കാൻ ചലച്ചിത്ര മേളയിൽ ദോഹ ഫിലിം ഇൻസ്റ്റിറ്റ്യൂട്ട് ഒരുക്കിയ സ്വീകരണ പരിപാടിയിൽ സി.ഇ.ഒ ഫാതിമ ഹസൻ അൽ റുമൈഹി ചലച്ചിത്ര പ്രവർത്തകർക്കൊപ്പം
ദോഹ: ഖത്തറിന്റെ ചലച്ചിത്ര ഉത്സവമായ അജ് യാൽ ദോഹയുടെ അന്താരാഷ്ട്ര ചലച്ചിത്രമേളയായി മാറുന്നു. 12 വർഷത്തോളമായി ഖത്തറിലെയും മേഖലയിലെയും ചലച്ചിത്ര പ്രേമികൾക്ക് ശ്രദ്ധേയമായ കാഴ്ചകൾ സമ്മാനിച്ച അജ് യാൽ അന്താരാഷ്ട്ര തലത്തിലെ പ്രമുഖ ചിത്രങ്ങളെയും ചലച്ചിത്ര പ്രവർത്തകരെയും ആകർഷിപ്പിച്ചുകൊണ്ട് ഈ വർഷം മുതൽ ‘ദോഹ ഫിലിം ഫെസ്റ്റിവൽ (ഡി.എഫ്.എഫ്)’ ആയി മാറും. നവംബർ 20 മുതൽ 28 വരെയാണ് പ്രഥമ ചലച്ചിത്രമേളക്ക് വേദിയൊരുക്കുന്നത്. മൂന്ന് ലക്ഷം ഡോളർ (10.90 ലക്ഷം റിയാൽ) വരെ സമ്മാനത്തുകയും ഏർപ്പെടുത്തും.
കഴിഞ്ഞ വർഷാവസാനം നടന്ന അജ് യാൽ മേളയിൽതന്നെ ഈ വർഷത്തോടെ മേളയുടെ രൂപം മാറി, അന്താരാഷ്ട്ര തലത്തിലെ ചലച്ചിത്രങ്ങളെ കൂടുതലായി ആകർഷിക്കുമെന്ന് ദോഹ ഫിലിം ഇൻസ്റ്റിറ്റ്യൂട്ട് സി.ഇ.ഒ ഫാതിമ ഹസൻ അൽ റുമൈഹി സൂചനകൾ നൽകിയിരുന്നു.
കാനിൽ നടക്കുന്ന ചലച്ചിത്ര മേളയുടെ വേദിയിൽ ഇതുസംബന്ധിച്ച് കൂടുതൽ പ്രഖ്യാപനങ്ങളും അവർ നടത്തി. മേഖലയിലെ പ്രമുഖമായ അന്താരാഷ്ട്ര മേളകളുടെ തീയതിയുമായി ചേർന്നുതന്നെയാണ് ദോഹ ഫിലിം ഫെസ്റ്റും ഷെഡ്യൂൾ ചെയ്യുന്നത്. നിലവിൽ അറബ് ലോകത്തെ പ്രമുഖ മേളകളായ കൈറോ ഫെസ്റ്റ് നവംബർ 12 മുതൽ 21 വരെയും മറാകേഷ് ഫെസ്റ്റ് നവംബർ 28 മുതൽ ഡിസംബർ ആറ് വരെയും, സൗദിയിലെ റെഡ് സീ ഫെസ്റ്റ് ഡിസംബർ നാല് മുതൽ 13 വരെയുമാണ്. ഇതിനിടയിലായി നവംബർ 20 മുതൽ 28 വരെയാണ് ദോഹ ഫിലിം ഫെസ്റ്റിവൽ.
ജിദ്ദയിൽ നടക്കുന്ന സൗദി അറേബ്യയുടെ റെഡ് സീ ഫിലിം ഫെസ്റ്റിവലിന് തുല്യമായ തുകയാണ് ദോഹ മേളയിലും പുരസ്കാര തുകയായി പ്രഖ്യാപിച്ചത്. മികച്ച ഫീച്ചർ സിനിമക്ക് 75,000 ഡോളർ, മികച്ച ഡോക്യുമെന്ററി (50,000 ഡോളർ), ആർടിസ്റ്റിക് അച്ചീവ്മെന്റ് (45,000 ഡോളർ), അഭിനയ മികവ് (15,000) എന്നിങ്ങനെ നാലു വിഭാഗങ്ങളിലായി പുരസ്കാരം സമ്മാനിക്കും.
യൂത്ത്, മെയ്ഡ് ഇൻ ഖത്തർ, കുടുംബ പ്രമേയ സിനിമകളിൽ ശ്രദ്ധകേന്ദ്രീകരിച്ചിരുന്ന അജ് യാലിനെ അന്താരാഷ്ട്ര തലത്തിലെ സിനിമ സവിശേഷതകളിലേക്ക് ഉയർത്തിക്കൊണ്ടാണ് പുതിയ മാറ്റങ്ങൾ ആസൂത്രണം ചെയ്യുന്നത്. അതേസമയം, അജ് യാലിന്റെ സ്വീകാര്യതയേറിയ വിഭാഗങ്ങളും നിലനിർത്തും. മെയ്ഡ് ഇൻ ഖത്തർ, ബെസ്റ്റ് ഹ്രസ്വചിത്രം, ഡയറക്ടർ, പ്രേക്ഷക അവാർഡുകളും നൽകും. അന്താരാഷ്ട്ര സ്വീകാര്യത നേടിയ ചിത്രങ്ങളും, ലോകോത്തര ചലച്ചിത്ര പ്രവർത്തകരും ഉൾപ്പെടെ ഖത്തറിനെ സിനിമയുടെ കേന്ദ്രം കൂടിയാക്കാൻ ഒരുങ്ങുന്നതാണ് ഡി.എഫ്.ഐയുടെ പുതിയ ചുവടുവെപ്പ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.