ദോഹ: ലോക പുസ്തക ദിനാചരണത്തിന്റെ ഭാഗമായി ഖത്തർ ജയിലുകളിലെ ഇന്ത്യൻ തടവുകാർക്കുവേണ്ടി ജയിൽ ലൈബ്രറിയിലേക്ക് 100ലധികം പുസ്തകങ്ങൾ ഇന്ത്യൻ കമ്മ്യൂണിറ്റി ബെനവലന്റ് ഫോറം (ഐ.സി.ബി.എഫ്) സംഭാവന നൽകി. പഠനത്തിനും ആത്മപരിശോധനക്കും പുനരധിവാസത്തിനുമുള്ള ഐ.സി.ബി.എഫിന്റെ പ്രതിബദ്ധതയെ ശക്തിപ്പെടുത്തുന്നതാണ് ഈ സംരംഭമെന്ന് പ്രസിഡന്റ് ഷാനവാസ് ബാവ വ്യക്തമാക്കി.
വിവിധ ഇന്ത്യൻ പ്രാദേശിക ഭാഷകളിലുള്ള പുസ്തകങ്ങൾ ഉൾക്കൊള്ളുന്ന പുസ്തക ശേഖരമാണ് കൈമാറിയത്. തടവുകാർക്ക് പഠിക്കാനും വളരാനും വായനയിലൂടെ മാനസിക ശാന്തി കണ്ടെത്താനും സഹായിക്കുന്ന ഒരു നല്ല കൂട്ടായി പുസ്തകങ്ങൾ മാറുന്നു. ചെറിയൊരു പ്രവർത്തിയാണെങ്കിലും, മനസ്സുകളെ വളർത്തുകയും ആത്മാവിനെ ഉണർത്തുകയും ചെയ്യുന്ന ഒരു ചുവടുവെപ്പാണിതെന്ന് ജനറൽ സെക്രട്ടറി ദീപക് ഷെട്ടി പറഞ്ഞു.
ഐ.സി.ബി.എഫ് ഭാരവാഹികൾ ഇന്ത്യൻ എംബസി ഉദ്യോഗസ്ഥരോടൊപ്പം എല്ലാ ആഴ്ചകളിലും ജയിലുകൾ സന്ദർശിച്ച്, ഇന്ത്യൻ തടവുകാർക്ക് പിന്തുണ നൽകുകയും, അവരുടെ അടിസ്ഥാന ആവശ്യങ്ങൾക്കും കുടുംബ ആവശ്യങ്ങൾക്കും സഹായം നൽകുകയും, നാട്ടുകാരുമായി ബന്ധപ്പെടാൻ സഹായിക്കുകയും ചെയ്യുന്നുണ്ട്.
ഖത്തറിലെ ഇന്ത്യൻ പ്രവാസി സമൂഹത്തിനായി ഐ.സി.ബി.എഫ് നടത്തിവരുന്ന സേവനങ്ങളുടെ തുടർച്ചയായാണ് ഈ പ്രവർത്തനം. ഐ.സി.ബി.എഫ് ഗാർഹിക തൊഴിലാളി -ജയിൽ വിഭാഗം മേധാവി നീലാംബരി പ്രവർത്തനങ്ങൾ ഏകോപിപ്പിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.