അ​ബ്​​ദു​ൽ റ​ഊ​ഫ്​ കൊ​ണ്ടോ​ട്ടി ലോ​ക കേ​ര​ള​സ​ഭ​യി​ൽ പ്ര​മേ​യം അ​വ​ത​രി​പ്പി​ക്കു​ന്നു

കമ്യൂണിറ്റി വെൽഫെയർ ഫണ്ടിലേക്ക് ലോക കേരള സഭയുടെ ശ്രദ്ധക്ഷണിച്ച് റഊഫ് കൊണ്ടോട്ടി

ദോഹ: മൂന്നു ദിവസം, പ്രവാസികളുടെ പ്രശ്നങ്ങളും പരാതികളും ചർച്ചചെയ്തും മാർഗനിർദേശങ്ങൾ നൽകിയും തിരുവനന്തപുരത്ത് നടന്ന ലോക കേരളസഭയിൽ കമ്യൂണിറ്റി വെൽഫെയർ ഫണ്ട് സംബന്ധിച്ച് ശ്രദ്ധക്ഷണിച്ച് ഖത്തറിൽനിന്നുള്ള അംഗം. സാമൂഹിക പ്രവർത്തകനായ അബ്ദുൽ റഊഫ് കൊണ്ടോട്ടിയാണ് ദുരിതങ്ങളിലും അടിയന്തര ഘട്ടങ്ങളിലും ഇന്ത്യക്കാരെ സഹായിക്കാനായി രൂപവത്കൃതമായ ഇന്ത്യൻ കമ്യൂണിറ്റി വെൽഫെയർ ഫണ്ട് ഫലപ്രദമായി ഉപയോഗിക്കാനുള്ള സംവിധാനമൊരുക്കാൻ ലോക കേരളസഭയോട് ആവശ്യപ്പെട്ടത്. സ്പീക്കർ എം.ബി. രാജേഷ് ആവശ്യപ്പെട്ടതിന്‍റെ അടിസ്ഥാനത്തിൽ അവതരിപ്പിച്ച പ്രമേയത്തിലൂടെയാണ് അദ്ദേഹം വിഷയത്തിലേക്ക് സഭയുടെ ശ്രദ്ധക്ഷണിച്ചത്.

കോവിഡ് ദുരിതത്തിൽപോലും കമ്യൂണിറ്റി വെൽഫെയർ ഫണ്ട് അർഹരായവർക്ക് വിതരണം ചെയ്യാൻ സാധിച്ചിട്ടില്ലെന്ന് അറിയിച്ചു. കേന്ദ്ര സർക്കാർ കണക്കനുസരിച്ച് കോവിഡ് കാലത്ത് ഫണ്ടിൽനിന്ന് ഒക്ടോബർ 21 വരെ ചെലവഴിച്ചത് 44 കോടിയാണ്. എന്നാൽ, 2021 സെപ്റ്റംബർ വരെ ഇതേ ഫണ്ടിൽ 474 കോടി രൂപ നീക്കിയിരിപ്പുണ്ടെന്നും എ.എം. ആരിഫ് എം.പിയുടെ ചോദ്യത്തിന് മറുപടിയായി വിദേശകാര്യ മന്ത്രി വി. മുരളീധരൻ രാജ്യസഭയെ അറിയിച്ച കാര്യം ചൂണ്ടിക്കാട്ടി.

കേന്ദ്ര സർക്കാറിന്റെയോ എംബസികളുടെയോ യാതൊരു വിഹിതവും ഇല്ലാത്ത ഈ ഫണ്ടിലേക്ക് പണം സ്വരൂപിക്കുന്നത് പ്രവാസികളിൽനിന്ന് കോൺസുലർ സർവിസ് വഴി ഈടാക്കിയാണ്. എന്നിട്ടുപോലും കമ്യൂണിറ്റി വെൽഫെയർ ഫണ്ട് അതിന്റെ യഥാർഥ ലക്ഷ്യങ്ങൾക്കുവേണ്ടി കൃത്യമായി വിനിയോഗിക്കാതെ കൂട്ടി വെക്കുകയാണെന്ന് പ്രമേയത്തിൽ വ്യക്തമാക്കി.

കോവിഡ് കാലത്ത് നടത്തിയ വന്ദേ ഭാരത് മിഷൻ വാണിജ്യാടിസ്ഥാനത്തിൽ നടത്തിയതാണെന്ന് പാർലമെന്‍റ് വിശദീകരിച്ചിട്ടുണ്ട്. എന്നാൽ, സാധാരണ പ്രവാസികൾക്ക് ഏറെ പ്രയോജനം ചെയ്യേണ്ട വെൽഫെയർ ഫണ്ട് ഫലപ്രദമായി വിനിയോഗിക്കാൻ കേന്ദ്ര സർക്കാർ തയാറാവണമെന്ന് അബ്ദുൽ റഊഫ് കൊണ്ടോട്ടി വ്യക്തമാക്കി. പ്രമേയത്തിൽ ആവശ്യപ്പെട്ട നിർദേശം ഗൗരവമായി ചർച്ചചെയ്യുമെന്ന് ലോക കേരളസഭയിൽ പങ്കെടുത്ത ജോൺ ബ്രിട്ടാസ് എം.പി സഭയിൽ പറഞ്ഞു. ഖത്തറിലെ സജീവ പൊതുപ്രവർത്തകൻകൂടിയായ അബ്ദുൽ റഊഫ് കൊണ്ടോട്ടി തുടർച്ചയായി രണ്ടാം തവണയാണ് ലോക കേരളസഭയിൽ അംഗമാവുന്നത്. 

Tags:    
News Summary - Rauf Kondotty draws the attention of the Loka Kerala Sabha to the Community Welfare Fund

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.