ദോഹ: സ്വകാര്യമേഖലയിലെ ആരോഗ്യപ്രവർത്തകർക്കും ഖത്തറിലേക്ക് മടങ്ങാനുള്ള അനുമതിയായി. നേരത്തേ ഹമദ് മെഡിക്കൽ കോർപറേഷ(എച്ച്്.എം.സി)നിലെ മലയാളികളടക്കമുള്ള സർക്കാർ ജീവനക്കാർ കഴിഞ്ഞ ആഴ്ച തന്നെ തിരിച്ചെത്തിയിരുന്നു. എന്നാൽ സ്വകാര്യ ആശുപത്രികളുടെ കാര്യത്തിൽ തീരുമാനമായിരുന്നില്ല. എച്ച്്.എം.സി നേരിട്ട് ഇൻഡിഗോയുമായി ബന്ധപ്പെട്ടാണ് ആരോഗ്യപ്രവർത്തകർക്ക് മടങ്ങിയെത്താനുള്ള അവസരമൊരുക്കിയത്. ഇതേ വിമാനങ്ങളിൽ തന്നെ സ്വകാര്യമേഖലയിലുള്ളവർക്കും മടങ്ങാനുള്ള അവസരമാണ് ഇപ്പോൾ കൈവന്നിരിക്കുന്നത്. മലയാളികളായ ഈ ആരോഗ്യപ്രവർത്തകരുടെ ആദ്യസംഘം ആഗസ്റ്റ് മൂന്നിന് കൊച്ചിയിൽനിന്നുള്ള ഇൻഡിഗോ വിമാനത്തിൽ മടങ്ങിയെത്തും. അവധിക്കും മറ്റും പോയി കോവിഡ് പ്രതിസന്ധിയിൽ നാട്ടിൽ കുടുങ്ങിയവരാണിവർ. അൽഅഹ്ലി, ആസ്റ്റർ മെഡിക്കൽ സെൻറർ, അൽ ഇമാദി, തദാവി തുടങ്ങിയ സ്വകാര്യ ആശുപത്രികളിലുള്ളവരാണിവർ. ഡോക്ടർമാർ, നഴ്സുമാർ, പാരാമെഡിക്കൽ സ്റ്റാഫ് തുടങ്ങി നിരവധി ആരോഗ്യപ്രവർത്തകരായിരുന്നു മടങ്ങാനാവാതെ നാട്ടിൽ കുടുങ്ങിയിരുന്നത്.
ഇതിൽ കൂടുതൽ മലയാളികളാണ്. ജനുവരി,ഫെബ്രുവരി മാസങ്ങളിൽ അവധിക്കും മറ്റും നാട്ടിലെത്തി, കഴിഞ്ഞ മാർച്ചിൽ മടങ്ങിയെത്തേണ്ടിയിരുന്നവരാണിവർ. ഇവരിലെ സർക്കാർ മേഖലയിലെ ആദ്യസംഘം ജൂലൈ 22ന് ഖത്തറിൽ മടങ്ങിയെത്തിയിരുന്നു. ആഗസ്റ്റ് ഒന്നുമുതലാണ് പ്രവാസികൾക്ക് ഖത്തറിലേക്ക് മടങ്ങാനാവുക. https://portal.www.gov.qa/wps/portal/qsports/home എന്ന ഖത്തർ പോർട്ടലിൽ ‘എക്സപ്ഷനൽ എൻട്രി പെർമിറ്റ്’ എന്ന വിൻഡോയിൽ കയറിയാണ് റീ എൻട്രി പെർമിറ്റിന് അപേക്ഷ നൽകേണ്ടത്. വിസ കാലാവധി കഴിഞ്ഞവർക്കും റീ എൻട്രി പെർമിറ്റ് ഉണ്ടെങ്കിൽ തിരികെയെത്താം.
പിന്നീട് ഉടൻ വിസ പുതുക്കാം. 109 ഹോട്ട്ലൈൻ നമ്പറിലും വിദേശത്തുള്ളവർക്ക് +9744406 9999 നമ്പറിലും സഹായം ലഭിക്കും.
യാത്രയുടെ 48 മണിക്കൂറിനുള്ളിലുള്ള കോവിഡ് നെഗറ്റിവ് സർട്ടിഫിക്കറ്റ് ഉണ്ടെങ്കിൽ ഖത്തറിൽ ഹോം ക്വാറൻറീൻ മതി. അക്രഡിറ്റഡ് കോവിഡ് പരിശോധനകേന്ദ്രങ്ങൾ ഇല്ലാത്ത രാജ്യത്ത് നിന്നാണ് വരുന്നതെങ്കിൽ യാത്ര പുറപ്പെടുന്നതിന് മുമ്പ് Discover Qatar വെബ്സൈറ്റിലൂടെ ക്വാറൻറീൻ ഹോട്ടൽ ബുക്ക് ചെയ്യണം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.