ഇന്ത്യൻ എംബസി റിപ്പബ്ലിക് ദിനാഘോഷ വേദിയായ ഐ.സി.സി
ദോഹ: ലോകമെങ്ങുമുള്ള ഇന്ത്യക്കാർക്കൊപ്പം രാജ്യത്തിന്റെ റിപ്പബ്ലിക് ദിനാഘോഷത്തിനൊരുങ്ങി ഖത്തറിലെ ഇന്ത്യൻ പ്രവാസി സമൂഹവും. ദേശീയപതാക ഉയർത്തലും രാഷ്ട്രപതിയുടെ സന്ദേശവും ദേശഭക്തി പ്രതിഫലിപ്പിക്കുന്ന കലാവിരുന്നുകളുമായി ഇത്തവണവും നിറപ്പകിട്ടോടെ തന്നെയാണ് റിപ്പബ്ലിക് ദിനാഘോഷവുമെത്തുന്നത്. ഖത്തറിലെ ഇന്ത്യൻ എംബസി നേതൃത്വത്തിൽ നടക്കുന്ന റിപ്പബ്ലിക് ദിന പരിപാടികൾക്ക് ഇന്ത്യൻ കൾച്ചറൽ സെന്ററാണ് വേദിയാകുന്നത്.
രാവിലെ 6.30ഓടെ പരിപാടികൾക്ക് തുടക്കമാകും. അംബാസഡർ വിപുൽ ദേശീയ പതാക ഉയർത്തുന്നതോടെയാണ് ആഘോഷങ്ങളുടെ തുടക്കം കുറിക്കുന്നത്. ഇന്ത്യൻ എംബസി അപെക്സ് ബോഡികളായ ഐ.സി.സി, ഐ.സി.ബി.എഫ്, ഐ.എസ്.സി, ഐ.ബി.പി.സി തുടങ്ങിയ സംഘടനാ ഭാരവാഹികൾ, കമ്യൂണിറ്റി നേതാക്കൾ, എംബസി ഉദ്യോഗസ്ഥർ, പ്രവാസികൾ ഉൾപ്പെടെ നിരവധി പേർ പങ്കാളികളാകും.
ദേശീയപതാക ഉയർത്തിയശേഷം, അംബാസഡർ റിപ്പബ്ലിക് ദിന സന്ദേശം നൽകും. ഇന്ത്യൻ എംബസിയുടെ ഫേസ്ബുക്ക്, യുടൂബ് പേജുകളിൽ തത്സമയ പ്രദർശനവുമുണ്ടാകും. റിപ്പബ്ലിക് ദിനത്തോടനുബന്ധിച്ച് ഞായറാഴ്ച എംബസിക്ക് അവധിയായിരിക്കുമെന്ന് അധികൃതർ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.