ഖത്തർ എയർവേസിന് റെക്കോഡ് ലാഭം

ദോഹ: ലോകകപ്പ് ഫുട്ബാൾ ടൂർണമെന്റിന് സാക്ഷ്യം വഹിച്ച സാമ്പത്തികവർഷ കാലയളവിൽ റെക്കോഡ് ലാഭത്തിന്റെ പ്രകടനവുമായി ഖത്തർ എയർവേസ്. 2022-23 സാമ്പത്തികവർഷത്തെ റിപ്പോർട്ട് പുറത്തുവിട്ടപ്പോൾ വരുമാനത്തിലും ലാഭവിഹിതത്തിലും ഖത്തർ എയർവേസ് റെക്കോഡ് നേട്ടത്തിന്റെ തിളക്കം രേഖപ്പെടുത്തി.

ലോകകപ്പ് ഫുട്ബാളിന്റെ ഔദ്യോഗിക എയർലൈൻ പങ്കാളിയും സ്​പോൺസറും എന്ന നിലയിൽ സജീവമായ വർഷത്തിൽ അന്താരാഷ്ട്രതലത്തിൽ മികച്ച നേട്ടം കൊയ്യാനും ഖത്തറിന്റെ ദേശീയ എയർലൈൻ കമ്പനിക്ക് കഴിഞ്ഞുവെന്ന് വ്യക്തമാക്കുന്നു.

2022-23 സാമ്പത്തികവർഷത്തിൽ 440 കോടി റിയാലാണ് ലാഭം രേഖപ്പെടുത്തിയത്. മൊത്ത വരുമാനം കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് 45 ശതമാനം വർധിച്ച് 7630 കോടി റിയാലായി ഉയർന്നു. മുൻവർഷങ്ങളെ അപേക്ഷിച്ച് വിവിധ​ മേഖലകളിൽനിന്നുള്ള വരുമാന വർധനയാണ് പ്രകടിപ്പിക്കുന്നത്.

യാത്രക്കാരിൽനിന്നുള്ള വരുമാനം 100 ശതമാനം വർധിച്ചപ്പോൾ, സർവിസുകളുടെയും സീറ്റുകളുടെയും എണ്ണം 31 ശതമാനം വർധിച്ചു. ഖത്തർ എയർവേസിന്റെ ചരിത്രത്തിൽ ആദ്യമായി കഴിഞ്ഞ വർഷം 80 ശതമാനം സീറ്റുകളും ഫുള്ളായിരുന്നു.

വിപണിപങ്കാളിത്തത്തിലും കാര്യമായ വർധനയുണ്ടായതായി റിപ്പോർട്ടിൽ ചൂണ്ടിക്കാണിക്കുന്നു. സാമ്പത്തികവർഷത്തിലെ കാലയളവിൽ 3.17 കോടി യാത്രക്കാരെയാണ് വിവിധ ​സെക്ടറുകളിലേക്കുള്ള യാത്രയിൽ വഹിച്ചത്. കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് 71 ശതമാനത്തിലേറെയാണ് ഈ വർധന.

ഉപഭോക്താക്കൾക്ക് മികച്ച യാത്രാനുഭവം, ലോയൽറ്റി പ്രോഗ്രാമുകൾ, ഡിജിറ്റലൈസേഷൻ, സുസ്ഥിരത, പ്രിവിലേജ് ക്ലബ് എന്നിവയിൽ ഊന്നൽ നൽകിയുള്ള സേവനങ്ങൾ ഖത്തർ എയർവേസിനെ വ്യോമയാന മേഖലയിലെ ഏറ്റവും കരുത്തുറ്റ സാന്നിധ്യമാക്കി മാറ്റുന്നതിൽ നിർണായകമായി.

യാത്രാ വിമാനങ്ങൾക്കുപരി, അന്താരാഷ്ട്ര ചരക്കുനീക്കത്തിൽ നിർണായകമായിക്കൊണ്ട് ഖത്തർ എയർവേസ് കാർഗോ വിഭാഗവും ശ്രദ്ധേയമായി. നവംബർ, ഡിസംബർ മാസങ്ങളിൽ നടന്ന ​ലോകകപ്പ് ​​ഫുട്ബാൾ വേളയിൽ ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നും കാണികൾക്ക് ഖത്തറിൽ എത്തിച്ചേരാനുള്ള പ്രധാന എയർകാരിയർകൂടിയായിരുന്നു ദേശീയ എയർലൈൻ കമ്പനിയായ ഖത്തർ എയർവേസ്.

14 ലക്ഷം കാണികളാണ് ലോകകപ്പിനായി ഖത്തറിലെത്തിയത്. വിവിധ രാജ്യങ്ങളുമായി ബന്ധിപ്പിച്ച് അധിക സർവിസും ഗൾഫ് വിമാന കമ്പനികളുമായി സഹകരിച്ച് ഷട്ടിൽ സർവിസുകളും ലോകകപ്പ് വേളയിൽ നടപ്പാക്കിയിരുന്നു. ലോകകപ്പ് വേളയിൽ 14,000 സർവിസുകളാണ് നടത്തിയത്. ആറു വൻകരകളിൽനിന്നായി 24 ലക്ഷത്തോളം യാത്രക്കാരെ വഹിക്കുകയും ചെയ്തു.

ലോകകപ്പ് പങ്കാളിത്തത്തിലൂടെ അന്താരാഷ്ട്ര പ്രസിദ്ധിയാർജിച്ച ബ്രാൻഡായി മാറാനും സമൂഹമാധ്യമങ്ങളിലെ പിന്തുണ വർധിപ്പിക്കാനും കഴിഞ്ഞു. നിലവിൽ ​വിവിധ രാജ്യങ്ങളിലേക്കായി 160ലധികം നഗരങ്ങളിലേക്കാണ് എയർവേസ് നേരിട്ട് സർവിസ് നടത്തുന്നത്. ഇന്ത്യയിലെ അമൃത്സർ, നാഗ്പുർ, സൗദിയിലെ ഖാസിം ഉൾപ്പെടെ 13 പുതിയ കേന്ദ്രങ്ങളിലേക്ക് അടുത്തിടെ ഓപറേഷൻ ആരംഭിച്ചു.

ഹമദ് വിമാനത്താവളത്തിൽ കഴിഞ്ഞ ജനുവരിയിൽ ആരംഭിച്ച ‘ബി’ ഫേസ് നവീകരണ പ്രവർത്തനങ്ങൾ പൂർത്തിയാകുന്നതോടെ വിമാനത്താവളശേഷി വർധിക്കുകയും ഖത്തർ എയർവേസിന്റെ യാത്രാസൗകര്യങ്ങൾ കൂടുതൽ വിപുലമാവുകയും ചെയ്യും.

ഏറ്റവും ഒടുവിൽ ​സ്കൈട്രാക്സിന്റെ ഏറ്റവും മികച്ച വിമാന സർവിസിനുള്ള നിരവധി ബഹുമതികളും ഖത്തർ എയർവേസിനെ തേടിയെത്തി. മികച്ച വിമാനത്താവളം, മികച്ച എയർപോർട്ട് ഷോപ്പിങ് തുടങ്ങിയ വിവിധ വിഭാഗങ്ങളിൽ ഖത്തർ എയർവേസും ഹമദ് വിമാനത്താവളവും അവാർഡുകൾ നേടിയിരുന്നു. ഇതിനു പുറമെ, അന്താരാഷ്ട്ര കായിക ചാമ്പ്യൻഷിപ്പുകളിലും ടൂർണമെന്റുകളിലും സ്​പോൺസർഷിപ്പുമായും ഖത്തർ എയർവേസ് സജീവമായി.

ഫോർമുല വൺ ചാമ്പ്യൻഷിപ്പിന്റെ ഗ്ലോബൽ എയർലൈൻ പാർട്ണർ, യുനൈറ്റഡ് റഗ്ബി ചാമ്പ്യൻഷിപ്, ​യൂറോപ്യൻ പ്രഫഷനൽ ക്ലബ് റഗ്ബി, ഐ.പി.എൽ ടീമായ ബംഗളൂരു റോയൽ ചലഞ്ചേഴ്സ്, ഫ്രഞ്ച് സൂപ്പർ ക്ലബായ പി.എസ്.ജി, ജർമൻ ക്ലബ് ബയേൺ മ്യൂണിക്, അൽ സദ്ദ്, ഖത്തർ ദേശീയ ഫുട്ബാൾ ടീം, സിഡ്നി സ്വാൻസ് തുടങ്ങിയ ക്ലബുകളുടെ സ്​പോൺസർഷിപ്പുകളിൽ ഖത്തർ എയർവേസ് ഉണ്ട്.

Tags:    
News Summary - record profit for qatar airways

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.