അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപിനെ സ്വാഗതം ചെയ്യാൻ അമേരിക്ക, ഖത്തർ ദേശീയ പതാകകളുമായി അണിഞ്ഞൊരുങ്ങിയ കോർണിഷ്
ദോഹ: അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ ചരിത്ര സന്ദർശനത്തിന് രാജകീയ വരവേൽപ് നൽകാൻ ഒരുങ്ങി ഖത്തർ. ഗസ്സയിൽ രക്തപ്പുഴയൊഴുകുന്ന ഇസ്രായേൽ ആക്രമണങ്ങൾക്കും, സിറയയിലെയും ലബനാനിലെയും പ്രശ്നങ്ങളും, മേഖലയിൽ ശാശ്വത സമാധനവും ഉൾപ്പെടെ സങ്കീർണതക്കിടയിൽ അമേരിക്കൻ പ്രസിഡന്റിന്റെ ഖത്തറിലേക്കുള്ള വരവിനെ ഏറെ പ്രതീക്ഷയോടെയാണ് ലോകം ഉറ്റുനോക്കുന്നത്.
പ്രസിഡന്റായി ചുമതലയേറ്റശേഷം ഡോണൾഡ് ട്രംപിന്റെ ആദ്യ സന്ദർശനത്തിന് മധ്യപൂർവേഷ്യൻ പര്യടനത്തിലൂടെ ചൊവ്വാഴ്ച തുടക്കം കുറിച്ചിരുന്നു. രാവിലെ പ്രാദേശിക സമയം ഒമ്പതോടെ റിയാദിലെത്തിയ ഡോണൾഡ് ട്രംപ് ബുധനാഴ്ച ഉച്ചകഴിഞ്ഞാവും ദോഹയിലെത്തുന്നത്.
ഫ്രാൻസിസ് മാർപാപ്പയുടെ സംസ്കാര ചടങ്ങുകൾക്കായി റോമിലെത്തിയത് ഒഴിച്ചാൽ, ട്രംപിന്റെ ആദ്യ നയതന്ത്ര വിദേശ പര്യടനത്തിനാണ് ചൊവ്വാഴ്ച തുടക്കം കുറിച്ചത്. ബുധനാഴ്ച ഗൾഫ് രാഷ്ട്രനേതാക്കൾ സംബന്ധിക്കുന്ന ഗൾഫ്-അമേരിക്ക ഉച്ചകോടിക്കുശേഷമായിരിക്കും പ്രസിഡന്റ് ദോഹയിലേക്ക് പറക്കുന്നത്.
ഇതിനു മുമ്പായി സൗദി നിക്ഷേപക സംഗമത്തിലും അദ്ദേഹം പങ്കെടുക്കും. അതേസമയം, പ്രസിഡന്റ് ദോഹയിലെത്തുന്ന സമയം സംബന്ധിച്ച് ഔദ്യോഗിക അറിയിപ്പുകൾ ലഭ്യമല്ല. ഖത്തറിലെത്തിയ ശേഷം, യു.എ.ഇ കൂടി സന്ദർശിച്ച് പര്യടനം പൂർത്തിയാകും.
ജോർജ് ഡബ്ല്യു. ബുഷിന്റെ 2003ലെ സന്ദർശനത്തിനുശേഷം ആദ്യമായാണ് പദവിയിലിരിക്കുന്ന ഒരു അമേരിക്കൻ പ്രസിഡന്റ് ദോഹയിലെത്തുന്നത്. 2003 ജൂണിലെ ഈജിപ്ത്, ജോർഡൻ സന്ദർശനത്തിന്റെ തുടർച്ചയായാണ് ബുഷ് ഖത്തറിലുമെത്തിയത്. രണ്ടു ദിവസത്തെ സന്ദർശനം ഒരു അമേരിക്കൻ പ്രസിഡന്റിന്റെ ആദ്യ ഖത്തർ യാത്ര എന്ന നിലയിൽ ചരിത്രത്തിൽ ഇടം നേടി.
2003ൽ ഖത്തറിലെത്തിയ അമേരിക്കൻ പ്രസിഡന്റ് ജോർജ് ഡബ്ല്യു. ബുഷിനെ അന്നത്തെ അമീർ ശൈഖ് ഹമദ് ബിൻ ഖലീഫ ആൽഥാനി സ്വീകരിക്കുന്നു
അമീർ ഹമദ് ബിൻ ഖലീഫ ആൽഥാനിയുമായി കൂടിക്കാഴ്ച നടത്തിയ ബുഷ്, അൽ ഉദയ്ദിലെ അമേരിക്കൻ ബേസ് സന്ദർശിച്ച് സൈനികരെ കാണുകയും ചെയ്താണ് മടങ്ങിയത്. ചരിത്രത്തിൽ ഇടം നേടിയ സന്ദർശനത്തിന്റെ 22ാം വർഷത്തിലാണ് മറ്റൊരു അമേരിക്കൻ പ്രസിഡന്റ് ദോഹയിലെത്തുന്നത്. നയതന്ത്ര ദൗത്യങ്ങളും, ലോകകപ്പ് ഫുട്ബാൾ ഉൾപ്പെടെ വിശ്വമേളകളുമായി ഖത്തർ ലോകത്തെയും മേഖലയിലെയും കരുത്തരായ ശക്തിയായതിനു പിന്നാലെയാണ് ട്രംപിന്റെ ദോഹ യാത്ര.
ഗസ്സയിലെ വെടിനിർത്തൽ വരും ദിവസങ്ങളിൽ യാഥാർഥ്യമാവുമോ എന്ന പ്രതീക്ഷയിലാണ് ലോകം. അമേരിക്കൻ പ്രസിഡന്റ് സൗദിയും, പിന്നാലെ ദോഹയും സന്ദർശിക്കാനെത്തുമ്പോൾ ഗസ്സ വെടിനിർത്തൽ സംബന്ധിച്ചും ചർച്ചകൾ സജീവമാണ്.
ഇസ്രായേൽ, ഹമാസ് പ്രതിനിധികളുമായുള്ള കൂടിക്കാഴ്ചകളും, ബന്ദി മോചനവും ഇതോടനുബന്ധിച്ച് നടക്കുന്നതും പ്രതീക്ഷ നൽകുന്നു. ഖത്തറും അമേരിക്കയും തമ്മിലെ വിവിധ നിക്ഷേപ പദ്ധതികൾക്കും സാധ്യതകളുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.