തൊഴിലാളികളുടെ പാസ്സ്‌പോർട്ട് പിടിച്ചുവെച്ചാൽ പണികിട്ടും; 25,000 റിയാൽ വരെ പിഴ, മുന്നറിയിപ്പുമായി ഖത്തർ ആഭ്യന്തര മന്ത്രാലയം

ദോഹ: റെസിഡൻസ് പെർമിറ്റ് (ഖത്തർ ഐ.ഡി) നടപടികൾ പൂർത്തിയാക്കിയ ശേഷവും തൊഴിലാളികളുടെ പാസ്‌പോർട്ട് തിരികെ നൽകാതെ പിടിച്ചുവെച്ചാൽ തൊഴിലുടമകൾക്കെതിരെ കർശന നടപടി. നിയമലംഘകർക്കെതിരെ 25,000 ഖത്തരി റിയാൽ വരെ പിഴ ചുമത്തുമെന്ന് ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കി. ആഭ്യന്തര മന്ത്രാലയം സംഘടിപ്പിച്ച വെബിനാറിൽ സെർച്ച് ആൻഡ് ഫോളോ -അപ്പ് ഡിപ്പാർട്ട്‌മെന്റ് ഡിറ്റൻഷൻ വിഭാഗം മേധാവി മേജർ സൗദ് ഹമദ് അൽ ബുറൈദിയാണ് രാജ്യത്തെ നിയമവ്യവസ്ഥകൾ ഓർമിപ്പിച്ചത്.

ഇരുപക്ഷവും തമ്മിൽ ഒപ്പുവെച്ച നിയമപരമായ കരാറോ സമ്മതപത്രമോ ഇല്ലാതെ തൊഴിലാളികളുടെ പാസ്‌പോർട്ട് കൈവശം വെക്കാൻ തൊഴിലുടമകൾക്ക് അവകാശമില്ലെന്നും അദ്ദേഹം പറഞ്ഞു. റെസിഡൻസി നടപടിക്രമങ്ങൾ പൂർത്തിയായ ശേഷമോ പുതുക്കിയ ശേഷമോ തൊഴിലാളികൾക്ക് പാസ്‌പോർട്ട് കൈമാറാതിരിക്കുന്നത് നിയമലംഘനമാണ്. തൊഴിൽ കരാറുകൾ കൃത്യമായി രേഖപ്പെടുത്തണം. റെസിഡൻസ് പെർമിറ്റ് നടപടികൾ സമയപരിധിക്കുള്ളിൽ പൂർത്തിയാക്കണം. തൊഴിലാളികൾക്ക് അനുയോജ്യമായ താമസസൗകര്യം നൽകുകയും പ്രവാസികളുടെ തൊഴിലുമായി ബന്ധപ്പെട്ട നിയമങ്ങൾ പാലിക്കുകയും വേണം.

പാസ്‌പോർട്ടുകൾ നിയമവിരുദ്ധമായി പിടിച്ചുവെക്കപ്പെട്ടിട്ടുള്ള തൊഴിലാളികൾക്ക് സഹായത്തിനായി ബന്ധപ്പെട്ട അധികാരികളെ സമീപിക്കാമെന്നും മന്ത്രാലയം അറിയിച്ചു.

Tags:    
News Summary - Strict Fine For Passport Confiscation

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.