ദോഹ: ജി.സി.സി ടൂറിസം തലസ്ഥാനമായി ദോഹയെ തിരഞ്ഞെടുത്തത് വിനോദസഞ്ചാര മേഖലയുടെയും ഗൾഫ് പരിസ്ഥിതിയുടെയും വികസനത്തിനായി ഖത്തർ നടത്തുന്ന വലിയ പരിശ്രമങ്ങൾക്കുള്ള ജി.സി.സി ജനറൽ സെക്രട്ടേറിയറ്റിന്റെ അംഗീകാരമാണെന്നും ഖത്തർ ടൂറിസം ചെയർമാനും വിസിറ്റ് ഖത്തർ ബോർഡ് ചെയർമാനുമായ സാദ് ബിൻ അലി അൽ ഖർജി പറഞ്ഞു.
ഗവൺമെന്റ് കമ്യൂണിക്കേഷൻസ് ഫോറം 2026ന്റെ സെഷനിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ജി.സി.സി രാജ്യങ്ങളിൽ നിന്നുള്ള കുടുംബങ്ങൾക്ക് അനുയോജ്യമായ രീതിയിലുള്ള ടൂറിസം പാക്കേജുകൾ രൂപപ്പെടുത്തുന്നതിൽ ഖത്തർ ടൂറിസം വലിയ ശ്രദ്ധയാണ് നൽകുന്നത്. ലോകത്തിലെ ഏറ്റവും സുരക്ഷിതമായ രാജ്യങ്ങളിലൊന്നാണ് ഖത്തർ എന്നതും വിനോദസഞ്ചാരികളെ ആകർഷിക്കുന്ന ഘടകമാണ്.
2025ൽ ഖത്തറിലെത്തിയ സന്ദർശകരിൽ 35 ശതമാനവും ഗൾഫ് രാജ്യങ്ങളിൽ നിന്നുള്ളവരാണ്. ഗൾഫ് നഗരങ്ങളിൽനിന്ന് ഖത്തറിലേക്ക് ആഴ്ചതോറും 400ലധികം വിമാന സർവിസുകൾ നടത്തുന്നുണ്ട്. കഴിഞ്ഞ വർഷം ഖത്തറിലെ ഹോട്ടലുകളിൽ 71 ശതമാനം ഓക്യുപ്പൻസി രേഖപ്പെടുത്തി, ഇത് റെക്കോർഡ് നേട്ടമാണ്.
ജി.സി.സി രാജ്യങ്ങൾക്കിടയിലുള്ള ടൂറിസം മത്സരം ആരോഗ്യകരമാണെന്നും ഇത് എല്ലാവർക്കും ഗുണകരമാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. ടൂറിസം മേഖലയുടെ പ്രാധാന്യം തിരിച്ചറിഞ്ഞ് കൂടുതൽ വികസന പ്രവർത്തനങ്ങൾ നടക്കുന്നുണ്ട്. ദോഹക്കു പുറമെ ഖത്തറിലെ മറ്റ് പ്രദേശങ്ങളിലേക്കും വിനോദസഞ്ചാരികൾക്ക് എളുപ്പത്തിൽ എത്താൻ സാധിക്കുന്ന വിധത്തിൽ സൗകര്യങ്ങൾ വർധിപ്പിച്ചിട്ടുണ്ട്. ഖത്തറിന്റെ സാംസ്കാരിക തനിമയും വ്യക്തിത്വവും നിലനിർത്തേണ്ടതിന്റെ പ്രാധാന്യത്തെക്കുറിച്ച് അദ്ദേഹം സംസാരിച്ചു.
റമദാൻ സീസണിൽ ഖത്തറി ഐഡന്റിറ്റിക്ക് പ്രാധാന്യം നൽകുന്ന പരിപാടികളായിരിക്കും സംഘടിപ്പിക്കുക.
മൂന്നാമത് അക്ൽ അവൽ ഫെസ്റ്റിവലിലൂടെ പാരമ്പര്യ ഭക്ഷണരീതികളും തദ്ദേശീയമായ അന്തരീക്ഷവും സന്ദർശകർക്ക് അനുഭവിക്കാൻ സാധിക്കും. ഔഖാഫ് മന്ത്രാലയവുമായി സഹകരിച്ച് റമദാനിൽ വൈജ്ഞാനിക സെമിനാറുകളും മതപണ്ഡിതർ പങ്കെടുക്കുന്ന പരിപാടികളും സംഘടിപ്പിക്കും. കൂടാതെ, റമദാൻ മാസത്തിൽ ആദ്യമായി ഖത്തറിൽ കായിക മത്സരങ്ങൾ നടക്കും.
ഇത് ഒരു പുതിയ വെല്ലുവിളിയാണെങ്കിലും കുടുംബങ്ങളെ ആകർഷിക്കാനുള്ള വലിയ അവസരമായി കാണുന്നുവെന്നും അദ്ദേഹം പറഞ്ഞു.
സന്ദർശകർക്ക് ആശ്വാസകരമായ അന്തരീക്ഷവും മികച്ച പരിപാടികളും കുറഞ്ഞ ചെലവിൽ ലഭ്യമാക്കുന്നതാണ് ഖത്തറിന്റെ വിനോദസഞ്ചാര നയമെന്ന് അദ്ദേഹം വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.