റേഡിയോ മലയാളം 98.6 എഫ്.എമ്മിന്റെ എട്ടാം വാർഷികാഘോഷങ്ങളുടെ ലോഗോ -പോസ്റ്റർ പ്രകാശന ചടങ്ങിൽനിന്ന്
ദോഹ: ഖത്തറിലെ ആദ്യ സ്വകാര്യ റേഡിയോ സ്റ്റേഷനായ റേഡിയോ മലയാളം 98.6 എഫ്.എം എട്ടാം വാർഷികാഘോഷങ്ങൾക്ക് തുടക്കമായി. ദോഹ ഹോളിഡേ ഇൻ ഹോട്ടലിൽ ഉസ്ബകിസ്ഥാൻ അംബാസഡർ ഡോ. അശ്റഫ് ഖുദ്ജയേവിന്റെ സാന്നിധ്യത്തിൽ ഇന്ത്യൻ എംബസി ഡെപ്യൂട്ടി ചീഫ് ഓഫ് മിഷൻ സന്ദീപ് കുമാർ കാമ്പയിൻ ഉദ്ഘാടനം ചെയ്തു. 2017 ഒക്ടോബർ 31ന് പ്രക്ഷേപണം ആരംഭിച്ചത്.
ഡോ. അശ്റഫ് ഖുദ്ജയേവ് ഡെസ്റ്റിനേഷൻ റിവീൽ നിർവഹിച്ച് സംസാരിച്ചു. ക്യു.എഫ്.എം റേഡിയോ നെറ്റ്വർക് വൈസ് ചെയർമാൻ ആൻഡ് എം.ഡി അബ്ദുൽ ലത്തീഫ് കെ.സി. അധ്യക്ഷത വഹിച്ചു. സി.ഇ.ഒ അൻവർ ഹുസൈൻ ആമുഖ പ്രസംഗവും ഡെപ്യൂട്ടി ജനറൽ മാനേജർ നൗഫൽ അബ്ദുൽ റഹ്മാൻ നന്ദിയും പറഞ്ഞു. തുടർന്ന് വാർഷികാഘോഷ പങ്കാളികളുമായുള്ള കരാർ കൈമാറ്റവും നടന്നു.
ക്യൂ.എഫ്.എം റേഡിയോ നെറ്റ്വർക് അഞ്ചു ഭാഷകളിലായി ഒന്നര മില്യൻ ശ്രോതാക്കളിലേക്കെത്തിയതിന്റെയും അന്താരാഷ്ട്ര മീഡിയ റിസർച്ച് ഏജൻസിയായ ഇപ്സോസ് സർവേയിൽ ഖത്തറിലെ ഏറ്റവും കൂടുതൽ ശ്രോതാക്കളുള്ള പ്രൈവറ്റ് റേഡിയോ സ്റ്റേഷനായി റേഡിയോ മലയാളം തുടരുന്നതിന്റെയും ആഘോഷവും ചടങ്ങിൽ നടന്നു. റേഡിയോ ശ്രോതാക്കൾക്ക് ലക്ഷം റിയാലിലധികം വിലമതിക്കുന്ന സമ്മാനങ്ങളാണ് വാർഷികാഘോഷത്തിന്റെ ഭാഗമായി ഒരുക്കിയിരിക്കുന്നത്.
ശ്രോതാക്കൾക്ക് സൗജന്യ വിദേശയാത്ര, ഐഫോൺ, എൽ.ഇ.ഡി ടിവികൾ, നിരവധി പേർക്ക് 986 റിയാലിന്റെ പർച്ചേസ്, പെർഫ്യും വൗചറുകൾ എന്നിവക്കു പുറമെ ശ്രോതാക്കൾക്ക് ഹാങ്ഔട്ടുകൾ, ഗിഫ്റ്റ് വൗച്ചറുകൾ തുടങ്ങി അനവധി സമ്മാനങ്ങളും ഒരുക്കിയിട്ടുണ്ട്. ഒരു മാസത്തെ ഓൺ എയർ, ഓൺലൈൻ, ഓൺ ഗ്രൗണ്ട് മത്സരങ്ങൾ വഴി തിരഞ്ഞെടുക്കപ്പെടുന്ന വിജയികൾക്കാണ് സമ്മാനങ്ങൾ ലഭിക്കുക. വിവിധ വ്യവസായ സ്ഥാപനങ്ങളിൽ നിന്നുള്ള പ്രമുഖ സംരംഭകരും മുതിർന്ന മാനേജർമാരും സ്പോൺസർമാരും ചടങ്ങിൽ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.