ദോഹ: ഉപരോധ രാജ്യങ്ങൾ ഖത്തറിനെതിരിലും ഖത്തരികൾക്കെതിരിലും സ്വീകരിച്ച നടപടികൾക്കെതിരെ സുരക്ഷാ കൗൺസിലിനെ സമീപിക്കുന്ന കാര്യം സജീവമായി ആലോചിച്ച് വരികയാണെന്ന് ഖത്തർ മനുഷ്യാവകാശ സമിതി ചെയർമാൻ ഡോ. അലി സുമൈഖ് അൽമറി. നിരവധി മനുഷ്യാവകാശ ധ്വംസനങ്ങളാണ് നടക്കുന്നത്. ആയിരക്കണക്കിന് പരാതികളാണ് ഇത് സംബന്ധിച്ച് ലഭിച്ചുകൊണ്ടിരിക്കുന്നത്.
ഖത്തരി പൗരൻമാരുടെ നിരവധി പദ്ധതികൾ മറ്റ് രാജ്യങ്ങളിൽ പ്രവർത്തിച്ചുകൊണ്ടിരിക്കുന്നുണ്ട്. ഇവയിൽ ചിലത് പൂട്ടി. ചിലതിെൻറ പ്രവർത്തനം നിരന്തരമായി തടസ്സപ്പെടുന്നു.
കുടുംബ ബന്ധങ്ങളെ പോലും വലിയ തോതിൽ ഉപരോധം ബാധിച്ചതായും സമിതി ചെയർമാൻ വ്യക്തമാക്കി. ഈ സാഹചര്യത്തിൽ യു.എൻ സുരക്ഷാ കൗൺസിൽ അടക്കമുള്ള രാജ്യാന്തര വേദികളിൽ വിഷയം ഉന്നയിക്കാനാണ് തീരുമാനിച്ചിരിക്കുന്നത്.
ഈ രാജ്യങ്ങൾക്കെതിരിൽ അന്താരാഷ്ട്ര കോടതിയിൽ കേസ് ഫയൽ ചെയ്യാനുള്ള ശ്രമം ആരംഭിച്ചതായും അദ്ദേഹം അറിയിച്ചു. സ്പെയിൻ തലസ്ഥാനമായ മഡ്രീഡിൽ അന്താരാഷ്ട്ര മീഡിയ ക്ലബ്ബിൽ ചേർന്ന പ്രത്യേക യോഗത്തിലാണ് ഖത്തർ മനുഷ്യാവകാശ ചെയർമാൻ ഇക്കാര്യം വ്യക്തമാക്കിയത്.
അന്താരാഷ്ട്ര തലത്തിൽ നിന്നുള്ള നിരവധി മാധ്യമ പ്രവർത്തകരാണ് ഈ യോഗത്തിൽ സംബന്ധിച്ചത്.
രാജ്യത്തിനെതിരിൽ നടത്തിയ ഗൂഡാലോചന തികച്ചും അപലപനീയവും അന്താരാഷ്ട്ര നിയമങ്ങൾക്ക് എതിരെയുമാണെന്ന കാര്യത്തിൽ സംശയമില്ല. അന്താരാഷ്ട്ര കോടതിയിൽ കേസ് നൽകാൻ മാത്രം ഗുരുതരമാണിതെന്നും ഡോ. മറി അഭിപ്രായപ്പെട്ടു.
മനുഷ്യാവകാശ സമിതികളായ ഹ്യൂമൻ റെറ്റ്സ് വാച്ചും ആംനസ്റ്റി ഇൻറർനാഷനലും അടക്കമുള്ള സംഘടനകൾ ഉപരോധത്തിനെതിരിൽ ഇതിനകം തന്നെ രംഗത്തെത്തിയതായി അദ്ദേഹം അറിയിച്ചു.
ആഗോള തലത്തിൽ തന്നെ ശക്തമായ സമ്മർദ്ദമുണ്ടായിട്ടും ഉപരോധം പിൻവലിക്കുന്നതടക്കമുള്ള നടപടികൾ എടുക്കാൻ ഈ രാജ്യങ്ങൾ തയ്യാറായിട്ടില്ല.
ഖത്തറിനെതിരിൽ ആരോപിച്ച ഏത് ആരോപണങ്ങളെ സംബന്ധിച്ചും തുറന്ന ചർച്ചക്ക് തങ്ങൾ സന്നദ്ധരാണെന്ന് അമീർ ശൈഖ് തമീം ബിൻ ഹമദ് ആൽഥാനിയടക്കം എല്ലാവരും അറിയിച്ച കാര്യമാണ്.
അൽജസീറ ചാനലിൽ മറ്റ് രാജ്യങ്ങളിൽ നിന്നുള്ള 103 ജീവനക്കാർ തൊഴിൽ ചെയ്യുന്നുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.