ഖത്തർ പ്രധാനമന്ത്രി ശൈഖ് മുഹമ്മദ് ബിൻ അബ്ദുറഹ്മാൻ ബിൻ ജാസിം ആൽഥാനി, സൗദി
വിദേശകാര്യമന്ത്രി ഫൈസൽ ബിൻ ഫർഹാൻ ബിൻ അബ്ദുല്ല അൽ സൗദുമായി കൂടിക്കാഴ്ചക്കിടെ
റിയാദ്/ ദോഹ: ഖത്തർ പ്രധാനമന്ത്രിയും വിദേശകാര്യമന്ത്രിയുമായ ശൈഖ് മുഹമ്മദ് ബിൻ അബ്ദുറഹ്മാൻ ബിൻ ജാസിം ആൽഥാനി, സൗദി വിദേശകാര്യമന്ത്രി ഫൈസൽ ബിൻ ഫർഹാൻ ബിൻ അബ്ദുല്ല അൽ സൗദുമായി റിയാദിൽ കൂടിക്കാഴ്ച നടത്തി. ബുധനാഴ്ച വൈകീട്ടോടെയാണ് ഇരുവരും കൂടിക്കാഴ്ച നടത്തിയത്.
മേഖലയിലെ നിലവിലെ സാഹചര്യങ്ങൾ, സംഘർഷങ്ങൾ ലഘൂകരിക്കുന്നതിനുള്ള നയതന്ത്ര ശ്രമങ്ങൾ, സുരക്ഷയും സ്ഥിരതയും ഉറപ്പാക്കൽ, ഗസ്സ മുനമ്പിലെയും അധിനിവിഷ്ട ഫലസ്തീൻ പ്രദേശങ്ങളിലെയും പുതിയ സംഭവവികാസങ്ങൾ എന്നിവ കൂടിക്കാഴ്ചയിൽ നേതാക്കൾ വിലയിരുത്തി.
പ്രാദേശിക സുരക്ഷ ഉറപ്പാക്കുന്നതിന് ഇരു രാജ്യങ്ങളും തമ്മിലുള്ള ഏകോപനവും കൂടിയാലോചനകളും തുടരേണ്ടതിന്റെ പ്രാധാന്യം നേതാക്കൾ ഊന്നിപ്പറഞ്ഞു. തർക്കങ്ങൾ നയതന്ത്ര മാർഗങ്ങളിലൂടെ പരിഹരിക്കാനുള്ള ശ്രമങ്ങൾക്ക് പിന്തുണയും പ്രഖ്യാപിച്ചു. അറേബ്യൻ ഗൾഫിലും ചെങ്കടലിലും കപ്പൽ ഗതാഗത സ്വാതന്ത്ര്യവും സുരക്ഷയും ഉറപ്പാക്കേണ്ടതിന്റെ ആവശ്യകത ചൂണ്ടിക്കാട്ടി. അന്താരാഷ്ട്ര വ്യാപാരവും സുപ്രധാന സമുദ്രപാതകളുടെ സുരക്ഷ ഉറപ്പാക്കുന്നതിനും ഇത് അത്യന്താപേക്ഷിതമാണെന്ന് നേതാക്കൾ വ്യക്തമാക്കി.
ഗസ്സയിലെ സംഘർഷം അവസാനിപ്പിക്കാൻ ലക്ഷ്യമിട്ട് യു.എസ് പ്രസിഡന്റ് ഡോണാൾഡ് ട്രംപിന്റെ സമാധാന പദ്ധതിയുടെ നിർവഹണത്തിനായുള്ള റോഡ്മാപ്പ് അംഗീകരിക്കാൻ ഇസ്രായേൽ വിസമ്മതിച്ചതിനെ ഖത്തറും സൗദി അറേബ്യയും വിമർശിച്ചു. പരസ്പര സഹകരണം ശക്തിപ്പെടുത്തുന്നതിനും വിവിധ മേഖലകളിലെ സംയുക്ത നീക്കങ്ങൾ ഊർജിതമാക്കുന്നതിനുമുള്ള വഴികളും ചർച്ചയായി.
ഈജിപ്ത് പ്രസിഡന്റുമായി കൂടിക്കാഴ്ച നടത്തി
കെയ്റോ: ഖത്തർ പ്രധാനമന്ത്രി ശൈഖ് മുഹമ്മദ് ബിൻ അബ്ദുറഹ്മാൻ ബിൻ ജാസിം ആൽഥാനി ഈജിപ്ഷ്യൻ പ്രസിഡന്റ് അബ്ദുൽ ഫത്താഹ് അൽ സിസിയുമായി കൂടിക്കാഴ്ച നടത്തി. ഖത്തരി -ഈജിപ്ത് ജോയന്റ് ഹയർ കമ്മിറ്റിയുടെ ഏഴാം സെഷനിൽ പങ്കെടുക്കുന്നതിനായാണ് ഖത്തർ പ്രധാനമന്ത്രി ഈജിപ്ഷ്യൻ തലസ്ഥാനമായ കെയ്റോയിൽ എത്തിയത്.
മേഖലയിലെ പുതിയ സംഭവവികാസങ്ങളും നയതന്ത്ര നീക്കങ്ങളും ചർച്ചയിൽ ഇരു നേതാക്കളും വിലയിരുത്തി.
പശ്ചിമേഷ്യയിലെ സംഘർഷങ്ങൾ ലഘൂകരിക്കുന്നതിനും സുരക്ഷയും സ്ഥിരതയും വർധിപ്പിക്കുന്നതിനുമുള്ള ശ്രമങ്ങൾ ചർച്ചയായി. ഗസ്സ മുനമ്പിലെയും അധിനിവേശ ഫലസ്തീൻ പ്രദേശങ്ങളിലെയും നിലവിലെ സാഹചര്യങ്ങൾ പങ്കുവെച്ചു. പരസ്പര താൽപര്യമുള്ള മറ്റ് പ്രാദേശിക, അന്തർദേശീയ വിഷയങ്ങളിൽ ഇരുരാജ്യങ്ങളുടെയും അഭിപ്രായങ്ങൾ വിലയിരുത്തി.
തുടർന്ന് ഈജിപ്ത് പ്രധാനമന്ത്രി ഡോ. മുസ്തഫ മദ്ബൗലിയുമായും ഖത്തർ പ്രധാനമന്ത്രി കൂടിക്കാഴ്ച നടത്തി. യോഗത്തിൽ, ഇരു രാജ്യങ്ങളും തമ്മിലുള്ള സഹകരണങ്ങളെക്കുറിച്ചും നിക്ഷേപം, സമ്പദ്വ്യവസ്ഥ, നയതന്ത്രം, കൃഷി, ഭക്ഷ്യസുരക്ഷ, ആരോഗ്യം എന്നീ മേഖലകളിൽ പരസ്പര സഹകരണം ശക്തിപ്പെടുത്തുന്നതിനെ കുറിച്ചും ചർച്ച ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.