ഗെറ്റ്, സെറ്റ്... ഖത്തർ ഇനി കളിയൊരുക്കം

ദോഹ: വർഷാവസാനത്തിലേക്ക് കടക്കുമ്പോൾ, ഖത്തറിൽ ഇനി വരാനിരിക്കുന്നത് ലോക കായിക മാമാങ്കങ്ങളുടെ ആവേശകരമായ ഉത്സവക്കാലം. ഫിഫ അണ്ടർ 17 ടൂർണമെന്റ്, ഫോർമുല വൺ റേസിങ് തുടങ്ങി അന്താരാഷ്ട്ര മത്സരങ്ങൾക്കാണ് നവംബർ, ഡിസംബർ മാസങ്ങളിൽ ഖത്തർ ആതിഥേയത്വം വഹിക്കുന്നത്.

ആഗോള കായിക ഭൂപടത്തിൽ പ്രധാന കേന്ദ്രമെന്ന നിലയിലുള്ള ഖത്തറിന്റെ സ്ഥാനം ശക്തമാക്കുന്നതാണ് വരാനിരിക്കുന്ന ഇവന്റുകൾ.ഇതിൽ ഇടിയുടെ പൂരമായ യു.എഫ്.സി ഫൈറ്റ് നൈറ്റ് വരെയുണ്ട്. ഒക്ടോബർ 16ന് ജി.എഫ്.എഫ് അണ്ടർ -17 ഗൾഫ് കപ്പ് ആരംഭിക്കുന്നതോടെ രാജ്യത്ത് കായിക മേളകൾക്ക് ചൂട് പിടിക്കും. തുടർന്ന് നവംബർ, ഡിസംബർ മാസങ്ങളിലായി വിവിധ ലോക ചാമ്പ്യൻഷിപ്പുകളും നടക്കും.

 

ലോകകപ്പ് ഫുട്ബാളിനായി ഒരുക്കിയ മികച്ച സ്റ്റേഡിയങ്ങൾ, ​പരിശീലന മൈതാനങ്ങൾ, ഹോട്ടലുകൾ, മെട്രോ ഉൾപ്പെടെയുള്ള യാത്രാ സൗകര്യങ്ങൾ അങ്ങനെ സർവസജ്ജമായ അടിസ്ഥാനസംവിധാനങ്ങൾ വീണ്ടും ഉപയോഗപ്പെടുത്താനുള്ള വഴി കൂടിയാണ് തുടരെയുള്ള വിവിധ കായികമേളകൾക്ക് ആതിഥേയത്വം വഹിക്കുന്നതിലൂടെ യാഥാർത്ഥ്യമാകുന്നത്.

വരും വർഷങ്ങളിലും വലിയ അന്താരാഷ്ട്ര കായിക ഇവന്റുകൾക്ക് രാജ്യം വേദിയാകും. ഫിബ ബാസ്ക്കറ്റ് ബാൾ അടക്കമുള്ള ടൂർണമെന്റുകളുടെ ഒരുക്കങ്ങളിലേക്കാണ് ഖത്തർ പ്രവേശിക്കുന്നത്. ലോകകപ്പ് സമ്മാനിച്ച പാരമ്പര്യം കൈവിട്ടുപോകാതെ, അന്താരാഷ്ട്ര കായിക രംഗത്ത് പുതിയ ചരിത്രം കുറിക്കുകയാണ് ഖത്തർ.

ജി.എഫ്.എഫ് അണ്ടർ -17 ഗൾഫ് കപ്പ്

ഖത്തറിൽ നടക്കുന്ന അന്താരാഷ്ട്ര കായിക ഇവന്റുകൾ ഒക്ടോബർ 16ന് അണ്ടർ -17 ഗൾഫ് കപ്പിലൂടെ ആരംഭിക്കും. നവംബർ 4 വരെ നടക്കുന്ന ടൂർണമെന്റിൽ ഖത്തറിനു പുറമേ യു.എ.ഇ, ബഹ്‌റൈൻ, ഒമാൻ, ചൈന, സൗദി അറേബ്യ, ഇറാഖ്, യെമൻ, കുവൈത്ത്, ഈജിപ്ത് എന്നീ ടീമുകളാണ് ഏറ്റുമുട്ടുക.

 

ഗ്രാന്റ് ഹമദ് സ്റ്റേഡിയം, ഹമദ് ബിൻ ഖലീഫ സ്റ്റേഡിയം, സൗദ് ബിൻ അബ്ദുറഹ്മാൻ സ്റ്റേഡിയം എന്നീ വേദികളിലായി നടക്കുന്ന ടൂർണമെന്റിൽ ആകെ 23 മത്സരങ്ങൾ നടക്കും.ഉദ്ഘാടന മത്സരത്തിനും ഫൈനലിനും ഗ്രാന്റ് ഹമദ് സ്റ്റേഡിയം വേദിയാകും.ടിക്കറ്റുകൾ roadtoqatar.qa വെബ്‌സൈറ്റിലൂടെ വാങ്ങാം. 15 ഖത്തരി റിയാൽ മുതൽ ടിക്കറ്റുകൾ ലഭ്യമാണ്.

ഫിഫ അണ്ടർ 17 ലോകകപ്പ്

കൗമാര ഫുട്ബാളിന്റെ മഹാമേളയായ ഫിഫ അണ്ടർ 17 ലോകകപ്പിന് നവംബർ 19 മുതൽ ഡിസംബർ 13 ഖത്തർ ആതിഥേയത്വം വഹിക്കും. കാൽപ്പന്ത് കളിയിലെ ഭാവി വാഗ്ദാനങ്ങൾ മാറ്റുരക്കുന്ന ടൂർണമെന്റിലെ ഗ്രൂപ്പ് ഘട്ട മത്സരങ്ങൾ ദോഹയിലെ പ്രശസ്തമായ അസ്പയർ സോൺ കോമ്പറ്റീഷൻ കോംപ്ലക്സിൽ നടക്കും. കലാശപ്പോരാട്ടത്തിന് ഖലീഫ ഇന്റർനാഷണൽ സ്റ്റേഡിയം വേദിയാകും.

ഒരു ഫുട്ബാൾ ടൂർണമെന്റ് എന്നതിനപ്പുറം ആരാധകർക്ക് ഒരൊറ്റ ഫാൻസോണിൽ ഉത്സവാന്തരീക്ഷത്തോടെയുള്ള കൗമാര ലോകകപ്പ് സമ്മാനിക്കാനാണ് ഖത്തർ വേദിയൊരുക്കുന്നത്. വർഷം തോറും ടൂർണമെന്റ് നടത്താനുള്ള ഫിഫയുടെ തീരുമാനത്തിന്റെ ഭാ​ഗമായി 2029വരെ തുടർച്ചയായി ഖത്തർ തന്നെയാണ് അണ്ടർ 17 ലോകകപ്പിന് ആതിഥേയത്വം വഹിക്കുന്നത്.

ഫോർമുല വൺ ഖത്തർ ഗ്രാൻഡ് പ്രീ

മോട്ടോർ സ്പോർട്സ് ആരാധകർ കാത്തിരിക്കുന്ന 2026 ലെ ഫോർമുല വൺ ഖത്തർ ഗ്രാൻഡ് പ്രീ മത്സരങ്ങൾ നവംബർ 27 മുതൽ 29 വരെ ലുസൈൽ ഇന്റർനാഷനൽ സർക്യൂട്ടിൽ നടക്കും. 5.38 കിലോമീറ്റർ നീളമുള്ള അതിവേഗ ട്രാക്കിൽ 57 ലാപ്പുകളുള്ള, 308.6 കിലോമീറ്റർ സ്പ്രിന്റ് ഫോർമാറ്റിലാണ് മത്സരങ്ങൾ നടക്കുക.

2026 ലെ ഫോർമുല വൺ സീസണിലെ അവസാന ഭാഗങ്ങളിലൊന്നായ 22-ാമത്തെ റൗണ്ടിനാണ് ലുസൈൽ ഇന്റർനാഷനൽ സർക്യൂട്ട് വേദിയാകുക. പരിശീലന സെഷനുകൾ, സ്പ്രിന്റ് യോഗ്യത, സ്പ്രിന്റ് റേസ്, ഗ്രാൻഡ് ഫിനാലെ അടക്കമുള്ള മത്സരങ്ങൾ അരങ്ങേറും. 2026 സീ​സ​ണി​ൽ ഫോ​ർ​മു​ല വ​ൺ സ്പ്രിന്റ് ഇ​വ​ന്റു​ക​ൾ ന​ട​ക്കു​ന്ന വേ​ദി​ക​ളിൽ ഒന്നാണ് ഖത്തർ.

10 വ​ർ​ഷ​ത്തേ​ക്ക് ഫോ​ർ​മു​ല വ​ൺ റേ​സു​ക​ളി​ലൊ​ന്നി​ന് ആ​തി​ഥേ​യ​ത്വം വ​ഹി​ക്കാ​നു​ള്ള ക​രാ​ർ നേ​ര​ത്തെ ഖ​ത്ത​ർ ഒ​പ്പു​വെ​ച്ചി​ട്ടുണ്ട്. റേസിനൊപ്പം സന്ദർശകർക്കായി പ്രത്യേക ഫാൻ സോണുകൾ, എന്റർടൈൻമെന്റ് പരിപാടികൾ എന്നിവയും ഒരുക്കും.

മോട്ടോ ജി.പി ഖത്തർ ഗ്രാൻഡ് പ്രി

ലോകമെങ്ങുമുള്ള മോട്ടോ റേസിങ് പ്രേമികളുടെ ഇഷ്ട ചാമ്പ്യൻഷിപ്പായ മോട്ടോ ജി.പി ഖത്തർ ഗ്രാൻഡ് പ്രി മത്സരങ്ങൾക്കും ഇക്കാലയളവിൽ ഖത്തർ വേദിയൊരുക്കും.മോട്ടോർ സ്പോർട്സ് ആരാധകരെ ആവേശത്തിലാഴ്ത്തി ലുസൈൽ ഇന്റർനാഷനൽ സർക്യൂട്ടിൽ നവംബർ 6 മുതൽ 8 വരെയാണ് ഖത്തർ ഗ്രാൻഡ് പ്രി മത്സരങ്ങൾ നടക്കുക.

2004-ൽ പ്രവർത്തനം ആരംഭിച്ചതുമുതൽ മോട്ടോ ജി.പി ചാമ്പ്യൻഷിപ്പിന്റെ പ്രധാന കേന്ദ്രമാണ് ലുസൈൽ. ലുസൈലിലെ 5.38 കിലോമീറ്റർ ട്രാക്കാണ് മത്സരങ്ങളുടെ വേദി

ടി100 ട്രയത്ത്‌ലൺ വേൾഡ് ചാമ്പ്യൻഷിപ്പ്

ഡിസംബർ 11, 12 തീയതികളിലായി ടി100 ട്രയത്ത്‌ലൺ വേൾഡ് ചാമ്പ്യൻഷിപ്പ് ഫൈനൽ ഖത്തറിൽ നടക്കും. വിസിറ്റ് ഖത്തറും പ്രൊഫഷനൽ ട്രയത്ത്‌ലറ്റ്സ് ഓർഗനൈസേഷനും തമ്മിലുള്ള കരാറിന്റെ അടിസ്ഥാനത്തിൽ 2029 വരെ തുടർച്ചയായി ട്രയത്ത്‌ലൺ വേൾഡ് ചാമ്പ്യൻഷിപ്പിന് ഖത്തർ ആതിഥേത്വം വഹിക്കും.

 

രണ്ട് കിലോമീറ്റർ നീന്തൽ, 80 കിലോമീറ്റർ സൈക്കിൾ, 18 കിലോമീറ്റർ ഓട്ടം എന്നിവ ഉൾപ്പെടുന്ന 100 കിലോമീറ്റർ ഫോർമാറ്റിലാണ് ട്രയത്ത്‌ലൺ മത്സരം നടക്കുന്നത്. അമച്വർ അത് ലറ്റുകൾക്കായി പ്രത്യേക മത്സരങ്ങളും ചാമ്പ്യൻഷിപ്പിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. നീന്തൽ അറേബ്യൻ ഗൾഫിലും, സൈക്ലിങ്, ഓട്ടം എന്നിവ ദോഹ, ലുസൈൽ എന്നിവിടങ്ങളിലുമായി നടക്കും.

ഇതോടനുബന്ധിച്ച് സംഘടിപ്പിക്കുന്ന 'ഖത്തർ ടി100 കിക്ക് ഓഫ് റണ്ണിൽ' സ്വദേശികൾക്കും താമസക്കാർക്കും പ്രായഭേദമന്യേ പങ്കെടുക്കാം. 1 കിലോമീറ്റർ, 5 കിലോമീറ്റർ എന്നീ ദൂര വിഭാഗങ്ങളിലായാണ് ഓട്ടമത്സരങ്ങൾ നടക്കുക.

യു.എഫ്.സി ഫൈറ്റ് നൈറ്റ്

ഖത്തറിലും മിഡിൽ ഈസ്റ്റിലുടനീളമുള്ള ആരാധകർക്കും ​ഗംഭീ​ര ഫൈറ്റിങ് മത്സരത്തിന് നേരിട്ട് സാക്ഷ്യം വഹിക്കാം. ലോകത്തിലെ മുൻനിര മിക്സഡ് മാർഷ്യൽ ആർട്സ് സംഘടനയായ യു.എഫ്‌.സി വിസിറ്റ് ഖത്തറുമായി സഹകരിച്ച് യു.എഫ്.സി ഫൈറ്റ് നൈറ്റിന് വീണ്ടും ഖത്തറിൽ വേദിയൊരുക്കുന്നു. നവംബർ 21നാണ് മത്സരം നടക്കുന്നത്.

ദോഹയിലെ അത്യാധുനിക അലി ബിൻ ഹമദ് അൽ അതിയ്യ അരീനയിലാണ് മത്സരം.ആരാധകർക്ക് ടിക്കറ്റുകൾക്കായി ufc.com/qatar വഴി രജിസ്റ്റർ ചെയ്യാവുന്നതാണ്. ഇതിനുപുറമേ ദോഹ ഫിലിം ഫെസ്റ്റിവൽ, മിലിപോൾ അന്താരാഷ്ട്ര എക്സ്ബിഷൻ, വേൾഡ് ഇൻവെസ്റ്റ്മെന്റ് ഫോറം, ഖത്തർ ബോട്ട് ഷോ തുടങ്ങിയ അന്താരാഷ്ട്ര കോൺഫ്രൻസുകൾക്കും എക്സിബിഷനുകൾക്കുമാണ് ഖത്തർ വേദിയാകുന്നത്.

Tags:    
News Summary - Several International Sports Events Set to Take Place Over the Next Two Months

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.