മക്കക്ക് നേരെ ആക്രമണ ശ്രമം; വിശുദ്ധ സ്ഥലങ്ങളെ പ്രാദേശിക തർക്കങ്ങളിലേക്ക് വലിച്ചിഴക്കരുത്
ദോഹ: വിശുദ്ധ നഗരമായ മക്കയെ ലക്ഷ്യമിട്ട് ഹൂതി വിഭാഗം നടത്തിയ ഡ്രോൺ ആക്രമണം മതപരവും ധാർമ്മികവും മാനുഷികവുമായ തത്ത്വങ്ങളുടെ നഗ്നമായ ലംഘനമാണെന്ന് ഖത്തർ. മസ്ജിദുൽ ഹറാമിന്റെയും വിശുദ്ധ നഗരത്തിന്റെയും പവിത്രതയെ ഭീഷണിപ്പെടുത്താനുള്ള ഏത് നീക്കത്തെയും ശക്തമായി അപലപിക്കുന്നതായി ഖത്തർ വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി. ഇത്തരം നടപടികൾ ലോകമെമ്പാടുമുള്ള മുസ്ലിംകളുടെ വികാരങ്ങളെ വ്രണപ്പെടുത്തുന്ന പരസ്യമായ പ്രകോപനമാണെന്നും പ്രസ്താവനയിൽ ചൂണ്ടിക്കാട്ടി.
വിശുദ്ധ സ്ഥലങ്ങളുടെ പവിത്രതയും തീർത്ഥാടകരുടെ സുരക്ഷയും ഒരുകാരണവശാലും ചോദ്യം ചെയ്യപ്പെടാനോ പ്രാദേശിക തർക്കങ്ങളിലേക്ക് വലിച്ചിഴക്കപ്പെടാനോ പാടില്ല. മക്കയുടെയും മറ്റ് ഇസ്ലാമിക തീർത്ഥാടന കേന്ദ്രങ്ങളുടെയും സുരക്ഷയെ അപകടത്തിലാക്കുന്ന നടപടികൾ ഗുരുതരമായ പ്രത്യാഘാതങ്ങൾക്ക് വഴിവെക്കും. അത് വിശുദ്ധ സ്ഥലങ്ങളുടെ ആത്മീയ പ്രാധാന്യത്തെ നിന്ദിക്കുന്നതാണെന്നും മുന്നറിയിപ്പ് നൽകി.
സൗദി അറേബ്യയോട് പൂർണ്ണ ഐക്യദാർഢ്യം പ്രഖ്യാപിച്ച ഖത്തർ, രാജ്യത്തിന്റെ സുരക്ഷയും പരമാധികാരവും വിശുദ്ധ സ്ഥലങ്ങളും തീർത്ഥാടകരുടെ സുരക്ഷയും ഉറപ്പാക്കുന്നതിനായി സ്വീകരിക്കുന്ന എല്ലാ നടപടികൾക്കും പിന്തുണ അറിയിച്ചു. സാധാരണക്കാർക്കും ആരാധനാലയങ്ങൾക്കും നേരെ നടക്കുന്ന ആക്രമണങ്ങൾ അംഗീകരിക്കാനാവില്ലെന്നും വിശുദ്ധ സ്ഥലങ്ങളെ പ്രാദേശിക സംഘർഷങ്ങളിൽനിന്ന് ഒഴിവാക്കണമെന്നും പ്രസ്താവനയിൽ ആവശ്യപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.