കേംബ്രിഡ്ജിൽ ഗൾഫ് റിസർച്ച് സെന്റർ സംഘടിപ്പിച്ച 'ഗൾഫ് റിസർച്ച് മീറ്റിങ്ങിന്റെ' ഉദ്ഘാടന സെഷനിൽ വിദേശകാര്യ വക്താവ് ഡോ. മാജിദ് അൽ അൻസാരി സംസാരിക്കുന്നു
ദോഹ: സമീപകാല പ്രാദേശിക സംഭവവികാസങ്ങൾ സുരക്ഷയെന്ന ആശയത്തെ മാറ്റിമറിച്ചുവെന്നും, അത് കേവലം സൈനിക മേഖലയിൽ മാത്രം ഒതുങ്ങിനിൽക്കുന്ന ഒന്നല്ലെന്നും ഖത്തർ വിദേശകാര്യ വക്താവ് ഡോ. മാജിദ് ബിൻ മുഹമ്മദ് അൽ അൻസാരി.
സൈനിക സുരക്ഷക്ക് പുറമെ സമുദ്ര -വ്യോമ സുരക്ഷ, ഊർജ്ജ മേഖല, അടിസ്ഥാന സൗകര്യങ്ങൾ, സാമ്പത്തിക രംഗം എന്നിവ കൂടി ഉൾപ്പെടുന്നതാണ് പുതിയ കാലത്തെ സുരക്ഷാ കാഴ്ചപ്പാട്. അതിനാൽ സുരക്ഷയും സാമ്പത്തിക -വികസന മാനങ്ങളും പരസ്പരം കോർത്തിണക്കിയുള്ള സമഗ്രമായ ഒരു സുരക്ഷാ മാതൃക മേഖലയിൽ നടപ്പിലാക്കേണ്ടത് അത്യാവശ്യമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
കേംബ്രിഡ്ജിൽ ഗൾഫ് റിസർച്ച് സെന്റർ സംഘടിപ്പിച്ച പതിവ് വാർഷിക 'ഗൾഫ് റിസർച്ച് മീറ്റിങ്ങിന്റെ' ഉദ്ഘാടന സെഷനിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. "ഗൾഫ് കാഴ്ചപ്പാടുകളിലെ പ്രാദേശിക സുരക്ഷയും മേഖലാ ക്രമത്തിന്റെ ഭാവിയും" എന്ന പ്രമേയത്തിൽ നടന്ന സമ്മേളനത്തിൽ ഗൾഫ് മേഖലയിലെ പഠനങ്ങളിൽ വിദഗ്ധരായ 450-ലധികം ഗവേഷകർ പങ്കെടുത്തു.
സമീപകാല ഭൗമരാഷ്ട്രീയ മാറ്റങ്ങൾ സുരക്ഷാ സങ്കൽപ്പങ്ങളെ മാറ്റിമറിച്ചിട്ടുണ്ടെന്ന് ഡോ. അൽ അൻസാരി ചൂണ്ടിക്കാട്ടി. ഗൾഫ് രാജ്യങ്ങൾ തമ്മിലുള്ള കൂട്ടായ പ്രവർത്തനങ്ങളും പരസ്പര സഹകരണവും വർധിപ്പിക്കേണ്ടതിന്റെ പ്രാധാന്യം അദ്ദേഹം ഊന്നിപ്പറഞ്ഞു. മേഖല നേരിടുന്ന പൊതുവായ വെല്ലുവിളികളെ അതിജീവിക്കാനും പ്രാദേശിക സുസ്ഥിരത ഉറപ്പാക്കാനും ലക്ഷ്യമിട്ട് അന്താരാഷ്ട്ര സഹകരണം ശക്തിപ്പെടുത്തണമെന്ന നിർദേശത്തോടെയാണ് പ്രാരംഭ സെഷൻ അവസാനിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.