ദോഹ: ഇന്ത്യൻ രൂപയുടെ മൂല്യം റെക്കോഡ് താഴ്ചയിലേക്ക് ഇടിഞ്ഞതോടെ വിനിമയ നിരക്കിൽ ചരിത്രത്തിലെ ഏറ്റവും ഉയർന്ന നിരക്കിൽ ഗൾഫ് കറൻസികൾ. ബുധനാഴ്ച ഒരു റിയാലിന് 25 രൂപക്കു മുകളിലാണ് ഖത്തറിലെ വിവിധ എക്സ്ചേഞ്ചുകളിൽ രേഖപ്പെടുത്തിയത്.
പല വിനിമയ സ്ഥാപനങ്ങളും 25.09 രൂപയാണ് ഒരു ഖത്തർ റിയാലിന് നൽകി. രൂപയുമായുള്ള വിനിമയ നിരക്കിൽ ഖത്തർ റിയാലിന് ലഭിക്കുന്ന ഏറ്റവും ഉയർന്ന നിരക്കാണിത്. പ്രമുഖ കറൻസി വിനിമയ നിരക്ക് സ്ഥാപനമായ എക്സി ഇ റിപ്പോർട്ടു പ്രകാരം ചൊവ്വാഴ്ച തന്നെ ഒരു ഖത്തർ റിയാലിന് 25 രൂപക്കു മുകളിൽ രേഖപ്പെടുത്തിയിരുന്നു.
ബുധനാഴ്ച വിപണി 91.05 ലാണ് വ്യാപാരം ആരംഭിച്ചത്. പിന്നാലെ ഇന്ത്യൻ രൂപ ചരിത്രത്തിൽ ആദ്യമായി ഒരു ഡോളറിനു 91.74 എന്ന നിരക്കിലേക്ക് വരെ താഴ്ന്നിരുന്നു. രൂപക്ക് കടുത്ത ചാഞ്ചാട്ടം അനുഭവപ്പെട്ട വിപണിയിൽ അവസാനം ഡോളറിനെതിരെ 91.70 രൂപ എന്ന നിരക്കിലാണ് ബുധനാഴ്ച വ്യാപാരം അവസാനിച്ചത്. ഇതാണ് ഗൾഫ് കറൻസികളുടെ വിനിമയ നിരക്ക് ഉയരാൻ കാരണമായത്. അന്താരാഷ്ട്ര തലത്തിൽ ഗ്രീൻലാൻഡിലെ അമേരിക്കൻ ഇടപെടലാണ് പെട്ടെന്ന് രൂപയുടെ ഇടിവിന് വഴിവെച്ചത്.
ആഗോള വിപണിയിലെ അനിശ്ചിതാവസ്ഥയെത്തുടർന്ന് വിദേശ നിക്ഷേപ സ്ഥാപനങ്ങൾ ഇന്ത്യൻ ഓഹരി വിപണിയിൽ നിന്ന് രൂപക്കു സമ്മർദമേറ്റിയതായി സാമ്പത്തിക വിദഗ്ദ്ധൻ അഡ്വ. ആർ. മധുസൂദനൻ ചൂണ്ടിക്കാട്ടി. അമേരിക്കയുമായുള്ള വ്യാപാരക്കരാർ ഇന്ത്യ ഒപ്പിടാൻ താമസിക്കുന്നതും മറ്റൊരു കാരണമാണ്. രൂപയുടെ മൂല്യമിടിയുമ്പോൾ സാധാരണ റിസർവ് ബാങ്കിന്റെ കാര്യമായ ഇടപെടൽ സംഭവിക്കാറുണ്ട്. എന്നാൽ, ബുധനാഴ്ച ആർ.ബി.ഐയുടെ ഇപെടലുണ്ടായെങ്കിലും കാര്യമായ പ്രയോജനം ചെയ്തില്ല.
ഫെബ്രുവരി, മാർച്ച് മാസങ്ങളിലും രൂപയുടെ വിനിമയം ഈ നില തുടരാനാണ് സാധ്യതയെന്നും റിസർവ് ബാങ്കിന്റെ ഡോളർ വിറ്റഴിച്ചുള്ള ഇടപെടലുകൾ, ഫെബ്രുവരി ആദ്യവാരം അവതരിപ്പിക്കുന്ന കേന്ദ്ര ബജറ്റിലെ നിർദേശങ്ങൾ ഇവ രൂപയുടെ വരും ദിവസങ്ങളിലെ ഗതി നിയന്ത്രിക്കുമെന്നും അഡ്വ. ആർ. മധുസൂദനൻ വ്യക്തമാക്കി.ഖത്തർ റിയാലിന് സമാനമായി മറ്റു ഗൾഫ് കറൻസികളിലും ബുധനാഴ്ച ഉയർച്ച രേഖപ്പെടുത്തി. യു.എ.ഇ, കുവൈത്ത്, സൗദി അറേബ്യ, ഒമാൻ, ബഹ്റൈൻ കറൻസികളും ചരിത്രത്തിലെ ഉയർന്ന നിരക്കിലാണ്.
രൂപയുടെ മൂല്യം ഇടിഞ്ഞത് ഇന്ത്യയില്‍ ആശങ്കകള്‍ സൃഷ്ടിക്കുന്നുണ്ടെങ്കിലും പ്രവാസി ഇന്ത്യക്കാര്‍ക്ക് ഗുണകരമാണ്. നാട്ടിലേക്ക് പണം അയക്കാന്‍ നിരവധി പേർ ഈ സമയം പ്രയോജനപ്പെടുത്താറുണ്ട്. എക്സി റിപ്പോർട്ടിനേക്കാൾ അൽപം താഴ്ന്ന നിരക്കാണ് ലഭിക്കുകയെങ്കിലും മികച്ച വിനിമയ മൂല്യം ലഭിച്ചതോടെ പണം അയക്കാൻ എക്സ്ചേഞ്ചുകളിൽ എത്തുന്നവരുടെയും എണ്ണം കൂടി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.