ജുഷ്ന ഷഹീനും ഹാദിയ ഹക്കീമിനും വിമൻ ഇന്ത്യ ഖത്തറും ഗേൾസ് ഇന്ത്യ ഖത്തറും സംയുക്തമായി സ്വീകരണം നൽകിയപ്പോൾ
ദോഹ: ഫിഫ വേൾഡ് കപ്പിൽ വേറിട്ട മലയാളി സാന്നിധ്യമായ ജുഷ്ന ഷഹീനും ഹാദിയ ഹക്കീമിനും വിമൻ ഇന്ത്യ ഖത്തറും ഗേൾസ് ഇന്ത്യ ഖത്തറും സംയുക്തമായി സ്വീകരണം നൽകി. സ്പാനിഷ് ഭാഷ പഠിച്ച്, സ്പോർട്സ് ജേണലിസ്റ്റ് ആയാണ് ലോകകപ്പിൽ ജുഷ്ന ഷഹീൻ സാന്നിധ്യമറിയിച്ചത്. കുടുംബവും ഉത്തരവാദിത്തങ്ങളും സ്വപ്ന സാക്ഷാത്കാരത്തിന് തടസ്സമാകാതെ മുന്നേറാൻ കഴിഞ്ഞാൽ ജീവിതത്തിൽ പലതും നേടാൻ കഴിയുമെന്ന സ്വാനുഭവം സദസ്സുമായി അവർ പങ്കുവെച്ചു.
മാധ്യമം മുൻ ന്യൂസ് എഡിറ്റർ അബ്ദുൽ ജബ്ബാറിന്റെയും നാസിലയുടെയും മകളാണ് ജുഷ്ന.ഫുട്ബാൾ ഫ്രീ സ്റ്റൈലിലൂടെ ഫിഫ വേദികളിൽ പ്രകടനം നടത്തിയാണ് ഹാദിയ ഹക്കീം ഖത്തറിലെ ഫിഫ ലോകകപ്പിൽ ശ്രദ്ധ നേടിയത്. ദൃഢനിശ്ചയം ഉണ്ടെങ്കിൽ എല്ലാ പ്രതിസന്ധികളെയും അതിജീവിക്കാനാകുമെന്ന് ഹാദിയ അഭിപ്രായപ്പെട്ടു.
ഖത്തറിൽനിന്ന് മുമ്പ് നേടിയ അധ്യാപന മൂല്യങ്ങൾ മുറുകെ പിടിക്കുന്നത് ജീവിതത്തിൽ വളരെയധികം സഹായിച്ചതായി ഹാദിയ പറഞ്ഞു. ഫുട്ബാൾ ഫ്രീ സ്റ്റൈലിൽ വനിത വിഭാഗത്തിൽ ഇന്ത്യയിൽ ഒന്നാം സ്ഥാനത്താണ് ബിരുദ വിദ്യാർഥിയായ ഹാദിയ. ഭാവിയിൽ ഫ്രീ സ്റ്റൈലിൽ ഇന്ത്യയെ പ്രതിനിധീകരിച്ച് മത്സരിക്കാനുള്ള ആഗ്രഹവും സദസ്സിനോട് അവർ പങ്കുവെച്ചു. വിമൻ ഇന്ത്യ മുൻ പ്രവർത്തക പരേതയായ ആബിദയുടെ മകളാണ്.
സി.ഐ.സി മൻസൂറ ഹാളിൽ നടന്ന ചടങ്ങിൽ വിമൻ ഇന്ത്യ, ഗേൾസ് ഇന്ത്യ മെംബർമാർ പങ്കെടുത്തു. മൈസ നസ്റുദ്ദീന്റെ പ്രാർഥനയോടെ തുടങ്ങിയ പരിപാടിയിൽ വിമൻ ഇന്ത്യ പ്രസിഡന്റ് നഹിയാ ബീവി സ്വാഗതവും ഗേൾസ് ഇന്ത്യ പ്രതിനിധി അഫീഫ ഖാലിദ് നന്ദിയും പറഞ്ഞു. വിമൻ ഇന്ത്യ വൈസ് പ്രസിഡന്റുമാരായ എം.എ. സജ്ന, ത്വയ്യിബ അർഷദ് എന്നിവർ അതിഥികൾക്ക് ഉപഹാരം നൽകി ആദരിച്ചു. എക്സി. അംഗം ബബീന ബഷീർ പരിപാടി നിയന്ത്രിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.