ചർച്ചക്ക് ക്ഷണിച്ച് റഷ്യൻ വിദേശകാര്യമന്ത്രി

ദോഹ: ഖത്തറുമായി നയതന്ത്രം മുറിച്ച അറബ്, ഗൾഫ് രാജ്യങ്ങളുടെ നടപടിയിൽ ആശങ്ക അറിയിച്ച് റഷ്യൻ വിദേശകാര്യമന്ത്രി സെർജി ലാവ്റോവ്.  ചർച്ചകളിലൂടെ മാത്രമേ പ്രതിസന്ധികൾക്ക് പരിഹാരമാകുകയെന്നും കക്ഷികൾ ചർച്ചക്ക് തയ്യാറാകണമെന്നും ലാവ്റോവ് ആവശ്യപ്പെട്ടു. 
ഓരോ രാജ്യങ്ങളുടെയും ആഭ്യന്തരകാര്യങ്ങളിലും നയതന്ത്രബന്ധങ്ങളിലും ഇടപെടുകയെന്നത് റഷ്യയുടെ നയമല്ലെന്നും എങ്കിലും പുതിയ പ്രതിസന്ധി നല്ല പ്രവണതയല്ലെന്നും ആശങ്കയുളവാക്കുന്നുവെന്നും റഷ്യൻ വിദേശകാര്യമന്ത്രി ചൂണ്ടിക്കാട്ടി. മോസ്​കോയിൽ ഖത്തർ വിദേശകാര്യമന്ത്രി ശൈഖ് മുഹമ്മദ് ബിൻ അബ്ദുറഹ്മാൻ ആൽഥാനിയുമായി 
സംസാരിക്കുകയായിരുന്നു ലാവ്റോവ്. നയതന്ത്രമേഖലയിലെ പ്രതിസന്ധികൾ പരിഹരിക്കുന്നതിന് മോസ്​കോ വേദിയൊരുക്കാമെന്നും അദ്ദേഹം വ്യക്തമാക്കി. അയൽരാജ്യങ്ങളുമായുള്ള നയതന്ത്രബന്ധ പ്രതിസന്ധിയിൽ പരിഹാരം കാണുന്നതിന് ചർച്ചക്ക് സന്നദ്ധമാണെന്ന് ഖത്തർ വിദേശകാര്യമന്ത്രി ശൈഖ് മുഹമ്മദ് ബിൻ അബ്ദുറഹ്മാൻ ആൽഥാനി ആവർത്തിച്ചു. 
മേഖലയിലെ ഭിന്നതകൾ പരിഹരിക്കുന്നതിനുള്ള ഏറ്റവും അനുയോജ്യമായ ഘടനയാണ് ഗൾഫ് സഹകരണ സമിതിയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. റഷ്യൻ വിദേശകാര്യമന്ത്രി സെർജി ലാവ്റോവുമായുള്ള കൂടിക്കാഴ്ചക്കിടെയാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. 
ഖത്തറിനെതിരായ നിയമവിരുദ്ധ നടപടികൾ സ്വീകരിച്ചത് സംബന്ധിച്ച് വിശദീകരിക്കുന്നതി​​െൻറ ഭാഗമാണ് മോസ്​കോ സന്ദർശനമെന്നും പ്രശ്നപരിഹാരത്തിന് സഹായം വാഗ്ദാനം ചെയ്ത റഷ്യൻ ഫെഡറേഷന് നന്ദി 
രേഖപ്പെടുത്തുന്നുവെന്നും അദ്ദേഹം സൂചിപ്പിച്ചു. 
അന്താരാഷ്ട്ര മേഖലയിൽ റഷ്യയുടെ സാന്നിദ്ധ്യം പ്രാധാന്യമേറിയതാണെന്നും ഖത്തറും റഷ്യയും തമ്മിലുള്ള നയതന്ത്ര,സൗഹൃദബന്ധം ആഴമേറിയതാണെന്നും വ്യക്തമാക്കിയ വിദേശകാര്യമന്ത്രി, വിവിധ മേഖലകളിൽ ഇരുരാജ്യങ്ങളും തമ്മിലുള്ള സഹകരണം ഇനിയും തുടരുമെന്നും കൂട്ടിച്ചേർത്തു.

Tags:    
News Summary - russia

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.