ദോഹ: ഗസ്സയിലെ വെടിനിർത്തലുമായി ബന്ധപ്പെട്ട് സമർപ്പിച്ച നിർദേശത്തിന് ഇസ്രായേൽ ഇതുവരെ മറുപടി തന്നില്ലെന്ന് ഖത്തർ. സമാധാനശ്രമങ്ങൾ തുടരുമെന്നും ഖത്തർ വിദേശകാര്യ വക്താവ് അറിയിച്ചു. ഗസ്സയിലെ ഇസ്രായേൽ ആക്രമണത്തിന് താൽക്കാലിക ശമനമെന്ന നിലയിൽ ആഗസ്റ്റ് 18ന് ആണ് ഖത്തറും ഈജിപ്തും വെടിനിർത്തൽ നിർദേശം മുമ്പോട്ടുവച്ചിരുന്നത്.
മധ്യസ്ഥ രാഷ്ട്രങ്ങൾ മുൻകൈയെടുത്ത് സമർപ്പിച്ച നിർദേശം ഹമാസ് അംഗീകരിച്ചു. എന്നാൽ, ആഴ്ചകൾ കഴിഞ്ഞിട്ടും നിർദേശത്തിന് ഇസ്രായേൽ മറുപടി നൽകിയില്ലെന്നാണ് ഖത്തർ വിദേശകാര്യ വക്താവ് മാജിദ് അൽ അൻസാരി ചൊവ്വാഴ്ച നടത്തിയ വാർത്തസമ്മേളനത്തിൽ അറിയിച്ചത്.
വെടിനിർത്തൽ നിർദേശത്തോട് പ്രതികരിക്കുന്നതിന് പകരം ഗസ്സയിൽ ഇസ്രായേൽ ആക്രമണം ശക്തിപ്പെടുത്തുന്ന കാഴ്ചയാണിപ്പോൾ. മാനുഷിക സഹായം പോലും നിഷേധിച്ച് അധിനിവേശം തുടർന്നു കൊണ്ടിരിക്കുന്നു. ഗസ്സയെ സമ്പൂർണമായി കീഴ്പ്പെടുത്താനുള്ള ഇസ്രായേൽ ശ്രമം എല്ലാവരെയും അപകടത്തിലാക്കും.
ഇതിനെതിരെ അന്താരാഷ്ട്ര സമൂഹം ഒറ്റക്കെട്ടായി നിലപാടെടുക്കണം. ഗസ്സയിലേക്കുള്ള മാനുഷിക സഹായമെത്തിക്കാൻ അതിർത്തികൾ പൂർണമായി തുറക്കണമെന്നും മാജിദ് അൽ അൻസാരി ആവശ്യപ്പെട്ടു.
ഈ മാസം ചേരുന്ന ഐക്യരാഷ്ട്രസഭയുടെ ജനറൽ അസംബ്ലി ഫലസ്തീൻ പ്രശ്നത്തിന് പരിഹാരം കണ്ടെത്താനുള്ള യോജിച്ച അവസരമാണ്. ദ്വിരാഷ്ട്ര പരിഹാരം മാത്രമാണ് ശാശ്വത പ്രശ്ന പരിഹാരത്തിനുള്ള ഏക പോംവഴി. ലോകരാഷ്ട്രങ്ങളുമായി ചേർന്ന് അതിനുള്ള ശ്രമങ്ങൾ ശക്തിപ്പെടുത്തുമെന്നും അദ്ദേഹം വ്യക്തമാക്കി
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.