ദുഹൈലിനായി ഗോൾ നേടിയ എഡ്മിൽസണിനെ (മധ്യത്തിൽ) സഹതാരങ്ങൾ അഭിനന്ദിക്കുന്നു

എഡ്മിൽസൺ രക്ഷകനായി; ഖത്തർ സ്​റ്റാർസ്​ ലീഗ് കിരീടം ദുഹൈലിന്

ദോഹ: അവസാന പോരാട്ടം വരെ നീണ്ട 2019–2020 സീസണിലെ ക്യു.എൻ.ബി സ്​റ്റാർസ്​ ലീഗ് കിരീടം ദുഹൈൽ ക്ലബിന്. വക്റയിലെ അൽ ജനൂബ് സ്​റ്റേഡിയത്തിൽ നടന്ന അവസാന റൗണ്ട് മത്സരത്തിൽ കരുത്തരായ അൽ അഹ്​ലിയെ ഏകപക്ഷീയമായ ഒരു ഗോളിന് പരാജയപ്പെടുത്തിയാണ് ദുഹൈലിെൻറ കിരീട നേട്ടം. 22 മത്സരങ്ങളിൽ നിന്നായി 16 ജയവും 4 സമനിലയും 2 തോൽവിയുമടക്കം 52 പോയൻറുമായാണ് ദുഹൈൽ കിരീടത്തിൽ മുത്തമിട്ടത്.

ദുഹൈലിെൻറ പരിശീലകനായി സ്​ഥാനമേറ്റെടുത്തതിന് ശേഷം പരിശീലകൻ വലീദ് റെഗ്രാഗിയുടെ കന്നിക്കിരീടവും കൂടിയാണിത്.ഇതോടെ ഖത്തർ സ്​റ്റാർസ്​ ലീഗിലെ ദുഹൈലിെൻറ കിരീടനേട്ടം രണ്ടായി. നേരത്തെ 2017–2018 സീസണിലായിരുന്നു ദുഹൈലിെൻറ കന്നിക്കിരീടം. അൽ ജയ്ഷ്, ലഖ്വിയ ക്ലബുകൾ ലയിപ്പിച്ചാണ് ദുഹൈൽ ക്ലബ് രൂപീകരിച്ചിരിക്കുന്നത്.

അൽ ജനൂബ് സ്​റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ 23ാം മിനുട്ടിലാണ് ദുഹൈലിെൻറ വിജയഗോൾ പിറന്നത്. ഫ്രീകിക്കിലൂടെ ബ്രസീൽ താരമായ എഡ്മിൽസൺ ജൂനിയറാണ് ദുഹൈലിനായി ലക്ഷ്യം കണ്ടത്. സമനിലഗോളിനായി അൽ അഹ്​ലിയും ഗോൾ നേട്ടം ഇരട്ടിപ്പിക്കുന്നതിനായി ദുഹൈലും പോരാട്ടം കനപ്പിച്ചെങ്കിലും ഗോൾ മാത്രം അകന്നു നിന്നു. ദുഹൈലിെൻറ ലീഡോടെ ഒന്നാം പകുതി അവസാനിച്ചു.

രണ്ടാം പകുതിയിൽ കാര്യമായ മാറ്റങ്ങളില്ലാതെ ഇറങ്ങിയ ഇരുടീമുകളും മികച്ച മുന്നേറ്റങ്ങൾ നടത്തിയെങ്കിലും ലക്ഷ്യത്തിലെത്താനായില്ല.പരുക്കൻ അടവുകളുമായി ദുഹൈൽ മുന്നേറ്റങ്ങളുടെ മുനയൊടിക്കാൻ കഴിഞ്ഞത് അൽ അഹ്​ ലിയുടെ പരാജയഭാരം കുറച്ചു. ഇതിനിടയിൽ ഇരുടീമുകളും പകരക്കാരെ ഇറക്കിയെങ്കിലും ഗോൾ കണ്ടെത്താനായില്ല. ഏകപക്ഷീയമായ ഗോളിന് അൽ അഹ്​ലിയെ പരാജയപ്പെടുത്തിയ ദുഹൈൽ സ്​റ്റാർസ്​ ലീഗിൽ മുത്തമിട്ടു.

മറ്റൊരു മത്സരത്തിൽ അൽ വക്റയെ ഏകപക്ഷീയമായ രണ്ട് ഗോളിന് പരാജയപ്പെടുത്തിയ റയ്യാൻ പോയിൻറ് പട്ടികയിൽ രണ്ടാമതെത്തി.22 മത്സരങ്ങളിൽ നിന്ന് 15 ജയവും 6 സമനിലയുമായി 51 പോയൻറാണ് റയ്യാെൻറ സമ്പാദ്യം. 14 ജയങ്ങൾ നേടി 45 പോയൻറുമായി അൽ സദ്ദാണ് മൂന്നാമത്. 36 പോയിൻറുമായി ഗറാഫ നാലാം സ്​ഥാനത്തും ഫിനിഷ് ചെയ്തു. 15 ഗോളുകൾ നേടിയ അൽ സദ്ദിെൻറ ഖത്തർ താരം അക്രം അഫീഫും അൽ റയ്യാെൻറ അൾജീരിയൻ താരമായ യാസിൻ ബ്റാഹിമിയും ഈ സീസണിലെ ടോപ് സ്​കോറർ പട്ടം പങ്കിട്ടെടുത്തു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.