വെബ് സമ്മിറ്റ് വേദിയിൽ നിന്ന്
ദോഹ: നിർമിത ബുദ്ധിയുടെയും അതിവേഗം മാറുന്ന സാങ്കേതിക ലോകത്തിന്റെയും കുതിപ്പിനൊപ്പം രാജ്യത്തെ നയിച്ച ചിന്തകളും കണ്ടെത്തലുകളും പ്രദർശനങ്ങളുമായി രണ്ടാമത് വെബ് സമ്മിറ്റിന് സമാപനമായി. നാലു ദിനങ്ങളിലായി ദോഹ എക്സിബിഷൻ ആൻഡ് കൺവെൻഷൻ സെന്ററിൽ നടന്ന വെബ്സമ്മിറ്റ് പങ്കാളിത്തംകൊണ്ട് പുതിയ റെക്കോഡ് കുറിച്ചു.
മേഖലയിലെയും ലോകത്തെയും പ്രമുഖ സംരംഭകർ, നിക്ഷേപകർ, ടെക് എക്സ്പേർട്ടുകൾ ഉൾപ്പെടെ 25,700 പേർ വെബ്സമ്മിറ്റിൽ പങ്കെടുത്തു. പ്രഥമ പതിപ്പിൽ 10,000പേരായിരുന്നു ആകെ പങ്കാളിത്തം. 723 നിക്ഷേപകരും 1520 സ്റ്റാർട്ടപ്പുകളും ഇത്തവണ വെബ് സമ്മിറ്റിന്റെ ഭാഗമായി. 47 ശതമാനം സ്റ്റാർട്ടപ്പുകളും വനിതകളുടെ ഉടമസ്ഥതയിലുള്ളതായിരുന്നുവെന്നതും ശ്രദ്ധേയമായിരുന്നു.
വെബ്സമ്മിറ്റിന് മുമ്പേ ഖത്തർ ഫിനാൻഷ്യൽ സെന്റർ പ്രഖ്യാപിച്ച പ്രോത്സാഹന പദ്ധതികളുടെ ഫലമെന്നോണം സ്റ്റാർട്ടപ്പ് ഖത്തർ പവിലിയനുകളിലെ ആഗോള പങ്കാളിത്തം ശ്രദ്ധേയമായി. ഖത്തറിൽ ഓഫിസുകൾ തുറക്കാൻ 1,634ലധികം കമ്പനികൾ രജിസ്റ്റർ ചെയ്തു. സമ്മിറ്റിൽ 156 കമ്പനികൾക്ക് ഇതിനകം ലൈസൻസ് അനുവദിച്ചു.
നാലു ദിനങ്ങളിലായി നടന്ന സമ്മിറ്റിൽ 56 ധാരണപത്രങ്ങളുടെ ഒപ്പുവെക്കലിനും സാക്ഷിയായി. വിവിധ ഖത്തരി സ്ഥാപനങ്ങളും ആഗോള തലത്തിലെ പ്രമുഖ ടെക് കമ്പനികളും തമ്മിൽ വിവിധ സേവന, സഹകരണം സംബന്ധിച്ചാണ് കരാറായത്.
വിവരാധിഷ്ഠിത സമ്പദ്വ്യവസ്ഥ കെട്ടിപ്പടുക്കുന്നതിനും നവീകരണത്തെ പ്രോത്സാഹിപ്പിക്കുന്നതിനുമുള്ള ഖത്തറിന്റെ ചുവടുവെപ്പിൽ ശ്രദ്ധേയ നാഴികക്കല്ലായി വെബ്സമ്മിറ്റ് മാറിയെന്ന് ഗവ. കമ്യൂണിക്കേഷൻസ് ഓഫിസ് ഡയറക്ടറും വെബ്സമ്മിറ്റ് സംഘാടകസമിതി ചെയർമാനുമായ ശൈഖ് ജാസിം ബിൻ മൻസൂർ ബിൻ ജാബിർ ആൽഥാനി പറഞ്ഞു. അന്താരാഷ്ട്ര സഹകരണത്തിനുള്ള ലോകോത്തര വേദിയായി സമ്മിറ്റ് മാറിയതായും അദ്ദേഹം വ്യക്തമാക്കി. സമ്മിറ്റിൽ പങ്കെടുത്ത് സാങ്കേതിക ചിന്തകളും പദ്ധതികളും അവതരിപ്പിച്ച 228 ഖത്തരി സ്റ്റാർട്ടപ്പുകളെ അദ്ദേഹം പ്രശംസിച്ചു.
എല്ലാ മേഖലകളിലുമുള്ള വർധനവിനെ വെബ്സമ്മിറ്റ് സി.ഇ.ഒയും സ്ഥാപകനുമായ പാഡി കോസ്ഗ്രേവ് അഭിനന്ദിച്ചു. സന്ദർശക പങ്കാളിത്തം 72ശതമാനം വർധിച്ചപ്പോൾ, സ്റ്റാർട്ടപ്പുകൾ 45 ശതമാനം വർധിച്ചു. ഖത്തരി സ്റ്റാർട്ടപ്പുകൾ 140 ശതമാനവും കൂടി.
ദോഹ: പൊതുമേഖലയുടെ ഡിജിറ്റൽവത്കരണത്തിന് നിർമിത ബുദ്ധിയുടെ കൃത്യതയുമായി മൈക്രോസോഫ്റ്റും ഖത്തർ വാർത്ത വിനിമയ മന്ത്രാലയവും കൈകോർക്കുന്നു. കഴിഞ്ഞ ദിവസം സമാപിച്ച വെബ്സമ്മിറ്റിന്റെ ഭാഗമായി ഖത്തറിലെ സർക്കാർ സ്ഥാപനങ്ങളിൽ അഷുർ ഓപൺ എ.ഐ സേവനങ്ങൾ ഉപയോഗപ്പെടുത്തുന്നത് സംബന്ധിച്ച് മന്ത്രാലയവും മൈക്രോസോഫ്റ്റും തമ്മിൽ പങ്കാളിത്ത സംരംഭത്തിൽ ഒപ്പുവെച്ചു.
പൊതു മേഖലയിലെ ഡിജിറ്റൽ നവീകരണത്തെ പിന്തുണക്കുന്നതിനായി നിർമിതബുദ്ധി സാങ്കേതികവിദ്യയുടെ ഉപയോഗം വർധിപ്പിക്കുകയാണ് ഐ.ടി മന്ത്രാലയവും മൈക്രോസോഫ്റ്റും തമ്മിലുള്ള പങ്കാളിത്ത കരാറിലൂടെ ലക്ഷ്യംവെക്കുന്നത്. ഡിജിറ്റൽ അജണ്ട 2030ന്റെ ലക്ഷ്യങ്ങളുടെ തുടർച്ചയായാണ് ഈ ശ്രദ്ധേയമായ ചുവടുവെപ്പ്.
നൂതനവും നിർമിതബുദ്ധിയിലധിഷ്ഠിതവുമായ സർക്കാർ സേവനങ്ങൾ നൽകുന്നതിന് ഏറ്റവും പുതിയ നിർമിതബുദ്ധി മാതൃകകൾ ഉപയോഗപ്പെടുത്താൻ അഷുർ ഓപൺ എ.ഐ സേവനം രാജ്യത്തെ സർക്കാർ സ്ഥാപനങ്ങളെ പ്രാപ്തമാക്കും. വെബ് സമ്മിറ്റിനോടനുബന്ധിച്ച് നടന്ന ചടങ്ങിൽ മന്ത്രാലയത്തിലെ ഡിജിറ്റൽ ഇൻഡസ്ട്രി അഫയേഴ്സ് അസി. അണ്ടർ സെക്രട്ടറി റീം അൽ മൻസൂരിയും മൈക്രോസോഫ്റ്റ് ഖത്തർ ജനറൽ മാനേജർ ലാന ഖലഫും പങ്കാളിത്ത സംരംഭ കരാറിൽ ഒപ്പുവെച്ചു.
കമ്യൂണിക്കേഷൻ ഐ.ടി മന്ത്രി മുഹമ്മദ് ബിൻ അലി ബിൻ മുഹമ്മദ് അൽ മന്നാഇയുടെ സാന്നിധ്യത്തിൽ മൈക്രോസോഫ്റ്റ് ഓപൺ എ.ഐയും ഖത്തർ ഐ.ടി മന്ത്രാലയവും തമ്മിലെ സഹകരണം കരാറിൽ ഒപ്പുവെക്കുന്നു
അത്യാധുനിക നിർമിതബുദ്ധി സാങ്കേതികവിദ്യകൾ ലഭ്യമാക്കുന്നതിലൂടെ സർക്കാർ സ്ഥാപനങ്ങളെയും സ്വകാര്യ മേഖലയെയും ശാക്തീകരിക്കുക, ഉൽപാദനക്ഷമത വർധിപ്പിക്കുന്നതിനും മെച്ചപ്പെട്ട സേവനങ്ങൾ വാഗ്ദാനം ചെയ്യുന്നതിനും സംഭാവന നൽകുക എന്നിവയും ഇതിലൂടെ ലക്ഷ്യമിടുന്നു.
മൈക്രോസോഫ്റ്റിന്റെ മുൻനിര നിർമിതബുദ്ധി സേവനങ്ങളിലൊന്നാണ് അഷുർ ഓപൺ എ.ഐ. ലോകമെമ്പാടും സർക്കാറുകളും കോർപറേഷനുകളും പ്രകടനം മെച്ചപ്പെടുത്തുന്നതിനും നിർമിതബുദ്ധിയിലധിഷ്ഠിതമായ സേവനങ്ങൾ വികസിപ്പിക്കുന്നതിനുമായി അഷുർ ഓപൺ എ.ഐയാണ് സ്വീകരിക്കുന്നത്.
അഷുർ ഓപൺ എ.ഐ സേവനത്തിലൂടെ രാജ്യത്തിന്റെ ഡിജിറ്റൽ നവീകരണത്തിലെ സുപ്രധാന നാഴികക്കല്ലാണ് സ്വന്തമാക്കുന്നതെന്ന് റീം അൽ മൻസൂരി പറഞ്ഞു. അത്യാധുനിക നിർമിതബുദ്ധി സാങ്കേതികവിദ്യകൾ ഉപയോഗപ്പെടുത്തുന്നതിലൂടെ വിവിധ മേഖലകളിൽ ഡിജിറ്റൽ വത്കരണം ശക്തിപ്പെടുത്തും.
സർക്കാർ സ്ഥാപനങ്ങൾ, സ്വകാര്യമേഖലകൾ, വിദ്യാഭ്യാസ സ്ഥാപനങ്ങൾ എന്നിവക്ക് ഏറ്റവും നൂതന എ.ഐ സൗകര്യങ്ങൾ ലഭ്യമാക്കുന്നത് വഴി ഉൽപാദന ക്ഷമത, കാര്യക്ഷമത, സേവന മികവ് എന്നിവ വർധിപ്പിക്കാൻ കഴിയുമെന്ന് അൽ മൻസൂരി വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.