ്ങൾ ഫലപ്രദമായി ഇടപെട്ടിട്ടുണ്ട്. ഇക്കാര്യത്തിൽ പാകിസ്താൻ നടത്തുന്ന മധ്യസ്ഥ ശ്രമങ്ങളെ ഖത്തർ പൂർണമായും പിന്തുണക്കും. നയതന്ത്രപരമായ പരിഹാരത്തിനാണ് ഖത്തർ മുൻഗണന നൽകുന്നത്. നിലവിലുള്ള മധ്യസ്ഥ ചർച്ചകളുടെ വ്യാപ്തി വിപുലീകരിക്കേണ്ട ആവശ്യമില്ലെന്നും പാകിസ്താന്റെ നേതൃത്വത്തിൽ നടക്കുന്ന മധ്യസ്ഥ ശ്രമങ്ങളിൽ തങ്ങൾ സംതൃപ്തരാണെന്നും ഖത്തർ അറിയിച്ചു. മേഖലയിലെ സംഘർഷം അവസാനിപ്പിക്കാൻ ഒരു 'സമഗ്ര കരാർ' ഉണ്ടാകുന്നതിനെയാണ് ഖത്തർ പിന്തുണക്കുന്നത്. ഇറാൻ നടത്തിയ ആക്രമണങ്ങൾ മേഖലയുടെ സുരക്ഷയെ ബാധിക്കുന്നുണ്ടെന്നും സ്ഥിരത ഉറപ്പാക്കുകയാണ് ഖത്തറിന്റെ പ്രധാന ലക്ഷ്യമെന്നും അദ്ദേഹം ആവർത്തിച്ചു.

Tags:    
News Summary - The Strait of Hormuz should not be used as a pressure tactic – Qatar

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.