ഇന്ത്യൻ എംബസിയുടെ നേതൃത്വത്തിൽ ഐ.സി.സിയിൽ നടന്ന റിപ്പബ്ലിക് ദിനാഘോഷ പരിപാടിയിൽ ഇന്ത്യൻ അംബാസഡർ വിപുൽ പതാക ഉയർത്തുന്നു
ദോഹ: ഇന്ത്യയുടെ 77ാമത് റിപ്പബ്ലിക് ദിനാഘോഷം ഖത്തറിലെ ഇന്ത്യൻ പ്രവാസികൾ സമുചിതമായി ആഘോഷിച്ചു. ഇന്ത്യൻ എംബസിയുടെയും ഖത്തറിലെ വിവിധ ഇന്ത്യൻ സ്കൂളുകളുടെയും പ്രവാസി കൂട്ടായ്മകളുടെയും നേതൃത്വത്തിൽ വിവിധ ആഘോഷ പരിപാടികൾ നടന്നു. റിപ്പബ്ലിക് ദിന ആശംസകൾ അറിയിച്ച് അമീർ ശൈഖ് തമീം ബിൻ ഹമദ് ആൽഥാനി ഇന്ത്യൻ പ്രസിഡന്റ് ദ്രൗപതി മുർമുവിന് സന്ദേശം അയച്ചു. ഡെപ്യൂട്ടി അമീർ ശൈഖ് അബ്ദുല്ല ബിൻ ഹമദ് ആൽഥാനി, പ്രധാനമന്ത്രിയും വിദേശകാര്യ മന്ത്രിയുമായ ശൈഖ് മുഹമ്മദ് ബിൻ അബ്ദുൽറഹ്മാൻ ബിൻ ജാസിം ആൽഥാനി എന്നിവരും കഴിഞ്ഞദിവസം ആശംസ സന്ദേശമയച്ചു.
രാജ്യത്തിന്റെ ഐക്യം, ദേശീയ അഭിമാനം, സാംസ്കാരിക പൈതൃകം എന്നിവ പ്രോത്സാഹിപ്പിച്ച് ഇന്ത്യൻ എംബസിയുടെയും ഐ.സി.സിയുടെയും നേതൃത്വത്തിൽ അൽ മമൂറയിലെ ഇന്ത്യൻ കൾചറൽ സെന്ററിൽ (ഐ.സി.സി) വിപുലമായ റിപ്പബ്ലിക് ദിന ആഘോഷ പരിപാടികൾ സംഘടിപ്പിച്ചു. ഐ.സി.സി അങ്കണത്തിൽ ഇന്ത്യൻ അംബാസഡർ വിപുൽ പതാക ഉയർത്തിയതോടെ പരിപാടികൾ ആരംഭിച്ചു. തുടർന്ന് ദേശീയഗാനം ആലപിച്ചു. ഇന്ത്യൻ കൾചറൽ സെന്റർ ദേശീയ പതാകയാലും ദേശീയതയെ ഉണർത്തുന്ന നിറങ്ങളാലും മനോഹരമായി അലങ്കരിച്ചിരുന്നു. ഖത്തറിലെ ഇന്ത്യൻ പ്രവാസികളെ ഒരുമിച്ച് കൊണ്ടുവരുന്ന റിപ്പബ്ലിക് ദിനാഘോഷ പരിപാടിയിൽ രാജ്യത്തിന്റെ വൈവിധ്യത്തെയും ഒരുമയെയും ജനാധിപത്യ മൂല്യങ്ങളെയും ആഘോഷിക്കുന്ന പരിപാടികൾ അരങ്ങേറി.
ഐ.സി.സിയിൽ നടന്ന റിപ്പബ്ലിക് ദിനാഘോഷ പരിപാടിയിൽ സംഘടിപ്പിച്ച കലാപരിപാടികൾ
തുടർന്ന്, ഐ.സി.സി അശോക ഹാളിൽ നടന്ന ചടങ്ങിൽ അംബാസഡർ രാഷ്ട്രപതിയുടെ റിപ്പബ്ലിക് ദിന സന്ദേശം വായിച്ചു. ഖത്തറിലെ ഇന്ത്യൻ സമൂഹത്തിന് റിപ്പബ്ലിക് ദിനാശംസകൾ നേർന്ന അംബാസഡർ ഖത്തർ ജനതക്കും ഭരണാധികാരികൾക്കും ഇന്ത്യൻ സമൂഹത്തിന് നൽകി വരുന്ന പിന്തുണക്കും സൗഹൃദത്തിനും കൃതജ്ഞത രേഖപ്പെടുത്തി. അശോകഹാളിലെ രാഷ്ട്രപിതാവ് മഹാത്മാഗാന്ധിയുടെ പ്രതിമക്കു മുന്നിൽ അംബാസഡർ പുഷ്പാർച്ചന നടത്തി.
റിപ്പബ്ലിക് ദിനാഘോഷ പരിപാടിയിൽ ദേശഭക്തിഗാനം
ആലപിച്ച കുട്ടികൾ
ഇന്ത്യൻ എംബസി ഡെപ്യൂട്ടി ചീഫ് ഓഫ് മിഷൻ സന്ദീപ് കുമാർ, കൗൺസിലർമാരായ ഡോ. വൈഭവ് എ. തണ്ടാലെ, ജ്ഞാൻവീർ സിങ്, ഫസ്റ്റ് സെക്രട്ടറിമാരായ ഇഷ് സിംഗാൾ, ഹരീഷ് പാണ്ഡേ, എംബസി അപെക്സ് ബോഡി പ്രസിഡന്റുമാരായ എ.പി. മണികണ്ഠൻ (ഐ.സി.സി പ്രസിഡന്റ്), ഷാനവാസ് ബാവ (ഐ.സി.ബി.എഫ് പ്രസിഡന്റ്), ഇ.പി. അബ്ദുറഹിമാൻ (ഐ.എസ്.സി പ്രസിഡന്റ്), താഹ മുഹമ്മദ് (ഐ.ബി.പി.സി പ്രസിഡന്റ്) എന്നിവർ സാന്നിഹിതരായിരുന്നു. അപെക്സ് ബോഡി ഭാരവാഹികൾ ചേർന്ന് അംബാസഡർ വിപുലിനെ ആദരിച്ചു. ഐ.സി.സി ജനറൽ സെക്രട്ടറി അബ്രഹാം ജോസഫ് നന്ദി പറഞ്ഞു. വിവിധ കമ്യൂണിറ്റി സംഘടന ഭാരവാഹികൾ, ഇന്ത്യൻ സ്കൂൾ മേധാവികൾ, വാണിജ്യ -വ്യവസായ പ്രമുഖർ, മാധ്യമപ്രവർത്തകർ തുടങ്ങിയവർ പങ്കെടുത്തു. ഐക്യത്തിന്റെയും ദേശസ്നേഹത്തിന്റെയും സന്ദേശമുയർത്തി ഇന്ത്യൻ സ്കൂളുകളിലെ വിദ്യാർഥികളുടെ ദേശഭക്തിഗാനവും കലാപരിപാടികളും നടന്നു.
ദോഹ: രാജ്യത്തിന്റെ ഐക്യവും ഒരുമയും ദേശീയബോധവും ഉയർത്തി ഇന്ത്യയുടെ 77ാമത് റിപ്പബ്ലിക് ദിന പരിപാടികൾ എം.ഇ.എസ് ഇന്ത്യൻ സ്കൂളിൽ വിപുലമായി സംഘടിപ്പിച്ചു. എം.ഇ.എസ് ഗവേണിങ് ബോർഡ് പ്രസിഡന്റ് കാഷിഫ് ജലീൽ മുഖ്യാതിഥിയായി പങ്കെടുത്തു, ദേശീയ പതാക ഉയർത്തി. സ്കൂൾ കൊയർ ഗ്രൂപ് ദേശഭക്തിഗാനം ആലപിച്ചു. അച്ചടക്കം, പൗരബോധം, ധാർമിക മൂല്യങ്ങൾ എന്നിവയുടെ പ്രാധാന്യത്തെക്കുറിച്ച് പ്രിൻസിപ്പൽ ഡോ. ഹമീദ ഖാദർ സംസാരിച്ചു. ഭരണഘടനയുടെ പ്രാധാന്യം ഊന്നിപ്പറഞ്ഞ അവർ, ജനാധിപത്യവും ഐക്യവും കാത്തുസൂക്ഷിക്കണമെന്ന് വിദ്യാർഥികളോട് ആഹ്വാനം ചെയ്തു. രാഷ്ട്രനിർമാണത്തിൽ യുവാക്കളുടെ പങ്കിനെക്കുറിച്ചും സാമൂഹിക ഉത്തരവാദിത്തത്തെക്കുറിച്ചും വിദ്യാർഥി പ്രതിനിധി മുകേഷ് ആദിത്യൻ സംസാരിച്ചു.
എം.ഇ.എസ് ഇന്ത്യൻ സ്കൂളിൽ ദേശീയ പതാക ഉയർത്തിയപ്പോൾ
ജൂനിയർ, ഗേൾസ്, ബോയ്സ് സെക്ഷനുകളിലെയും ഈവനിങ് സെഷനിലെയും വിദ്യാർഥികൾ അവതരിപ്പിച്ച ആകർഷകമായ നൃത്തങ്ങൾ ചടങ്ങിന് മാറ്റുകൂട്ടി. വിശിഷ്ടാതിഥികൾ, സ്കൂൾ ഉദ്യോഗസ്ഥർ, ഫാക്കൽറ്റി അംഗങ്ങൾ, രക്ഷിതാക്കൾ, വിദ്യാർഥികൾ എന്നിവർ പരിപാടിയിൽ പങ്കെടുത്തു. അധ്യാപക ഫാക്കൽറ്റി അംഗങ്ങളായ ഫിയോണ ഡിക്രൂസ്, ഡേവിഡ്സൺ, കൾചറൽ കോഓഡിനേറ്റർമാരായ അൻവർ, സുമിത നാസർ എന്നിവർ നേതൃത്വം നൽകി.
ദോഹ: ‘ജനാധിപത്യ ഇന്ത്യ: ഭരണഘടനാ മൂല്യങ്ങളും മാറുന്ന സാമൂഹിക യാഥാർഥ്യങ്ങളും’ എന്ന പ്രമേയത്തിൽ ഖത്തർ ഇന്ത്യൻ ഇസ്ലാഹി സെന്റർ ചർച്ച സംഘടിപ്പിച്ചു. റിപ്പബ്ലിക് ദിനാഘോഷങ്ങളുടെ ഭാഗമായി മദീന ഖലീഫ നോർത്തിലുള്ള ഇസ്ലാഹി സെന്റർ ഓഡിറ്റോറിയത്തിൽ നടന്ന പരിപാടി ഐ.സി.സി പ്രസിഡന്റ് എ.പി. മണികണ്ഠൻ ഉദ്ഘാടനം ചെയ്തു.
ഭാരതീയൻ എന്ന അഭിമാനത്തോടെ ജനാധിപത്യ ഇന്ത്യയിൽ ജീവിക്കാനും ഭരണഘടന വിഭാവനം ചെയ്യുന്ന അവകാശങ്ങൾ നേടിയെടുക്കാനും ഓരോ പൗരനും സാധിക്കണമെന്നും ഭരണഘടന വെല്ലുവിളി നേരിടുന്ന കാലഘട്ടത്തിൽ അതിനെ സംരക്ഷിക്കുക എന്നത് ഓരോ പൗരന്റെയും കടമയാണെന്നും അദ്ദേഹം പറഞ്ഞു.
റിപ്പബ്ലിക് ദിനാഘോഷങ്ങളുടെ ഭാഗമായി ഖത്തർ ഇന്ത്യൻ ഇസ്ലാഹി സെന്റർ സംഘടിപ്പിച്ച ചർച്ച പരിപാടി ഐ.സി.സി പ്രസിഡന്റ് എ.പി. മണികണ്ഠൻ ഉദ്ഘാടനം ചെയ്യുന്നു
ഖത്തർ ഇന്ത്യൻ ഇസ്ലാഹി സെന്റർ പ്രസിഡന്റ് സിറാജ് ഇരിട്ടി അധ്യക്ഷത വഹിച്ചു. നസീർ പാനൂർ, ഹമദ് ബിൻ സിദ്ദീഖ്, മഷ്ഹൂദ് തിരുത്തിയാട്, ഡോ. റസീൽ മൊയ്തീൻ, നൗഷാദ് പയ്യോളി, ദിൽബ മിദ്ലാജ്, ഒ.കെ. മുനീർ, ജസീലാ നാസർ, ഫായിസ് എളയോടൻ, ഐനു നുഹ, മുനീർ മാട്ടൂൽ, ഷാഹുൽ ഹമീദ്, ഷാഹിദ് കായണ്ണ, സുനിൽ പി. റഷീദ് എന്നിവർ സംസാരിച്ചു. ഇന്ത്യയുടെ വൈവിധ്യവും ജനാധിപത്യ മൂല്യങ്ങളും സംരക്ഷിക്കുമെന്ന് ചടങ്ങിൽ പങ്കെടുത്തവർ പ്രതിജ്ഞ പുതുക്കി.
ദോഹ: നോബിൾ ഇന്റർനാഷനൽ സ്കൂളിൽ 77ാമത് റിപ്പബ്ലിക് ദിനം വിപുലമായ പരിപാടികളോടെ ആഘോഷിച്ചു. സ്കൂൾ ട്രാൻസ്പോർട്ടഷൻ ഡയറക്ടർ ആർ.എസ്. മൊയ്ദീൻ, മാനേജ്മെന്റ് ഡയറക്ടർ ബോർഡ് മെംബർ കെ. നാസർ, പ്രിൻസിപ്പൽ ഡോ. ഷിബു അബ്ദുൽ റഷീദ് എന്നിവർ ചേർന്ന് ദേശീയ പതാക ഉയർത്തി.
റിപ്പബ്ലിക് ദിനത്തോടനുബന്ധിച്ച് നോബിൾ ഇന്റർനാഷനൽ സ്കൂളിൽ സംഘടിപ്പിച്ച
കലാപരിപാടിയിൽനിന്ന്
സ്കൂൾ ഓഡിറ്റോറിയത്തിൽ നടന്ന ഔദ്യോഗിക ചടങ്ങിൽ വൈസ് പ്രിൻസിപ്പൽ ജയ്മോൻ ജോയ് സ്വാഗതം പറഞ്ഞു. പ്രിൻസിപ്പൽ ഡോ. ഷിബു അബ്ദുൽ റഷീദ് മുഖ്യപ്രഭാഷണം നടത്തി. രാജ്യത്തിന്റെ ഐക്യവും അഖണ്ഡതയും സംരക്ഷിക്കുന്നതിൽ ഓരോ പൗരന്റെയും പങ്ക് അത്യന്തം നിർണായകമാണെന്ന് അദ്ദേഹം പറഞ്ഞു.
ദേശസ്നേഹം എന്നത് വാക്കുകളിൽ മാത്രമല്ല, ഉത്തരവാദിത്തമുള്ള പ്രവൃത്തികളിലൂടെയും പ്രകടമാകണമെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. റിപ്പബ്ലിക് ദിനാഘോഷം വിദ്യാർഥികളിൽ ദേശീയബോധവും പൗരബോധവും വളർത്തുന്നതിനൊപ്പം ഇന്ത്യൻ ഭരണഘടനയുടെ മൂല്യങ്ങൾ ജീവിതത്തിൽ പ്രാവർത്തികമാക്കേണ്ടതിന്റെ സന്ദേശവും നൽകി. തുടർന്ന് വിദ്യാർഥികളും അധ്യാപകരും ദേശഭക്തിഗാനങ്ങൾ, നൃത്തനൃത്യങ്ങൾ തുടങ്ങിയ സാംസ്കാരിക പരിപാടികൾ അവതരിപ്പിച്ചു. വൈസ് പ്രിൻസിപ്പൽസ് സ്മിത നെടിയപറമ്പത്ത്, റോബിൻ കെ. ജോസ്, എം. ഷിഹാബുദ്ദീൻ തുടങ്ങിയവർ സംബന്ധിച്ചു.
ദോഹ: ഭാരതത്തിന്റെ 77ാമത് റിപ്പബ്ലിക് ദിനം ഐഡിയൽ ഇന്ത്യൻ സ്കൂളിൽ ആഘോഷിച്ചു. ഇന്ത്യയെ ഒരു പരമാധികാര ജനാധിപത്യ റിപ്പബ്ലിക്കായി പ്രഖ്യാപിച്ചുകൊണ്ട് ഭരണഘടന നിലവിൽ വന്നതിന്റെ ഓർമക്കായാണ് എല്ലാ വർഷവും ജനുവരി 26ന് റിപ്പബ്ലിക് ദിനം ആഘോഷിക്കുന്നത്. ചടങ്ങിൽ സ്കൂൾ പ്രസിഡന്റ് ഡോ. ഹസ്സൻ കുഞ്ഞി എം.പി ദേശീയ പതാക ഉയർത്തി. സ്കൂൾ ക്വയർ ഗ്രൂപ് ദേശീയഗാനം ആലപിച്ചു.
എച്ച്.ആർ ആൻഡ് ഫിനാൻസ് കമ്മിറ്റി ചെയർമാൻ സഹീറുദ്ദീൻ ഇബ്രാഹിം, കമ്മിറ്റി അംഗം ബിനു കുമാർ, ആക്ടിങ് പ്രിൻസിപ്പൽ മുഹമ്മദ് അസം ഖാൻ, വിവിധ സെഷൻസ് വിഭാഗം തലവന്മാർ, അധ്യാപകർ, സ്കൗട്ട്സ് ആൻഡ് ഗൈഡ്സ്, രക്ഷിതാക്കൾ, വിദ്യാർഥികൾ എന്നിവർ ചടങ്ങിൽ സന്നിഹിതരായിരുന്നു. ഭരണഘടനാ ശിൽപികൾ പാകിയ ശക്തമായ അടിത്തറയുടെ ഓർമപ്പെടുത്തലാണ് റിപ്പബ്ലിക് ദിനമെന്ന് ഡോ. ഹസൻ കുഞ്ഞി എം.പി പറഞ്ഞു. നീതി, സ്വാതന്ത്ര്യം, സമത്വം, സാഹോദര്യം എന്നീ ആശയങ്ങൾ ഭാരതത്തെ എന്നും ഐക്യത്തോടെ നയിക്കുമെന്നും അദ്ദേഹം ഓർമിപ്പിച്ചു. രാജ്യത്തിന്റെ പൈതൃകത്തിൽ അഭിമാനം കൊള്ളുന്നതോടൊപ്പം പുരോഗതിയും നവീകരണവും ഉൾക്കൊള്ളാൻ വിദ്യാർഥികളോട് ആക്ടിങ് പ്രിൻസിപ്പൽ മുഹമ്മദ് അസം ഖാൻ ആഹ്വാനം ചെയ്തു.
ആഘോഷ പരിപാടിയിലെ അതിഥികൾക്ക് സ്കൂൾ സ്കൗട്ട്സ് ആൻഡ് ഗൈഡ്സ് ഗാർഡ് ഓഫ് ഓണർ നൽകി. ഒമ്പതാം ക്ലാസിലെ മുഹമ്മദ് മിസ്ബാഹുദ്ദീന്റെ പ്രാർഥനയോടെയാണ് പതാക ഉയർത്തൽ ചടങ്ങ് ആരംഭിച്ചത്. തുടർന്ന് വിദ്യാർഥികളായ ഡാനിഷ് ഇഷാഖ് റസൂൽഭായ് ഹിന്ദിയിലും, ഹിഷാന മനോജ് ഇംഗ്ലീഷിലും സംസാരിച്ചു. തുടർന്ന് വിവിധ വിഭാഗങ്ങളിലെ വിദ്യാർഥികൾ ദേശഭക്തിഗാനം ആലപിച്ചു.
2025 ലെ സി.ബി.എസ്.ഇ പന്ത്രണ്ടാം ക്ലാസ് പരീക്ഷയിലെ മികച്ച പ്രകടനത്തിന് ഗൾഫ് സഹോദയ പ്രിൻസിപ്പൽസ് കോൺഫറൻസിൽ സ്കൂളിന് ലഭിച്ച പുരസ്കാരം, ചടങ്ങിൽ വെച്ച് രക്ഷിതാക്കൾക്ക് കൈമാറി.
ഐഡിയൽ ഇന്ത്യൻ സ്കൂളിൽ റിപ്പബ്ലിക് ദിനത്തോടനുബന്ധിച്ച് ദേശീയ പതാക ഉയർത്തുന്നു
വിവിധ സന്ദർഭങ്ങളിൽ മികച്ച സേവനം കാഴ്ചവെച്ച സ്കൗട്ട് ആൻഡ് ഗൈഡ്സ് അംഗങ്ങളെ സർട്ടിഫിക്കറ്റും മെഡലും നൽകി ആദരിച്ചു. അസിസ്റ്റന്റ് ഹെഡ് ഗേൾ സജ ആമിന സ്വാഗതവും അസി. ഹെഡ് ബോയ് ലിയോണൽ മാത്യു നന്ദിയും പറഞ്ഞു. ജൂനിയർ സെക്ഷൻ അധ്യാപിക തനു മദ്വി അവതാരകയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.