ദോഹ: കോവിഡ് വാക്സിെൻറ ആദ്യ ഡോസ് ആദ്യഘട്ടത്തിൽ തന്നെ സ്വീകരിച്ച് പൊതുജനാരോഗ്യ മന്ത്രാലയം ഉന്നതർ മാതൃകയായി.
കോവിഡ് -19 നാഷനൽ ഹെൽത്ത് സ്ട്രാറ്റജിക് ഗ്രൂപ് തലവനും ഹമദ് മെഡിക്കൽ കോർപറേഷൻ സാംക്രമികരോഗ വിഭാഗം തലവനുമായ ഡോ. അബ്ദുല്ലതീഫ് അൽ ഖാൽ, ആരോഗ്യ മന്ത്രാലയം പൊതുജനാരോഗ്യ വിഭാഗം ഡയറക്ടർ ശൈഖ് ഡോ. മുഹമ്മദ് ആൽഥാനി, ദേശീയ സാംക്രമികരോഗ മുന്നൊരുക്ക സമിതി സഹമേധാവിയും ആരോഗ്യമന്ത്രാലയം ആരോഗ്യസുരക്ഷ പകർച്ചവ്യാധി വിഭാഗം ഡയറക്ടറുമായ ഡോ. ഹമദ് ഈദ് അൽ റുമൈഹി, പൊതുജനാരോഗ്യ മന്ത്രാലയം വാക്സിനേഷൻ വിഭാഗം മേധാവി ഡോ. സുഹ അൽ ബയാത് എന്നിവരാണ് ആദ്യഘട്ടത്തിൽ തന്നെ വാക്സിൻ സ്വീകരിച്ചിരിക്കുന്നത്. രാജ്യത്ത് കോവിഡ് വിരുദ്ധപ്രവർത്തനങ്ങൾക്ക് ചുക്കാൻ പിടിക്കുന്നവരിൽ പ്രമുഖരാണിവർ.
ഖത്തറിൽ ബുധനാഴ്ച മുതലാണ് കോവിഡ് -19 വാക്സിൻ നൽകിത്തുടങ്ങിയത്. പ്രത്യേകം സൗകര്യങ്ങെളാരുക്കിയ അൽവജ്ബ, ലിബൈബ്, അൽ റുവൈസ്, ഉംസലാൽ, റൗദത് അൽ ഖെയ്ൽ, അൽ തുമാമ, മുഐദർ എന്നീ ഏഴ് പ്രാഥമികാരോഗ്യ കേന്ദ്രങ്ങളിലൂടെയാണിത്. 70 വയസ്സിന് മുകളിലുള്ളവർ, ദീർഘകാല രോഗമുള്ള ദീർഘകാലപരിചരണം ആവശ്യമുള്ള മുതിർന്നവർ, ആരോഗ്യ പ്രവർത്തകർ എന്നിവർക്കാണ് ഡിസംബർ 23 മുതൽ ജനുവരി 31 വരെയുള്ള ആദ്യഘട്ടത്തിൽ ഫൈസർ ബയോൻടെക് കമ്പനിയുടെ വാക്സിൻ നൽകുന്നത്. മൊബൈലിൽ അറിയിപ്പ് വന്ന ശേഷം ഇവർ ആശുപത്രിയിൽ നേരിട്ടെത്തുകയാണ് വേണ്ടത്.
അടിയന്തരഘട്ടത്തിൽ മുതിർന്നവർക്ക് വാക്സിൻ നൽകാൻ ആരോഗ്യ മന്ത്രാലയം അംഗീകാരം നൽകിയിട്ടുണ്ട്. വാക്സിൻ സുരക്ഷിതമാണെന്നും എല്ലാതരം അംഗീകാരങ്ങളും ലഭിച്ചുകഴിഞ്ഞതാണെന്നും മന്ത്രാലയം അറിയിച്ചു. സ്വദേശികൾക്കും വിദേശികൾക്കും സൗജന്യമായാണ് നൽകുക. മൂന്നാഴ്ചയിൽ രണ്ട് കുത്തിവെപ്പായാണ് ഒരാൾക്ക് വാക്സിൻ നൽകുന്നത്.
ആദ്യ ഷോട്ട് (ഇഞ്ചക്ഷൻ) നൽകിയതിന് ശേഷം 21 ദിവസങ്ങൾ കഴിഞ്ഞതിന് ശേഷം മാത്രമേ കോവിഡ് വാക്സിെൻറ രണ്ടാമത്തെ ഷോട്ട് ഒരാൾക്ക് നൽകൂ. രണ്ടാമത് ഡോസ് സ്വീകരിച്ചതിന് ശേഷം ഏകദേശം ഒരാഴ്ച കഴിഞ്ഞാണ് ശരീരം കൊറോണ വൈറസിൽ നിന്ന് പൂർണമായ പ്രതിരോധ ശേഷി കൈവരിക്കുക.
ആദ്യഘട്ടത്തിൽ രാജ്യത്ത് വാക്സിൻ ആർക്കും നിർബന്ധമാക്കില്ല. എന്നാൽ യാത്രാസംബന്ധമായ ആവശ്യങ്ങൾ, സ് റ്റേഡിയങ്ങളിലേക്കുള്ള സന്ദർശനം തുടങ്ങിയ സാഹചര്യങ്ങളിൽ ഒരുപക്ഷേ നിർബന്ധമാക്കുമെന്നും അധികൃതർ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.