ദോഹ: ആരോഗ്യമുള്ള സമൂഹത്തിനായി, കൃത്യതയാർന്ന വ്യായാമങ്ങളിലൂടെ ഖത്തർ നടത്തുന്ന ച ടുലതയാർന്ന ചുവടുവെപ്പിന് നാളെ തുടക്കമാകും. പ്രവാസികളുടെ ഓരോ നിശ്വാസങ്ങളിലും കൂടെനിന്ന ഗൾഫ് മാധ്യമം ഒരുക്കുന്ന ‘ഖത്തർ റൺ 2020’ മെഗാ ഇവൻറിൽ കുതിപ്പിലൂടെ ആരോഗ്യകരമായ ജീവിതത്തിലേക്ക് ഓടിക്കയറാനുള്ള അവസാനഘട്ട തയാറെടുപ്പിലാണ് പ്രവാസിലോകം. പ്രവാസികളുടെ പ്രിയ സ്പോർട്സ് ഇവൻറായ ‘ഖത്തർ റൺ 2020’ വെള്ളിയാഴ്ച രാവിലെ ഏഴിന് ദോഹ അൽബിദ പാർക്കിൽ നടക്കും. ‘ബ്രാഡ്മ’ ഗ്രൂപ് മുഖ്യപ്രായോജകരാകുന്ന പ്രവാസികളുടെ ഏറ്റവും വലിയ റൺ രാവിലെ ഏഴിന് തുടങ്ങും. ജോലിത്തിരക്കിലമർന്ന്, സമ്മർദങ്ങളുടെ ജീവിതം താണ്ടുന്നതിനിടയിൽ ലഭിച്ച അസുലഭാവസരത്തെ പരമാവധി പ്രയോജനപ്പെടുത്താൻതന്നെയാണ് പ്രവാസിലോകത്തിെൻറ തീരുമാനം. ഇതു ശരിവെക്കുന്നതായിരുന്നു നാളിതുവരെ ലഭിച്ച രജിസ്ട്രേഷനിലൂടെ വ്യക്തമായത്.
ഖത്തറിൽ താമസിക്കുന്ന ഇന്ത്യക്കാർക്കൊപ്പം 32 രാജ്യങ്ങളിലെ അത്ലറ്റുകളും താരങ്ങളും കായിക പ്രേമികളുമാണ് ഖത്തർ റണ്ണിൽ ഓടാനെത്തുന്നത്. ഇന്ത്യക്കാർ കഴിഞ്ഞാൽ സ്വദേശികളായ ഖത്തരികൾ തന്നെയാണ് ഖത്തർ റണ്ണിനെ ഏറ്റെടുത്തിരിക്കുന്നത്. ഖത്തറിൽനിന്ന് 37 താരങ്ങളാണ് ഗൾഫ് മാധ്യമം ഒരുക്കുന്ന ട്രാക്കിൽ ഓടാനെത്തുന്നത്. പിന്നാലെ ബ്രിട്ടനിലെ കായികതാരങ്ങളുടെ കുതിപ്പിനാണ് ട്രാക്ക് സാക്ഷ്യം വഹിക്കാനൊരുങ്ങുന്നത്. 31 ബ്രിട്ടീഷ് താരങ്ങൾ റണ്ണിൽ അണിനിരക്കും. പിന്നാലെ ഫിലിപ്പീനും അമേരിക്കയുമാണ്. 13 ഫിലിപ്പീൻ അത്ലറ്റുകൾ മാറ്റുരക്കാനെത്തുമ്പോൾ അമേരിക്ക, നെതർലൻഡ്സ് എന്നീ രാജ്യങ്ങളിലെ അഞ്ചു വീതം താരങ്ങൾ ഖത്തർ റണ്ണിനൊപ്പം ഓടാനെത്തും. റഷ്യ, അയർലൻഡ്, തുനീഷ്യ, റുമേനിയ, സ്വീഡൻ, ന്യൂസിലൻഡ്, ഫ്രാൻസ്, പോർചുഗൽ തുടങ്ങി 32ൽപരം രാജ്യക്കാരാണ് പ്രവാസിലോകത്തിനൊപ്പം മലയാളക്കരയിൽനിന്നും പ്രസിദ്ധീകരിക്കുന്ന ഒരു പത്രം സംഘടിപ്പിക്കുന്ന മെഗാ ഇവൻറിൽ ഓടാനൊത്തുന്നത്. ആഗോള പൗരന്മാരെ ഒറ്റ ട്രാക്കിൽ അണിനിരത്തി ഒരു മാധ്യമം ഒരുക്കുന്ന സ്പോർട്സ് ഇവൻറ് എന്ന ചരിത്രത്തിന് കൂടിയാണ് ‘ഖത്തർ റൺ 2020’ സാക്ഷ്യം വഹിക്കാനെരുങ്ങുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.