ദോഹ: കാലാവസ്ഥ നിരീക്ഷണ വകുപ്പിന്റെ പ്രവചനങ്ങൾ ശരിവെക്കുന്ന വിധത്തിൽ ഖത്തറിലുടനീളം അന്തരീക്ഷ താപനില ഗണ്യമായി കുറയുകയും തണുപ്പ് വർധിച്ചുവരുകയുമാണ്. ശനിയാഴ്ച പലയിടത്തും കുറഞ്ഞ താപനില 10 ഡിഗ്രി സെൽഷ്യസിലെത്തി. തുറൈന, മെസയിദ് എന്നിവിടങ്ങളിലാണ് താപനില പത്തിലെത്തിയത്. ശഹാനിയയിൽ കുറഞ്ഞ താപനില 11 ഡിഗ്രിയിലെത്തിയപ്പോൾ, വക്റ, അൽ ഖോർ, അബൂ സംറ, മുഖൈനിസ്, കറാന, ഖുവൈരിയ എന്നിവിടങ്ങളിൽ 12 ഡിഗ്രി സെൽഷ്യസ് രേഖപ്പെടുത്തി.
ജുമൈലിയ, ഖത്തർ യൂനിവേഴ്സിറ്റി, മെസെയ്മീർ എന്നിവിടങ്ങളിൽ 13 ഡിഗ്രിയായിരുന്നു കുറഞ്ഞ താപനില. ഹമദ് എയർപോർട്ട്, ദോഹ എയർപോർട്ട് എന്നിവിടങ്ങളിൽ 15ഉം ദുഖാൻ, ഉമ്മുബാബ് എന്നിവിടങ്ങളിൽ 16ഉം ഡിഗ്രിയിലെത്തി. റുവൈസിലും ശെഹൈമിയയിലും ഇത് 17 ഡിഗ്രി സെൽഷ്യസായിരുന്നു. രാത്രികാലങ്ങളിലാണ് തണുപ്പ് വർധിക്കുന്നത്.
ദോഹ എയർപോർട്ട്, ഖത്തർ യൂനിവേഴ്സിറ്റി, ശഹാനിയ, മെസയിദ്, മെസൈമീർ എന്നിവിടങ്ങളിൽ രേഖപ്പെടുത്തിയ 21 ഡിഗ്രി സെൽഷ്യസാണ് ഖത്തറിൽ കഴിഞ്ഞ ദിവസത്തെ കൂടിയ താപനില. ഖുവൈരിയ, വക്റ, തുറൈന, ജുമൈലിയ, മുഖൈനിസ് കറാന, എന്നിവിടങ്ങളിൽ 20 ഡിഗ്രിയും ഹമദ് എയർപോർട്ട്, റുവൈസ്, ശെഹൈമിയ, ദുഖാൻ, ഉമ്മുബാബ്, അൽഖോർ എന്നിവിടങ്ങളിൽ 19 ഡിഗ്രിയും കൂടിയ താപനില രേഖപ്പെടുത്തി. വരും ദിവസങ്ങളിൽ തണുപ്പ് ശക്തമാകുമെന്നും തിങ്കളാഴ്ച വരെ തണുപ്പ് കൂടിവരുമെന്നും കാലാവസ്ഥ നിരീക്ഷണ വകുപ്പ് കഴിഞ്ഞദിവസം പുറത്തിറക്കിയ പ്രസ്താവനയിൽ അറിയിച്ചിരുന്നു.
ഈ ദിവസങ്ങളിൽ രാത്രിയിലെ താപനില 10-15 ഡിഗ്രി സെൽഷ്യസ് വരെ ആകുമെന്നാണ് വകുപ്പിന്റെ മുന്നറിയിപ്പ്. കൂടിയ താപനില ഈ ദിവസങ്ങളിൽ 18നും 22നും ഡിഗ്രി സെൽഷ്യസിന് ഇടയിലായിരിക്കുമെന്നും പ്രസ്താവനയിൽ വ്യക്തമാക്കിയിരുന്നു. മഴക്കുള്ള സാധ്യത തുടർന്നുള്ള ദിവസങ്ങളിൽ ഏറെ കുറവായിരിക്കുമെന്നും കാലാവസ്ഥ വകുപ്പ് പറയുന്നു. വർഷത്തിൽ ഏറ്റവും തണുപ്പ് അനുഭവപ്പെടുന്ന ‘ബർദ് അൽ അസരിഖ്’ ദിവസങ്ങൾ ജനുവരി 24നും 31നും ഇടക്കായിരിക്കുമെന്ന് ഖത്തർ കലണ്ടർ ഹൗസ് കഴിഞ്ഞദിവസം വ്യക്തമാക്കിയിരുന്നു.
ഞായറാഴ്ച അൽ വക്റയിലും മെസയിദിലും താപനില ഒമ്പതു ഡിഗ്രിയിലെത്തുമെന്നാണ് ശനിയാഴ്ച സിവിൽ ഏവിയേഷൻ അതോറിറ്റി പുറത്തിറക്കിയ കാലാവസ്ഥാ പ്രവചനത്തിൽ പറയുന്നത്. അൽഖോറിൽ 10ഉം അബൂസംറയിൽ 12ഉം ഡിഗ്രിയായിരിക്കും കുറഞ്ഞ താപനില. ദുഖാനിൽ 13ഉം ദോഹയിൽ 14ഉം ഡിഗ്രി സെൽഷ്യസായിരിക്കും ഞായറാഴ്ചയിലെ കുറഞ്ഞ താപനില.
കഴിഞ്ഞദിവസം ഖത്തറിൽ ഏറ്റവും കൂടുതൽ മഴ പെയ്തത് വക്റയിൽ. 30.5 മി.മീറ്റർ മഴയാണ് സമീപകാലത്ത് ഏറ്റവും കൂടുതൽ മഴപെയ്ത ദിവസങ്ങളിലൊന്നായ വെള്ളിയാഴ്ച വക്റയുടെ മണ്ണിൽ പെയ്തിറങ്ങിയതെന്ന് സിവിൽ ഏവിയേഷൻ അതോറിറ്റി ട്വിറ്ററിൽ അറിയിച്ചു. ഹമദ് എയർപോർട്ടിൽ 24.8 മി.മീ മഴയാണ് ജനുവരി 27ന് പെയ്തത്. മെസൈമീറിൽ 15.5 മി.മീ മഴ ലഭിച്ചു.ദോഹയിൽ 13.6 മി.മീറ്ററും ഖത്തർ യൂനിവേഴ്സിറ്റിയിൽ 11.5 മി.മീറ്ററും മഴ പെയ്തു. അൽ ഖോർ (8.9 മീ.മീ), റാസ് ലഫാൻ (6.2 മി.മീ) എന്നിവിടങ്ങളിലും തരക്കേടില്ലാതെ മഴ പെയ്തു. റുവൈസ്, മെസയ്ദ്, ഖുവൈരിയ എന്നിവിടങ്ങളിൽ 2.5 മീ.മീ മഴയാണ് വെള്ളിയാഴ്ച ലഭിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.