ഖത്തർ വിദ്യാഭ്യാസ മന്ത്രാലയത്തിന്റെ മൈ വൈറ്റ് ഫ്ലാഗ് ട്രോഫി എം.ഇ.എസ് ഇന്ത്യൻ സ്കൂൾ


ഭാരവാഹികൾ ഏറ്റുവാങ്ങുന്നു




എം.ഇ.എസ് സ്കൂളിന് മൈ വൈറ്റ് ഫ്ലാഗ് പുരസ്കാരം

ദോഹ: വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ സുരക്ഷ ഉറപ്പാക്കുന്നതിനും കൃത്യമായ നിയമപാലനം പ്രോത്സാഹിപ്പിക്കുന്നതിനുമായി ഖത്തർ വിദ്യാഭ്യാസ മന്ത്രാലയത്തിന് കീഴിലുള്ള പ്രൈവറ്റ് സ്കൂൾസ് ആൻഡ് കിൻഡർഗാർട്ടൻസ് വിഭാഗം ഏർപ്പെടുത്തിയ മൈ വൈറ്റ് ഫ്ലാഗ് ട്രോഫി കരസ്ഥമാക്കി എം.ഇ.എസ് ഇന്ത്യൻ സ്കൂൾ. തുടർച്ചയായ മൂന്നാം വർഷമാണ് എം.ഇ.എസ് ഇന്ത്യൻ സ്കൂൾ അവാർഡ് കരസ്ഥമാക്കുന്നത്.

പ്രൈവറ്റ് സ്കൂൾസ് ആൻഡ് കിന്റർഗാർട്ടൻസ് ഡയറക്ടറും പ്രൈവറ്റ് സ്കൂൾ ലൈസൻസിങ് വിഭാഗം ആക്ടിങ് ഡയറക്ടറുമായ ഡോ. റാനിയ മുഹമ്മദിൽനിന്ന് എം.ഇ.എസ് ഗവേണിങ് ബോർഡ് പ്രസിഡന്റ് കാഷിഫ് ജലീൽ, ട്രഷറർ എ.ടി. ഉസ്മാൻ, സ്കൂൾ പ്രിൻസിപ്പൽ ഡോ. ഹമീദ ഖാദർ എന്നിവർ ചേർന്ന് ട്രോഫി ഏറ്റുവാങ്ങി. ഖത്തറിലെ മുൻനിരയിലുള്ള അഞ്ച് സ്കൂളുകളിൽ ഒന്നായി തിരഞ്ഞെടുക്കപ്പെട്ട എം.ഇ.എസ്, നേട്ടം സ്വന്തമാക്കുന്ന ഏക ഇന്ത്യൻ സ്കൂളുമാണ്. 2025 –26 അക്കാദമിക വർഷത്തിൽ നിയമലംഘനങ്ങളൊന്നുമില്ലാതെ തുടർച്ചയായ മികവ് പുലർത്തിയതാണ് പുരസ്കാരത്തിന് അർഹമാക്കിയത്. സ്കൂളിന്റെ നിയമപ്രതിബദ്ധത, ഭരണനിർവഹണം, സുതാര്യത എന്നിവക്കുള്ള അംഗീകാരമാണ് പുരസ്കാരം.

ഖത്തർ വിദ്യഭ്യാസ മന്ത്രാലയത്തിന്റെ നേതൃത്വത്തിൽ നടത്തിയ സമഗ്ര പരിശോധനകളുടെ അടിസ്ഥാനത്തിലാണ് അവാർഡ് നിർണ്ണയിച്ചത്. സ്കൂൾ അക്കാദമിക് പ്ലാനുകൾ, ഭരണനിർവഹണം, ഖത്തർ ഹിസ്റ്ററി, അറബിക്, ഇസ്ലാമിക് സ്റ്റഡീസ് എന്നീ വിഷയങ്ങൾ പഠിപ്പിക്കുന്നതിൽ പ്രോത്സാഹനം, സുരക്ഷ, അടിസ്ഥാനസൗകര്യങ്ങളുടെ പരിപാലനം, ജീവനക്കാരുടെ ഡേറ്റ മാനേജ്‌മെന്റ്, ശുചിത്വം, ഗതാഗത സംവിധാനം, പഠനവൈകല്യമുള്ള കുട്ടികൾക്കുള്ള സഹായങ്ങൾ, പരാതി പരിഹാര സംവിധാനങ്ങൾ, പെരുമാറ്റച്ചട്ടം പാലിക്കൽ തുടങ്ങിയ മേഖലകൾ വിലയിരുത്തിയാണ് പുരസ്കാരം നൽകിയത്.

ഖത്തർ വിദ്യാഭ്യാസമന്ത്രാലയത്തിന്റെ അംഗീകാരം കരസ്ഥമാക്കിയതിൽ സ്കൂൾ മാനേജ്‌മെന്റ് അംഗങ്ങൾ അധ്യാപകർക്കും ജീവനക്കാർക്കും അനുമോദനങ്ങൾ അറിയിച്ചു. സ്കൂളിന്റെ ഉന്നത നിലവാരം നിലനിർത്താൻ സഹായിച്ച മാനേജ്‌മെന്റിന്റെ മാർഗ്ഗനിർദ്ദേശങ്ങൾക്കും പിന്തുണയ്ക്കും പ്രിൻസിപ്പൽ ഡോ. ഹമീദ ഖാദർ നന്ദി രേഖപ്പെടുത്തി.

Tags:    
News Summary - Qatar Trophy For MES School

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.