ഇവാനും റിതു ഫോഗട്ടും
ദോഹ: കളി തന്ത്രങ്ങൾ പറഞ്ഞ് മലയാളികളുടെ പ്രിയങ്കരനായി മാറിയ കോച്ച് ഇവാൻ വുകോമനോവിച്ചും ഗോദയിൽ മെയ്ക്കരുത്തുമായി ലോകവേദിയിൽ ഇന്ത്യക്ക് അഭിമാനമായി മാറിയ റിതു ഫോഗട്ടുമായിരുന്നു ഖത്തർ റൺ വേദിയിൽ താരമായത്.
രാവിലെ മത്സരങ്ങൾക്ക് തുടക്കം കുറിച്ചതിനു പിന്നാലെ ആസ്പയർ പാർക്കിലെ വേദിയിലെത്തിയ വിശിഷ്ടാതിഥികളെ ആരാധകർ ഏറ്റെടുത്തു. ആദ്യകാഴ്ചയിൽ കോച്ച് ഇവാനെ ആരാധകർ വളഞ്ഞു, സെൽഫിയും ഫോട്ടോയെടുപ്പുമായി.
ഓട്ടം പൂർത്തിയാക്കിയ വിദേശ താരങ്ങൾ ആരാണ് വിശിഷ്ടാതിഥിയെന്ന അന്വേഷണത്തിലായി. ഇന്ത്യൻ ക്ലബ് ഫുട്ബാളിലെ സൂപ്പർ കോച്ചും, യൂറോപ്യൻ ക്ലബുകളിലെ പഴയ താരവുമാണെന്ന് അറിഞ്ഞതോടെ വിദേശ ആരാധകരും അരികിലെത്തി സെൽഫി പകർത്തലായി.
കോച്ച് ഇവാൻ വുകോമനോവിച്ചിനൊപ്പം സെൽഫി പകർത്തുന്ന ആരാധകർ
ഗുസ്തിയിൽനിന്നും മിക്സഡ് മാർഷൽ ആർട്സിലേക്ക് മാറി വിജയക്കൊടി പാറിക്കുന്ന റിതുവിനൊപ്പും ആളുകൾ കൂടി. ആരാധകരുടെ തിക്കും തിരക്കും ആസ്വദിച്ചുകൊണ്ടു തന്നെ അവർക്കൊപ്പം ചിത്രങ്ങൾ പകർത്തി ഇരുവരും ഖത്തർ റണ്ണിന്റെ ഭാഗമായി.
വിവിധ ദേശക്കാരായ കായികതാരങ്ങളുടെ വാശിയോടെയുള്ള പങ്കാളിത്തം നേരിട്ടുകണ്ടതിന്റെ ആവേശത്തിലായിരുന്നു കോച്ച് ഇവാൻ. കളിക്കാരനായിരിക്കെ ഫുട്ബാളിനൊപ്പം ഓട്ടക്കാരനായതിന്റെ ഓർമയും അദ്ദേഹം പങ്കുവെച്ചു.
നിത്യജീവിതത്തിൽ സ്പോർട്സും വ്യയാമവും പതിവാക്കണമെന്ന സന്ദേശമാണ് ഇത്തരം മത്സരങ്ങൾ സമ്മാനിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
എല്ലാവർക്കും അവസരം നൽകുന്ന ഖത്തർ റൺ പോലെയൊരു കായിക മത്സരത്തിന് മുൻകൈയെടുത്ത ഗൾഫ് മാധ്യമത്തെ അഭിനന്ദിക്കുന്നതായി റിതു ഫോഗട്ട് പ്രതികരിച്ചു. 50ലേറെ രാജ്യക്കാരായ 700ൽ ഏറെ കായിക താരങ്ങളുടെ പങ്കാളിത്തം അവിശ്വസനീയമായ കാഴ്ചയാണെന്നും അവർ പറഞ്ഞു.
ദോഹ: ഖത്തർ ദേശീയ കായിക ദിനത്തിന്റെ ഉത്സവങ്ങളിൽ പങ്കുചേരാൻ അയൽ രാജ്യമായ സൗദിയിൽനിന്നും ഓടിയെത്തിയതാണ് അബ്ദുൽറഹ്മാൻ അൽ അഖിലിയുടെ നേതൃത്വത്തിൽ നാലംഗ സംഘം.
റിയാദ് മാരത്തൺ ഉൾപ്പെടെ മേഖലയിലെ ശ്രദ്ധേയമായ ഓട്ടമത്സരങ്ങളിൽ പങ്കെടുത്ത അനുഭവ സമ്പത്തുമായി ഖത്തറിലെത്തിയവർ ഗൾഫ് മാധ്യമം ഖത്തർ റണ്ണിൽനിന്നും മെഡലുകളും സമ്മാനവുമായി മടങ്ങി.
ഖത്തർ സ്പോർട്സ് ഫോർ ഓൾ ഫെഡറേഷൻ വഴിയായിരുന്നു ആറാമത് സീസൺ ഖത്തർ റണ്ണിന് നാലുപേരും രജിസ്റ്റർ ചെയ്തത്.
ഖത്തർ റണ്ണിന്റെ മെഡലുമായി സൗദി താരങ്ങൾ
അഞ്ച് കിലോമീറ്ററിൽ മത്സരിച്ച അബ്ദുൽറഹ്മാൻ, വനിത വിഭാഗത്തിൽ മത്സരിച്ച ലുബ്ന അൽ ലോഫെയ്ലി, 10 കിലോമീറ്ററുകളിൽ മത്സരിച്ച റഗാദ് അൽ അജാജി, നൂറ അൽ ദോസരി എന്നിവർ. ഇവരിൽ അഞ്ച് കി.മീ വനിത വിഭാഗം ഓപണിൽ മാറ്റുരച്ച ലുബ്ന 25.44 മിനിറ്റിൽ ഫിനിഷ് ചെയ്ത് രണ്ടാം സ്ഥാനവുമായാണ് നാട്ടിലേക്ക് മടങ്ങുന്നത്.
10 കി.മീ വനിത ഓപൺ വിഭാഗത്തിൽ നൂറയും റഗാദും തങ്ങളുടെ മികച്ച സമയത്തിൽതന്നെ ഫിനിഷ് ചെയ്തു.
ഖത്തറിലെ ആദ്യത്തെ കായിക മത്സരത്തിലെ അനുഭവം ഹൃദ്യമായിരുന്നുവെന്ന് മത്സരശേഷം നാലുപേരും ഗൾഫ് മാധ്യമത്തോട് പറഞ്ഞു. നല്ല കാലാവസ്ഥയും മികച്ച മത്സരവുമായിരുന്നു.
ഉറച്ച മണലുകളുള്ള ട്രാക്കും ഓടാൻ പാകമായിരുന്നൂവെന്ന് ഇവർ സാക്ഷ്യപ്പെടുത്തുന്നു. സംഘാടനത്തിനും നൂറു മാർക്ക്. അടുത്ത സീസണിൽ വീണ്ടും കാണാം എന്ന ഉറപ്പുമായി ഓടിയെടുത്ത മെഡലും ഉയർത്തിപ്പിടിച്ച് അവർ യാത്രപറയുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.