ഇറാൻ -യു.എസ് വെടിനിർത്തൽ കരാർ സ്വാഗതം ചെയ്ത് ഖത്തർ

ദോഹ: ഇറാനും യു.എസും തമ്മിലുള്ള വെടിനിർത്തൽ കരാറിനെ ഖത്തർ സ്വാഗതം ചെയ്തു. മേഖലയിലെ സംഘർഷം ലഘൂകരിക്കാനുള്ള ആദ്യപടിയാണിതെന്നും അശാന്തി പടരുന്നത് തടയാൻ ഈ ശ്രമങ്ങളെ അടിയന്തരമായി പ്രയോജനപ്പെടുത്തണമെന്നും ഖത്തർ വിദേശകാര്യ മന്ത്രാലയം ആവശ്യപ്പെട്ടു.

വെടിനിർത്തൽ കരാർ മധ്യസ്ഥ ശ്രമങ്ങൾക്ക് ക്രിയാത്മകമായി ഇടപെട്ട പാകിസ്താൻ പ്രധാനമന്ത്രി മുഹമ്മദ് ഷഹബാസ് ശരീഫിനെയും, പ്രതിരോധ മേധാവി അസിം മുനീറിനെയും മറ്റ് കക്ഷികളുടെയും ശ്രമങ്ങളെ ഖത്തർ അഭിനന്ദിച്ചു. വെടിനിർത്തൽ കരാർ പൂർണ്ണമായും പാലിക്കേണ്ടതിന്റെ പ്രാധാന്യത്തെക്കുറിച്ച് മന്ത്രാലയം ഊന്നിപ്പറഞ്ഞു.

ഇത് സമാധാനം ഉറപ്പാക്കാനും ചർച്ചകൾക്ക് അനുയോജ്യമായ അന്തരീക്ഷം സൃഷ്ടിക്കാനും സഹായിക്കും. പ്രാദേശിക സ്ഥിരതയെ തകർക്കുന്ന എല്ലാ നടപടികളും ഇറാൻ ഉടനടി അവസാനിപ്പിക്കണം. അയൽരാജ്യങ്ങളുടെ പരമാധികാരത്തെ മാനിക്കണമെന്നും ഇത്തരം ലംഘനങ്ങൾ ആവർത്തിക്കില്ലെന്ന് ഉറപ്പാക്കണമെന്നും മന്ത്രാലയം ആവശ്യപ്പെട്ടു.

അന്താരാഷ്ട്ര നിയമങ്ങൾക്കനുസൃതമായി സമുദ്രപാതകളുടെ സുരക്ഷയും കപ്പൽ ഗതാഗതത്തിന്റെയും വ്യാപാരത്തിന്റെയും സ്വാതന്ത്ര്യവും ഉറപ്പാക്കേണ്ടതിന്റെ ആവശ്യകതയും മന്ത്രാലയം ചൂണ്ടിക്കാട്ടി. ഇത് ആഗോള വിതരണ ശൃംഖലയും മേഖലയുടെയും സ്ഥിരത നിലനിർത്താൻ അത്യാവശ്യമാണ്. എല്ലാ നയതന്ത്ര ശ്രമങ്ങൾക്കും പിന്തുണ മന്ത്രാലയം ആവർത്തിച്ച ഖത്തർ, തുടർ ചർച്ചകളും, അന്താരാഷ്ട്ര നിയമങ്ങളും അയൽപക്ക ബന്ധങ്ങളും പാലിക്കുന്നതാണ് പ്രതിസന്ധികൾ പരിഹരിക്കാനുള്ള മാർഗങ്ങളെന്നും വ്യക്തമാക്കി.

Tags:    
News Summary - Qatar welcomes Iran-US ceasefire agreement

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.