ഐ.സി.സിയിൽ നടന്ന ഇന്ത്യൻ എംബസി റിപ്പബ്ലിക് ദിന പരിപാടിയിൽ അംബാസഡർ വിപുൽ പതാക ഉയർത്തുന്നു,റിപ്പബ്ലിക് ദിനാഘോഷത്തിൽ അൽഖോർ നാഷനൽ കിൻഡർഗർട്ടൻ വിദ്യാർഥികൾ അവതരിപ്പിച്ച പരിപാടിയിൽനിന്ന്
ദോഹ: ത്രിവർണ പ്രഭചൊരിഞ്ഞും ദേശഭക്തി വിളിച്ചോതുന്ന കലാവിരുന്നും ഭരണഘടനാ മൂല്യങ്ങൾ വിളംബരം ചെയ്തും ഖത്തറിലെ പ്രവാസി സമൂഹവും ഇന്ത്യയുടെ 76ാമത് റിപ്പബ്ലിക് ദിനം ആഘോഷിച്ചു. പ്രവൃത്തി ദിനത്തിന്റെ തിരക്കിനിടയിലും അതിരാവിലെ തന്നെ ഐ.സി.സി പരിസരം നിറഞ്ഞിരുന്നു. അംബാസഡർ വിപുൽ ഇന്ത്യൻ ദേശീയപതാക ഉയർത്തി ആഘോഷങ്ങൾക്ക് തുടക്കം കുറിച്ചു.
രാവിലെ ഏഴ് മണിക്കായിരുന്നു പതാക ഉയർത്തൽ. തുടർന്ന് ദേശീയഗാനം ഉയർന്നുകേട്ട അന്തരീക്ഷത്തിൽ ജയ് ഹിന്ദ്... വിളികളുമായി പ്രവാസികൾ അഭിവാദ്യമർപ്പിച്ചു. തുടർന്ന് ഐ.സി.സി അശോക ഹാളിൽ ഗന്ധി പ്രതിമക്ക് മുന്നിൽ പുഷ്പങ്ങൾ അർപ്പിച്ചുകൊണ്ടായിരുന്നു മുഖ്യ പരിപാടികളിലേക്ക് പ്രവേശിച്ചത്. അംബാസഡർ വിപുൽ രാഷ്ട്രപതി ദ്രൗപതി മുർമുവിന്റെ റിപ്പബ്ലിക് ദിന സന്ദേശം വായിച്ചു. തുടർന്ന്, ഖത്തറിലെ പ്രവാസി സമൂഹത്തിന്റെ സംഭാവനകളെയും ഇന്ത്യ-ഖത്തർ സൗഹൃദവും വിശദീകരിച്ചുകൊണ്ട് പ്രഭാഷണം നിർവഹിച്ചു.
ഖത്തറും ഇന്ത്യയും തമ്മിലെ വ്യാപാര, നിക്ഷേപ ബന്ധം ശക്തമായി വളരുകയാണെന്ന് വ്യക്തമാക്കിയ അംബാസഡർ വിവിധ മേഖലകളിലെ പങ്കാളിത്തം സംബന്ധിച്ചും വിശദീകരിച്ചു. ഖത്തർ ഇൻവെസ്റ്റ്മെന്റ് അതോറിറ്റിയുടെ നിക്ഷേപങ്ങളും ദീർഘകാല ഊർജ കരാർ, പുനരുപയോഗ ഊർജം, നിർമിതബുദ്ധി, ആരോഗ്യമേഖല, ഫിൻടെക് തുടങ്ങി വിവിധ മേഖലകളിലെ സഹകരണം സംബന്ധിച്ചും വ്യക്തമാക്കി.
കഴിഞ്ഞ വർഷങ്ങളിൽ ഇരുരാജ്യങ്ങൾക്കുമിടയിൽ ഉന്നതതല സന്ദർശനങ്ങൾ സജീവമായതായും ഖത്തറിലെ പ്രവാസി സമൂഹത്തിന് അതിന്റെ ഗുണഫലങ്ങൾ ലഭിക്കുമെന്നും ഇരുരാജ്യവും തമ്മിലെ ബന്ധം കൂടുതൽ മികവോടെ മുന്നോട്ട് പോകുമെന്നും അംബാസഡർ പറഞ്ഞു. ഐ.സി.സി പ്രസിഡന്റ് എ.പി. മണികണ്ഠൻ സ്വാഗതം പറഞ്ഞ ചടങ്ങിൽ അപെക്സ് ബോഡി പ്രസിഡന്റുമാരായ ഷാനവാസ് ബാവ, എ.പി. മണികണ്ഠൻ, ഇ.പി. അബ്ദുറഹ്മാൻ, ത്വാഹാ മുഹമ്മദ് എന്നിവർ ചേർന്ന് അംബാസഡറെ സ്വീകരിച്ചു. ഡി.പി.എസ് സ്കൂൾ, അൽ ഖോർ നാഷണൽ കിൻഡർഗർട്ടൻ, സ്കിൽസ് സെന്റർ എന്നിവിടങ്ങളിലെ വിദ്യാർഥികളുടെ കലാപ്രകടനങ്ങളും അരങ്ങേറി.
ഗാന്ധി പ്രതിമയിൽ അംബാസഡർ വിപുൽ പുഷ്പാർച്ചന നടത്തുന്നു
സ്ത്രീകളും കുട്ടികളും ഉൾപ്പെടെ 300ഓളം ഇന്ത്യക്കാർ ഐ.സി.സിയിലെ ആഘോഷ പരിപാടികളിൽ പങ്കെടുത്തിരുന്നു. ഖത്തർ അമീർ ശൈഖ് തമീം ബിൻ ഹമദ് ആൽഥാനി, ഡെപ്യൂട്ടി അമീർ ശൈഖ് അബ്ദുല്ല ബിൻ ഹമദ് ആൽഥാനി എന്നിവർ രാഷ്ട്രപതി ദ്രൗപദി മുർമുവിന് റിപ്പബ്ലിക് ദിന ആശംസ നേർന്നു. ഖത്തർ പ്രധാനമന്ത്രിയും വിദേശകാര്യ മന്ത്രിയുമായ ശൈഖ് മുഹമ്മദ് ബിൻ അബ്ദുൽറഹ്മാൻ ബിൻ ജാസിം ആൽഥാനി പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് ആശംസകൾ നേർന്നു.
ദോഹ: ഇന്ത്യയുടെ 76ാം റിപ്പബ്ലിക് ദിനം വർണാഭമായ പരിപാടികളോടെ ആഘോഷിച്ച് എം.ഇ.എസ് ഇന്ത്യൻ സ്കൂൾ. സ്കൂൾ കോൺഫറൻസ് ഹാളിൽ നടന്ന പരിപാടിയിൽ ഗവേണിങ് ബോർഡ് ജനറൽ സെക്രട്ടറി ഹസ്മൽ ഇസ്മായിൽ പതാക ഉയർത്തി. ദേശീയ ഗാനാലാപനത്തോടെ തുടങ്ങിയ പരിപാടിയിൽ മുഖ്യാതിഥിയായ അദ്ദേഹം റിപ്പബ്ലിക് ദിന സന്ദേശം നൽകി. അഴിമതിയുൾപ്പെടെ സാമൂഹിക തിന്മകൾ ഇല്ലാതാക്കുന്നതിനായി പ്രതിജ്ഞയെടുക്കാനും മികച്ച ഇന്ത്യയെ കെട്ടിപ്പടുക്കാൻ പരിശ്രമിക്കണമെന്നും അദ്ദേഹം വിദ്യാർഥികളോട് ആഹ്വാനം ചെയ്തു.
എം.ഇ.എസ് ഇന്ത്യൻ സ്കൂളിൽ റിപ്പബ്ലിക് ദിനാഘോഷങ്ങളുടെ ഭാഗമായി ഗവേണിങ് ബോർഡ് ജനറൽ സെക്രട്ടറി ഹസ്മൽ ഇസ്മായിൽ പതാക ഉയർത്തുന്നു. പ്രിൻസിപ്പൽ ഡോ. ഹമീദ ഖാദർ, അധ്യാപകർ, ജീവനക്കാർ എന്നിവർ സമീപം.
അക്കാദമിക മികവിനൊപ്പം ദേശസ്നേഹവും സമഗ്രതയും സമൂഹിക സേവന ബോധവുമുള്ള പൗരന്മാരെ വളർത്തിയെടുക്കാനാണ് എം.ഇ.എസ് ശ്രമിക്കുന്നതെന്ന് പ്രിൻസിപ്പൽ ഡോ. ഹമീദ ഖാദർ പറഞ്ഞു. സ്കൂളിലെ വിദ്യാർഥികൾ ദേശഭക്തി ഗാനങ്ങൾ അവതരിപ്പിച്ചു. അധ്യാപകരായ ഫിയോണ സ്വാഗതവും റിസ്വ നന്ദിയും പറഞ്ഞു. കെ. അൻവർ, സുമിത അബ്ദുൽ നാസർ എന്നിവർ ഏകോപനം നിർവഹിച്ചു.
ദോഹ: ഐഡിയൽ ഇന്ത്യൻ സ്കൂൾ വിപുലമായ പരിപാടികളോടെ ഇന്ത്യയുടെ 76ാമത് റിപ്പബ്ലിക് ദിനം ആഘോഷിച്ചു. സ്കൂളിൽ നടന്ന ചടങ്ങിൽ പ്രസിഡന്റ് ഡോ. ഹസൻ കുഞ്ഞി ദേശീയ പതാക ഉയർത്തി. സ്കൂൾ പ്രിൻസിപ്പൽ ശൈഖ് ഷമീം സാഹിബ്, ഹെഡ് ഓഫ് സെക്ഷൻസ്, സ്റ്റാഫ്, സ്കൗട്ട് ആൻഡ് ഗൈഡ്സ്, സ്കൂൾ മാർച്ചിങ് ബാൻഡ്, രക്ഷിതാക്കൾ, മറ്റു വിദ്യാർഥികൾ എന്നിവർ പങ്കെടുത്തു. തുടർന്നു നടന്ന ചടങ്ങിൽ ഡോ. ഹസൻ കുഞ്ഞി റിപ്പബ്ലിക് ദിന സന്ദേശം നൽകി. രാഷ്ട്ര വളർച്ചയിൽ ഓരോ വിദ്യാർഥിയും നൽകേണ്ട സംഭാവനകളും ഭാവി പൗരന്മാർ എന്ന നിലയിലെ ഉത്തരവാദിത്തവും അദ്ദേഹം ഓർമപ്പെടുത്തി.
ഐഡിയൽ ഇന്ത്യൻ സ്കൂളിൽ പ്രസിഡന്റ് ഡോ. ഹസൻ കുഞ്ഞി ദേശീയ പതാക ഉയർത്തുന്നു
രാഷ്ട്രം കൈവരിച്ച പുരോഗതിയിൽ അഭിമാനിക്കാനും ഭരണഘടനാ തത്ത്വങ്ങൾ ഉയർത്തിപ്പിടിച്ചുകൊണ്ട് അഭിവൃദ്ധിയിലേക്കുയരുന്ന ഇന്ത്യയെ കെട്ടിപ്പടുക്കാനും അദ്ദേഹം ആഹ്വാനം ചെയ്തു. രാഷ്ട്രത്തിനായി ജീവത്യാഗം ചെയ്ത ദേശാഭിമാനികളുടെയും നേതാക്കളുടെയും അനുഭവങ്ങൾ പങ്കുവെച്ചുകൊണ്ട് ശൈഖ് ഷമീം സാഹിബ് സംസാരിച്ചു. വിദ്യാർഥികളായ സാറ താരിഖ് പർകാർ, അബ്ദുൽറഹ്മാൻ എന്നിവർ ഹിന്ദിയിലും ഇംഗ്ലീഷിലുമായി സംസാരിച്ചു. സ്കൂൾ ബാൻഡ് സംഘത്തിന്റെ പ്രകടനം ആകർഷകമായി. ഇഹ്സാൻ ഷമീർ സ്വാഗതവും, നക്ഷത്ര നന്ദിയും പറഞ്ഞു. ആര്യലക്ഷി അവതാരകയായി.
ദോഹ: ഇന്ത്യയുടെ റിപ്പബ്ലിക് ദിനാഘോഷം നോബിൾ ഇന്റർനാഷണൽ സ്കൂളിൽ വിപുലമായ പരിപാടികളോടെ ആഘോഷിച്ചു. സ്കൂൾ ചെയർമാൻ ഹുസൈൻ മുഹമ്മദ് യു, ട്രഷറർ ഷൗക്കത്തലി താജ് എന്നിവർ ചേർന്ന് ദേശീയപതാക ഉയർത്തി. വൈസ് പ്രിൻസിപ്പൽ റോബിൻ കെ ജോസ് സ്വാഗതം പറഞ്ഞു. ചെയർമാൻ ഹുസൈൻ മുഹമ്മദ് യു, ട്രഷറർ ഷൗക്കത്തലി താജ്, പ്രിൻസിപ്പൽ ഡോ. ഷിബു അബ്ദുൾ റഷീദ് എന്നിവർ റിപ്പബ്ലിക് ദിന സന്ദേശം കൈമാറി.
നോബിൾ ഇന്റർനാഷണൽ സ്കൂളിൽ നടന്ന റിപ്പബ്ലിക് ദിനാഘോഷ ചടങ്ങിൽനിന്ന്
സ്കൂളിലെ വിദ്യാർഥികളും അധ്യാപകരും അവതരിപ്പിച്ച വൈവിധ്യമാർന്നതും ഭാരത ദേശീയോദ്ഗ്രഥനത്തെ ഉയർത്തിക്കാട്ടുന്നതുമായ സംഗീത നൃത്ത പരിപാടികൾ റിപ്പബ്ലിക് ദിനാഘോഷത്തിന്റെ പകിട്ട് വർധിപ്പിച്ചു. മാനേജ്മെന്റ് ഡയറക്ടർ ബോർഡ് അംഗം കെ.എം നാസർ, വൈസ് പ്രിൻസിപ്പൽസ് ജയ്മോൻ ജോയ്, ഷിഹാബുദ്ദീൻ എം, റോബിൻ കെ ജോസ്, ഹെഡ് ഓഫ് സെക്ഷൻസ് നിസാർ കെ , മുഹമ്മദ് ഹസൻ, പദ്മ അരവിന്ദ്, ധന്യ ലിന്റോ , ഷഗുൻ കപിൽ, ആഷു ശർമ,അസ്മ റോഷൻ എന്നിവർ പങ്കെടുത്തു.
ദോഹ: പൊഡാർ പേൾ സ്കൂളിൽ 76ാമത് റിപ്പബ്ലിക് ദിനം ആഘോഷിച്ചു. വൈസ് പ്രസിഡന്റ് ഡോ. സ്റ്റെഫി റേച്ചൽ സാം ദേശീയ പതാക ഉയർത്തി. തുടർന്ന് നടന്ന ചടങ്ങിൽ രാഷ്ട്രപതിയുടെ റിപ്പബ്ലിക് ദിന സന്ദേശം അവർ വായിച്ചു.
പൊഡാർ പേൾ സ്കൂളിൽ റിപ്പബ്ലിക് ദിനത്തിൽ ദേശീയപതാക ഉയർത്തുന്നു
സ്കൂൾ ബോർഡ് ഡയറക്ടർമാർ, പ്രിൻസിപ്പൽ ഡോ. മനീഷ് മംഗൽ, അധ്യാപകർ, ജീവനക്കാർ ഉൾപ്പെടെയുള്ളവർ ചടങ്ങിൽ പങ്കെടുത്തു. രാഷ്ട്ര പുരോഗതിയും ജനാധിപത്യമൂല്യങ്ങളും രാജ്യത്തെ ജനങ്ങളെ ഒന്നിച്ചുനിർത്തുന്ന ദേശീയ ഐക്യത്തിന്റെ ഓർമപ്പെടുത്തലുമായി റിപ്പബ്ലിക് ദിനാഘോഷം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.