ദോഹ: വർക്ക് പെർമിറ്റ്, തൊഴിൽ റിക്രൂട്ട്മെന്റ് തുടങ്ങിയവയുമായി ബന്ധപ്പെട്ട നിരക്കുകൾ പരിഷ്കരിച്ച് ഖത്തർ തൊഴിൽ മന്ത്രാലയം. തീരുമാനം ഔദ്യോഗിക ഗസറ്റിൽ പ്രസിദ്ധീകരിച്ചു. വിദേശ തൊഴിലാളികളെ റിക്രൂട്ട് ചെയ്യുന്ന ലൈസൻസ് ഇഷ്യൂ ചെയ്യുന്നതിന് അടക്കമുള്ള നിരക്കുകളിൽ മാറ്റമുണ്ട്.
സ്പോൺസർഷിപ് മാറ്റാതെ മറ്റൊരു സ്ഥാപനത്തിൽ ജോലിചെയ്യാൻ അധികൃതർ നൽകുന്ന അനുമതിയാണ് വർക്ക് പെർമിറ്റ്. ഇതുമായി ബന്ധപ്പെട്ട നിരക്കുകളാണ് തൊഴിൽ മന്ത്രാലയം പരിഷ്കരിച്ചത്. ഇതുപ്രകാരം, സ്പോൺസറെ മാറ്റാതെ ഒരു കമ്പനിയിൽനിന്ന് മറ്റൊരു കമ്പനിയിലേക്ക് മാറാനുള്ള തൊഴിലാളികളുടെ വാർഷിക വർക്ക് പെർമിറ്റ്, അഥവാ സെക്കൻഡ്മെന്റ് ഇഷ്യൂ ചെയ്യുന്നതിനും പുതുക്കുന്നതിമുള്ള നിരക്ക് നൂറു ഖത്തർ റിയാലാക്കി. അതേസമയം, വർക്ക് പെർമിറ്റ് നഷ്ടപ്പെട്ട ശേഷമോ കേടായ ശേഷമോ പുതുക്കുന്നതിനുള്ള ഫീ 100 റിയാൽ ആക്കി വർധിപ്പിച്ചു. നേരത്തെ ഇത് 50 റിയാൽ ആയിരുന്നു.
ഫാമിലി സ്പോൺസർഷിപ് വഴി രാജ്യത്തെത്തിയ തൊഴിലാളികളുടെ വർക്ക് പെർമിറ്റ് ഇഷ്യൂ ചെയ്യുന്നതിനും പുതുക്കുന്നതിനുമുള്ള നിരക്കുകൾ ഗണ്യമായി കുറച്ചു.
നൂറ് റിയാലാണ് പുതിയ ഫീ. നേരത്തെ ഇത് 500 റിയാൽ ആയിരുന്നു. ഇവരുടെ വർക്ക് പെർമിറ്റ് പുനഃസ്ഥാപിച്ചു നൽകുന്നതിനുള്ള നിരക്കിൽ മാറ്റമില്ല. ഇത് നൂറ് റിയാൽ ആയി തുടരും. വിദേശത്തുനിന്ന് തൊഴിലാളികളെ റിക്രൂട്ട് ചെയ്യാനുള്ള ലൈസൻസ് ഇഷ്യൂ ചെയ്യുന്നതിനുള്ള ഫീസിൽ വലിയ കുറവുണ്ട്. പുതിയ നിയമപ്രകാരം ഇത് രണ്ടായിരം റിയാൽ ആണ്. നേരത്തെ ഇത് 10000 ഖത്തർ റിയാൽ ആയിരുന്നു. ഈ ലൈസൻസ് പുതുക്കാനുള്ള നിരക്കിൽ മാറ്റമില്ല. ഇത് 2000 റിയാൽ തന്നെയാണ്.
കമ്പനികളുടെയും സ്ഥാപനങ്ങളുടെയും സീലുകൾ, തൊഴിൽ കരാറുകൾ, സർട്ടിഫിക്കറ്റുകൾ, മറ്റ് രേഖകൾ എന്നിവയുമായി ബന്ധപ്പെട്ട് തൊഴിൽ മന്ത്രാലയം നടത്തുന്ന അറ്റസ്റ്റേഷനുള്ള നിരക്കിൽ വർധനയില്ല. ഇത് ഇരുപത് റിയാൽ ആയി തുടരുമെന്നും അധികൃതർ അറിയിച്ചു. ഖത്തറികൾ, ഖത്തറി വനിതകളുടെ മക്കൾ, ജി.സി.സി രാഷ്ട്രങ്ങളിലെ പൗരന്മാർ എന്നിവർക്ക് ഈ നിരക്ക് ബാധകമല്ല.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.