ഷിറാസ് സിതാര
ദോഹ: രാധാകൃഷ്ണന് ചാക്യാട്ട് ഫോട്ടോഗ്രഫി പ്രഥമ പുരസ്കാരം ഷിറാസ് സിതാരക്ക്. ഇന്‍സൈറ്റ് ഫോട്ടോഗ്രഫി ക്ലബ് ഫ്യുജി ഫിലിമുമായി ചേര്‍ന്നാണ് ഫോട്ടോഗ്രഫി മത്സരം നടത്തിയത്. ഒന്നാം സമ്മാനമായ അരലക്ഷം രൂപയാണ് ഷിറാസ് സിതാര സ്വന്തമാക്കിയത്. പിക്ടോറിയല്‍ എന്ന പ്രമേയത്തിലായിരുന്നു ഫോട്ടോഗ്രഫി മത്സരം. ‘ദി ലാസ്റ്റ് ലീഫ്’ എന്ന ചിത്രത്തിനാണ് പുരസ്കാരം ലഭിച്ചത്. തിക്കോടി കടപ്പുറത്ത് വെള്ളമൊഴുകിയുണ്ടായ ചാലിന്റെ കാഴ്ച മരങ്ങളാണെന്ന് തോന്നുകയും അതില്‍നിന്നും വീണതാണെന്ന് അനുഭവിപ്പിക്കുന്ന ഇലയുമാണ് ചിത്രത്തില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്.
ഒന്നരപ്പതിറ്റാണ്ടിലേറെയായി ഖത്തറില്‍ പ്രവാസിയായ ഷിറാസ് സിതാര കോഴിക്കോട് ജില്ലയിലെ പയ്യോളി സ്വദേശിയാണ്. പയ്യോളി ജി.വി.എച്ച്.എസ്.എസ്, മടപ്പള്ളി ഗവ. കോളജ്, കോട്ടയം പ്രസ്ക്ലബിന്റെ ജേണലിസം ആൻഡ് വിഷ്വല്‍ കമ്യൂണിക്കേഷന്‍സ് എന്നിവിടങ്ങളില്‍ പഠനം. ഡോ. മുനീറ ഷിറാസാണ് ഭാര്യ. വിദ്യാര്‍ഥിയായ അബ്ദുല്‍ ഹാദിയാണ് മകന്. നിരവധി ഫോട്ടോഗ്രഫി പുരസ്കാരങ്ങള്‍ നേടിയിട്ടുള്ള ഷിറാസ് ഫോട്ടോഗ്രഫിയെ ഹോബിക്കപ്പുറം ജീവിതമായാണ് കാണുന്നത്.
പ്രഗത്ഭ ഫോട്ടോഗ്രാഫറായിരുന്ന രാധാകൃഷ്ണന് ചാക്യാട്ട് 2025 മേയ് 23നാണ് പുണെയില്‍ അന്തരിച്ചത്. തൃപ്പൂണിത്തുറ തേവരക്കാവിന് സമീപമാണ് രാധാകൃഷ്ണന്റെ നാട്. റഫീക്ക് സെയ്ദിന്റെ സഹായിയായി മുംബൈയില്‍ ഫോട്ടോഗ്രഫി ജീവിതം തുടങ്ങിയ രാധാകൃഷ്ണന് ചാക്യാട്ട് പിന്നീട് ട്രാവല്‍, വെഡ്ഡിങ്, സെലിബ്രിറ്റി, പരസ്യം രംഗങ്ങളിലെ മികവുറ്റ ഫോട്ടോഗ്രാഫറായി മാറുകയായിരുന്നു. പുണെ ആസ്ഥാനമായി പിക്സല്‍ വില്ലേജ് എന്ന സ്ഥാപനം ആരംഭിച്ച രാധാകൃഷ്ണന് ചാക്യാട്ട് ദുല്‍ഖര്‍ സല്മാന് നായകനായ ചാര്‍ളിയില്‍ ഡേവിഡ് എന്ന കഥാപാത്രമായി വേഷമിട്ടിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.