ജി.സി.സി അസാധാരണ ഉച്ചകോടിയിൽ ഖത്തർ അമീർ ശൈഖ് തമീം ബിൻ ഹമദ് ആൽഥാനിയും സൗദി കിരീടാവകാശി അമീർ മുഹമ്മദ് ബിൻ സൽമാനും
ദോഹ: നിലവിലെ പ്രാദേശിക സാഹചര്യങ്ങളിൽ ഗൾഫ് രാജ്യങ്ങളുടെ ഐക്യം ഉറപ്പാക്കുന്നതാണ് സൗദി അറേബ്യയിലെ ജിദ്ദയിൽ നടന്ന ജി.സി.സി അസാധാരണ ഉച്ചകോടിയെന്ന് ഖത്തർ അമീർ ശൈഖ് തമീം ബിൻ ഹമദ് ആൽഥാനി വ്യക്തമാക്കി.
സോഷ്യൽ മീഡിയ എക്സ് പോസ്റ്റിലാണ് ഖത്തർ അമീർ അഭാപ്രായം കുറിച്ചത്. ജി.സി.സിയുടെ നയതന്ത്ര ശ്രമങ്ങളെ പിന്തുണക്കാനും, മേഖലയുടെ സുരക്ഷയും സ്ഥിരതയും നിലനിർത്താനും, ഗൾഫ് ജനതയുടെ വികസനവും അഭിവൃദ്ധിയും ഉറപ്പാക്കാനും ഈ സഹകരണം അനിവാര്യമാണെന്ന് അമീർ കൂട്ടിച്ചേർത്തു. ചൊവ്വാഴ്ച ജിദ്ദയിൽ നടന്ന ഉച്ചകോടിയിൽ ജി.സി.സി രാജ്യങ്ങളിലെ ഭരണാധികാരികളും ഉന്നത പ്രതിനിധികളും പങ്കെടുത്തു. പ്രാദേശികവും അന്തർദേശീയവുമായ വിവിധ വിഷയങ്ങൾ ഉച്ചകോടിയിൽ ചർച്ചാവിഷയമായി.
പ്രധാനമന്ത്രിയും വിദേശകാര്യ മന്ത്രിയുമായ ശൈഖ് മുഹമ്മദ് ബിൻ അബ്ദുറഹ്മാൻ ബിൻ ജാസിം ആൽഥാനി, അമീരി ദിവാൻ മേധാവി അബ്ദുല്ല ബിൻ മുഹമ്മദ് അൽ ഖുലൈഫി, വിദേശകാര്യ സഹമന്ത്രി സുൽത്താൻ ബിൻ സഅദ് അൽ മുറൈഖി എന്നിവരുൾപ്പെടെ മുതിർന്ന ഉദ്യോഗസ്ഥരും അമീനൊപ്പം ഖത്തർ പ്രതിനിധി സംഘത്തിലുണ്ടായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.