റേഡിയോ മലയാളം ‘ഫോർ മൈ ലൗവ്’ സംബന്ധിച്ച വിശദാംശങ്ങൾ സി.ഇ.ഒ അൻവർ ഹുസൈൻ, നൗഫൽ അബ്ദുറഹ്മാൻ എന്നിവർ വിശദീകരിക്കുന്നു.
ദോഹ: ദീർഘകാല പ്രവാസത്തിനിടയിലും പങ്കാളിയെ ജോലിചെയ്യുന്ന ഗൾഫ്നാട് കാണിക്കാൻ അവസരം ലഭിക്കാത്ത പ്രവാസികളിലേക്ക് വീണ്ടും ‘ഫോർ മൈ ലൗവി’ന്റെ കരുതലുമായി റേഡിയോ മലയാളം. 2018ൽ തുടങ്ങി ഖത്തറിലെ പ്രവാസ സമൂഹത്തിന്റെ പ്രശംസ നേടിയ സാമൂഹിക സേവന പരിപാടിയുടെ അഞ്ചാമത് എഡിഷൻ ഫെബ്രുവരിയിൽ നടക്കുമെന്ന് റേഡിയോ മലയാളം ഭാരവാഹികൾ വാർത്തസമ്മേളനത്തിൽ അറിയിച്ചു. ദീർഘകാലമായി ഖത്തറിൽ ജോലി ചെയ്യുന്ന പ്രവാസികളിൽനിന്ന് തെരഞ്ഞെടുക്കപ്പെടുന്ന 14 പേരുടെ ഭാര്യമാർക്ക് ഒരാഴ്ചത്തെ സന്ദർശനത്തിന് അവസരം നൽകുന്നതാണ് ‘ഫോർ മൈ ലൗവ്’.
ഫെബ്രുവരി 18ന് ദോഹയിലെത്തുന്ന ഇവർ തുടർന്നുള്ള ദിവസങ്ങളിൽ, തങ്ങളുടെ ഭർത്താക്കന്മാർ ജീവിതത്തിന്റെ ഏറിയ പങ്കും ചെലവഴിച്ച പ്രവാസഭൂമി നേരിട്ട് കാണുകയും വിവിധ സ്ഥാപനങ്ങളും കൂട്ടായ്മകളും സംഘടിപ്പിക്കുന്ന സ്വീകരണ പരിപാടികളിൽ പങ്കെടുക്കുകയും ചെയ്യും. ഫെബ്രുവരി 19ന് ഹോളിഡേ ഇൻ ഹോട്ടലിൽ കമ്യൂണിറ്റി സ്വീകരണവും ഒരുക്കും.
14 ദമ്പതികൾക്ക് പുറമെ ഖത്തറിൽ തന്നെയുള്ള അർഹരായ അഞ്ച് മുതിർന്ന പ്രവാസികളെ ചടങ്ങിൽ ആദരിക്കും.2018ൽ 10 ഇണകൾക്ക് ഖത്തറിലെ തങ്ങളുടെ ഭർത്താക്കന്മാരെ സന്ദർശിക്കാൻ അവസരം ഒരുക്കി ആരംഭിച്ച ‘ഫോർ മൈ ലൗവ്’ പരിപാടിയിലൂടെ ഇതിനകം 46 പ്രവാസികൾക്ക് തങ്ങളുടെ പത്നിമാരെ ഖത്തറിലെത്തിക്കാൻ അവസരം നൽകിയതായി സംഘാടകർ അറിയിച്ചു.
25 വർഷമെങ്കിലുമായി ഖത്തറിൽ തൊഴിൽ ചെയ്യുന്ന കുറഞ്ഞ വരുമാനക്കാരായ പ്രവാസികളുടെ അപേക്ഷകളിൽനിന്ന് റേഡിയോ ശ്രോതാക്കളുടെ നാമനിർദേശംകൂടി പരിഗണിച്ചാണ് 14 പേരെ തെരഞ്ഞെടുക്കുന്നത്. വാർത്തസമ്മേളനത്തിൽ റേഡിയോ മലയാളം -ക്യു.എഫ്.എം സി.ഇ.ഒ അൻവർ ഹുസൈൻ, ഡെപ്യൂട്ടി ജനറൽ മാനേജർ നൗഫൽ അബ്ദുറഹ്മാൻ എന്നിവർ പങ്കെടുത്തു. ഇതോടനുബന്ധിച്ച് നടന്ന ഔദ്യോഗിക ലോഞ്ചിങ് പരിപാടിയിൽ സ്പോൺസർമാരായ വാണിജ്യ സ്ഥാപന പ്രതിനിധികളും പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.