ഖത്തർ പ്രധാനമന്ത്രി ശൈഖ് മുഹമ്മദ് ബിൻ അബ്ദുർറഹ്മാൻ ബിൻ ജാസിം ആൽ ഥാനി ഐക്യരാഷ്ട്രസഭ സെക്രട്ടറി ജനറൽ അന്റോണിയോ ഗുട്ടെറസുമായി കൂടിക്കാഴ്ച നടത്തിയപ്പോൾ
ദോഹ: ഫലസ്തീനിൽ സമാധാനം സ്ഥാപിക്കാനുള്ള അന്താരാഷ്ട്ര ശ്രമങ്ങൾക്ക് പിന്തുണയുമായി കൂടുതൽ രാജ്യങ്ങൾ. പശ്ചിമേഷ്യൻ സംഘർഷം പരിഹരിക്കാൻ ദ്വിരാഷ്ട്ര പരിഹാരമെന്ന ഫോർമുലക്ക് പിന്തുണയുമായി കാനഡയും മാൾട്ടയുമാണ് ഒടുവിലായി രംഗത്തുവന്നത്. സെപ്റ്റംബറിൽ നടക്കുന്ന യു.എൻ പൊതുസഭയിൽ ഫലസ്തീനെ രാഷ്ട്രമായി അംഗീകരിക്കുമെന്നാണ് കാനഡയുടെ ചരിത്ര പ്രഖ്യാപനം. കനേഡിയൻ പ്രധാനമന്ത്രി മാർക്ക് കാർണി ആണ് ഇതു സംബന്ധിച്ച പ്രഖ്യാപനം നടത്തിയത്.അതേസമയം, ഫലസ്തീൻ രാജ്യം അംഗീകരിക്കുന്നതായുള്ള കനേഡിയൻ പ്രധാനമന്ത്രി മാർക്ക് കാർണിയുടെയും മാൾട്ട പ്രധാനമന്ത്രി ഡോ. റോബർട്ട് അബേലയുടെയും പ്രഖ്യാപനങ്ങളെ ഖത്തർ സ്വാഗതം ചെയ്തു. ഇരു രാഷ്ട്രങ്ങളുടെയും നിലപാടുകൾ, യു.എൻ സുരക്ഷ കൗൺസിലിന്റെ പ്രമേയങ്ങളെ പിന്തുണക്കുന്നതും ഫലസ്തീൻ ജനതയുടെ അവകാശങ്ങളെ അംഗീകരിക്കുന്നതുമാണ്. ഫലസ്തീന്റെ സ്വയം നിർണയാവകാശത്തെയും 1967ലെ അതിർത്തികളെ അടിസ്ഥാനമാക്കി കിഴക്കൻ ജറുസലേം തലസ്ഥാനമാക്കി സ്വതന്ത്ര രാജ്യം സ്ഥാപിക്കാനുള്ള അവകാശത്തെയും ശക്തിപ്പെടുത്തുന്നതാണെന്നും ഖത്തർ വിദേശകാര്യ മന്ത്രാലയം പറഞ്ഞു.
ഫലസ്തീനിൽ സമാധാനപരമായ ഒത്തുതീർപ്പിനും ദ്വിരാഷ്ട്ര പരിഹാരം സാധ്യമാക്കുന്നതിനുമായി ചേർന്ന, അന്താരാഷ്ട്ര സമ്മേളനത്തിൽ പങ്കെടുത്ത രാജ്യങ്ങളുടെ അഭിപ്രായത്തിന് അനുസരിച്ചാണ് ഈ തീരുമാനങ്ങളെന്ന് വിദേശകാര്യ മന്ത്രാലയം അറിയിച്ചു. ഫലസ്തീൻ രാഷ്ട്രത്തെ ഇതുവരെ അംഗീകരിച്ചിട്ടില്ലാത്ത മറ്റു രാജ്യങ്ങളോടും സമാനമായ നടപടികൾ സ്വീകരിക്കാനും വിദേശകാര്യ മന്ത്രാലയം ആവശ്യപ്പെട്ടു.പ്രശ്ന പരിഹാരത്തിനും മധ്യസ്ഥ ശ്രമങ്ങൾക്കും നേതൃപരമായ ഇടപെടൽ ഖത്തർ നടത്തുന്നുണ്ട്. മറ്റു രാഷ്ട്രങ്ങളുമായും വിവിധ സംഘടനകളുമായും ഇതു സംബന്ധിച്ച് ചർച്ചകൾ ഖത്തറിന്റെ മധ്യസ്ഥതയിലും നിയന്ത്രണത്തിലും പുരോഗമിക്കുന്നുണ്ട്. ന്യൂയോർക്കിൽ യു.എൻ ആസ്ഥാനത്ത് ഫലസ്തീൻ പ്രശ്ന പരിഹാരത്തിനും ദ്വിരാഷ്ട്ര പരിഹാരം നടപ്പാക്കുന്നതിനുമായി ചേർന്ന അന്താരാഷ്ട്ര സമ്മേളനത്തിനിടെ, പ്രധാനമന്ത്രിയും വിദേശകാര്യ മന്ത്രിയുമായ ശൈഖ് മുഹമ്മദ് ബിൻ അബ്ദുർറഹ്മാൻ ബിൻ ജാസിം ആൽ ഥാനി ഐക്യരാഷ്ട്രസഭ സെക്രട്ടറി ജനറൽ അന്റോണിയോ ഗുട്ടെറസുമായി കൂടിക്കാഴ്ച നടത്തിയിരുന്നു.
കൂടിക്കാഴ്ചയിൽ, ഗസ്സ മുനമ്പിലെയും അധിനിവേശ ഫലസ്തീൻ പ്രദേശങ്ങളിലെയും സംഭവവികാസങ്ങളും ഗസ്സയിൽ മാനുഷിക സഹായം എത്തിക്കുന്നതിനുള്ള സംയുക്ത ശ്രമങ്ങളും ഫലസ്തീൻ പ്രശ്നത്തിന് സമാധാനപരമായ പരിഹാരം കാണുന്നതിനും ദ്വിരാഷ്ട്ര പരിഹാരം നടപ്പാക്കുന്നതിനും അന്താരാഷ്ട്ര ശ്രമങ്ങൾ മുന്നോട്ട് കൊണ്ടുപോകാമെന്നതുമടക്കമുള്ള കാര്യങ്ങൾ ചർച്ച ചെയ്തിരുന്നു.അതേസമയം, ഭക്ഷണത്തെ യുദ്ധായുധമായി ഉപയോഗിക്കുന്ന ഇസ്രായേൽ നിലപാടിനെതിരെ ന്യൂയോർക്കിലെ ഐക്യരാഷ്ട്രസഭ ആസ്ഥാനത്ത് നടന്ന ജനറൽ അസംബ്ലിയെ അഭിസംബോധനചെയ്ത് സംസാരിക്കവേ പ്രധാനമന്ത്രിയും വിദേശകാര്യ മന്ത്രിയുമായ ശൈഖ് മുഹമ്മദ് ബിൻ അബ്ദുറഹ്മാൻ ബിൻ ജാസിം ആൽ ഥാനി രൂക്ഷമായി വിമർശിച്ചിരുന്നു.
ഫലസ്തീനിൽ സമാധാനപരമായ പ്രശ്നപരിഹാരത്തിനും ദ്വിരാഷ്ട്ര പരിഹാരം നടപ്പാക്കുന്നതിനുമായി അന്താരാഷ്ട്ര തലത്തിൽ ഇടപെടൽ ആവശ്യമാണെന്ന് പറഞ്ഞ അദ്ദേഹം നിരപരാധികളായ സിവിലിയന്മർക്കെതിരായ ഉപരോധത്തെയും നിർബന്ധിത പലായനത്തെയും ശക്തമായി അപലപിക്കുകയും ആശുപത്രികൾ, പലായനം ചെയ്തവരുടെ അഭയകേന്ദ്രങ്ങൾ എന്നിവ ലക്ഷ്യമിടുന്നത് അന്താരാഷ്ട്ര നിയമത്തിന്റെ നഗ്നമായ ലംഘനമാണെന്നും പറഞ്ഞു. ഈജിപ്തുമായും അമേരിക്കയുമായും സഹകരിച്ച് ഖത്തർ നടത്തിയ മധ്യസ്ഥ ശ്രമങ്ങൾ വിശദീകരിച്ച അദ്ദേഹം മാനുഷിക സഹായം എത്തിക്കുന്നതിനും ഇരുപക്ഷത്തുനിന്നും നൂറുകണക്കിന് തടവുകാരെയും ബന്ദികളെയും മോചിപ്പിച്ചതും മധ്യസ്ഥ ശ്രമങ്ങളിലൂടെയാണെന്നും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.