ദോഹ: ഫലസ്തീൻ രാഷ്ട്രത്തെ അംഗീകരിക്കാനും ദ്വിരാഷ്ട്ര പരിഹാരത്തിന് പിന്തുണ നൽകാനുമുള്ള ബ്രിട്ടന്റെ നിലപാടിനെ സ്വാഗതം ചെയ്ത് ഖത്തർ. മേഖലയിൽ സമാധാനവും സ്ഥിരതയും ഉറപ്പാക്കാനുള്ള ശ്രമങ്ങൾക്ക് പിന്തുണ നൽകുന്നതാണ് ബ്രിട്ടന്റെ നിലപാടെന്ന് ഖത്തർ വിദേശകാര്യ മന്ത്രാലയം പുറത്തിറക്കിയ പ്രസ്താവനയിൽ പറഞ്ഞു.
ഫലസ്തീനിൽ സമാധാനം സ്ഥാപിക്കുന്നതിനും ദ്വിരാഷ്ട്ര പരിഹാരം നടപ്പാക്കുന്നതിനുമായി ചേർന്ന ഉന്നതതല അന്താരാഷ്ട്ര സമ്മേളനത്തിൽ വിവിധ രാജ്യങ്ങൾ കൈക്കൊണ്ട സമവായ ശ്രമങ്ങളെ പിന്തുണക്കുന്നതാണ് ബ്രിട്ടന്റെ നിലപാട്. കിഴക്കൻ ജറുസലേം തലസ്ഥാനമായി 1967ലെ അതിർത്തികളെ കണക്കാക്കി സ്വതന്ത്ര രാഷ്ട്രം സ്ഥാപിക്കണം. ഫലസ്തീൻ രാഷ്ട്രത്തെ ഇതുവരെ അംഗീകരിച്ചിട്ടില്ലാത്ത മറ്റു രാജ്യങ്ങളോടും സമാനമായ നടപടികൾ സ്വീകരിക്കാൻ ആഹ്വാനം ചെയ്തിട്ടുണ്ടെന്ന് മന്ത്രാലയം ആവർത്തിച്ചു.
ഗസ്സ മുനമ്പിൽ വെടിനിർത്തലിന് ഇസ്രായേൽ സമ്മതിച്ചില്ലെങ്കിൽ സെപ്റ്റംബറോടെ ഫലസ്തീൻ രാഷ്ട്രത്തെ അംഗീകരിക്കുമെന്ന് യു.കെ പ്രധാനമന്ത്രി കെയർ സ്റ്റാർമർ കഴിഞ്ഞദിവസം പറഞ്ഞിരുന്നു. ഗസ്സയിലെ ദുരന്തസാഹചര്യവും ദ്വിരാഷ്ട്ര പരിഹാരത്തിലെത്താനുള്ള സാധ്യത മങ്ങുന്നതും കണക്കിലെടുത്താണിതെന്ന് സ്റ്റാർമർ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.