ദോഹ: ചെങ്കടലിലൂടെ സഞ്ചരിക്കുകയായിരുന്ന സൗദി കപ്പലിനുനേരെ ഹൂതി വിമതർ നടത്തിയ ആക്രമണത്തെ ഖത്തർ വിദേശകാര്യ മന്ത്രാലയം ശക്തമായി അപലപിച്ചു. സംഭവം അന്താരാഷ്ട്ര സമുദ്ര സുരക്ഷയുടെ ഗുരുതര ലംഘനവും ആഗോള ഊർജ സുരക്ഷയ്‌ക്കുനേരെയുള്ള ഭീഷണിയുമാണെന്ന് പ്രസ്താവനയിൽ വ്യക്തമാക്കി.
രാജ്യത്തിന്റെ പരമാധികാരവും സുരക്ഷയും സംരക്ഷിക്കാൻ സൗദി അറേബ്യ സ്വീകരിക്കുന്ന എല്ലാ നടപടികൾക്കും പൂർണ്ണ പിന്തുണ പ്രഖ്യാപിച്ച ഖത്തർ, ഇത്തരം ആക്രമണങ്ങൾ മേഖലയിലെ സുരക്ഷയെയും സ്ഥിരതയെയും പ്രതികൂലമായി ബാധിക്കുമെന്നും വ്യക്തമാക്കി. പ്രാദേശിക സമാധാനം നിലനിർത്താനുള്ള ശ്രമങ്ങളെ ഇത്തരം നടപടികൾ തടസ്സപ്പെടുത്തും.
യെമൻ വിഷയത്തിലെ യു.എൻ സുരക്ഷാ കൗൺസിലിന്റെ 2216ാം പ്രമേയവും, ചെങ്കടലിലെ ഗതാഗത സ്വാതന്ത്ര്യം ഉറപ്പുനൽകുന്ന 2722ാം പ്രമേയവും നടപ്പാക്കാൻ അന്താരാഷ്ട്ര സമൂഹം തയാറാകണമെന്ന് ഖത്തർ ആവശ്യപ്പെട്ടു. അന്താരാഷ്ട്ര ജലപാതകളിലൂടെ സ്വതന്ത്രമായ കപ്പൽ ഗതാഗതം 1982-ലെ യു.എൻ കൺവെൻഷൻ അനുസരിച്ചുള്ള മൗലിക തത്വമാണെന്ന് പ്രസ്താവന ഓർമിപ്പിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.