മുട്ടിപ്പാട്ടും ഫാമിലി ഗെയിം ആക്റ്റിവിറ്റികളും; ശ്രദ്ധേയമായി സെമിഫൈനൽ വേദി
ദോഹ: ഗൾഫ് മാധ്യമം ഖത്തർ സംഘടിപ്പിക്കുന്ന ദംദം ബിരിയാണി മേക്കിങ് കോണ്ടസ്റ്റ് സെമി ഫൈനലിന്റെ ഭാഗമായി സന്ദർശകർക്കായി ഇൻസ്റ്റന്റ് ഫാമിലി ഗെയിമുകളും കുട്ടികൾക്കായി ലിറ്റിൽ ആർട്ടിസ്റ്റ് കളറിങ് മത്സരവും അടക്കം കുടുംബത്തോടൊന്നിച്ചുള്ള വിനോദ സായാഹ്നത്തിനാണ് ലുലു ബർവ സിറ്റി ഹൈപ്പർമാർക്കറ്റ് വേദിയായത്. ബിരിയാണി മത്സരത്തിന്റെ ആവേശത്തിനൊപ്പം അരങ്ങേറിയ വിവിധ പരിപാടികൾ സന്ദർശകർക്ക് നവ്യാനുഭവമായി.
ബിരിയാണി മേക്കിങ് കോണ്ടസ്റ്റിന് സമീപം സജ്ജീകരിച്ച പ്രത്യേക വേദിയിൽ നടന്ന 'ലിറ്റിൽ ആർട്ടിസ്റ്റ്' കളറിങ് മത്സരത്തിൽ ഏഴു വയസ്സുവരെ പ്രായമുള്ള 80ഓളം കുട്ടികളാണ് ആവേശത്തോടെ പങ്കെടുത്തത്. കുടുംബത്തോടൊപ്പം എത്തിയവർക്കായി ആവേശകരമായ ഫാമിലി ഗെയിം ആക്റ്റിവിറ്റികളും സംഘടിപ്പിച്ചിരുന്നു.
പങ്കെടുത്ത കുട്ടികൾക്ക് ന്യൂ ഗുഡ്വിൽ കാർഗോ ആൻഡ് റോക്ക പവർ ജിം എം.ഡി നൗഷാദ് അബു, വിക്ടോറിയ ഗോൾഡ് എം.ഡി ഫാസിൽ, പാൻ ഗൾഫ് മാർക്കറ്റിങ് മാനേജർ ജമാൽ എന്നിവർ സമ്മാനങ്ങൾ കൈമാറി. ആർ.ജെ. അഷ്ടമി ആയിരുന്നു അവതാരക. വിജയികൾക്കുള്ള സർട്ടിഫിക്കറ്റും സമ്മാനങ്ങളും ഗ്രാൻഡ് ഫിനാലെയിൽ കൈമാറും. വിജയികളെ ഗൾഫ് മാധ്യമം സോഷ്യൽ മീഡിയ പോസ്റ്റിലൂടെ അറിയിക്കും.
മത്സരങ്ങൾക്കും ഗെയിമുകൾക്കും പിന്നാലെ, മെഹ്ഫിൽ ഖത്തർ ഒരുക്കിയ മുട്ടിപ്പാട്ട് സദസ്സിനെ ആവേശം കൊള്ളിച്ചു. "കാസവിന്റെ തട്ടമിട്ട്, ഞാലിയകത്തിട്ട് ..." തുടങ്ങിയ ഗൃഹാതുരത്വ സ്മരണകളുണർത്തിയ മാപ്പിള പാട്ടുകൾ അരങ്ങിൽ അലയടിച്ചപ്പോൾ സദസ്സും ഒരേ സ്വരത്തോടെ ഏറ്റുപാടി. രുചിയുടെയും വിനോദത്തിന്റെയും മായാജാലം തീർത്ത സായാഹ്നം ദോഹയിലെ പ്രവാസി കുടുംബങ്ങൾക്ക് വേറിട്ടൊരു അനുഭവമായി മാറി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.