യു.എൻ ജനറൽ അസംബ്ലിയുടെ ഹ്യൂമൻ റൈറ്റ്സ് കൗൺസിലിന്റെ റിപ്പോർട്ടുമായി ബന്ധപ്പെട്ട പൊതുചർച്ചയിൽ ഖത്തറിന്റെ പ്രതിനിധി നൂർ അൽ മആരിഫി സംസാരിക്കുന്നു
ദോഹ: ഫലസ്തീൻ ജനതയോടുള്ള ഐക്യദാർഢ്യം യു.എൻ വേദിയിൽ ആവർത്തിച്ച് ഖത്തർ. ഗസ്സയിൽ സിവിലിയന്മാരെ ലക്ഷ്യമിട്ടുള്ള ആക്രമണങ്ങളെ അപലപിക്കുകയും മേഖലയിൽ സുരക്ഷയും സ്ഥിരതയും കൈവരിക്കാനുള്ള ശ്രമങ്ങൾ നടപ്പാക്കണമെന്നും ഖത്തർ ആവർത്തിച്ചു.
അന്താരാഷ്ട്ര തലത്തിൽ മനുഷ്യാവകാശങ്ങൾ സംരക്ഷിക്കുന്നതിനും അതിനുവേണ്ടിയുള്ള ഇടപെടലുകൾ പ്രോത്സാഹിപ്പിക്കുന്നതിനും ലക്ഷ്യമിട്ടുള്ള ശ്രമങ്ങൾക്ക് പിന്തുണ നൽകുമെന്നും യു.എൻ വേദിയിൽ ഖത്തർ പ്രതിനിധി വ്യക്തമാക്കി. യു.എൻ ജനറൽ അസംബ്ലിയുടെ 80ാമത് പൊതുസമ്മേളനത്തിൽ ഹ്യൂമൻ റൈറ്റ്സ് കൗൺസിലിന്റെ റിപ്പോർട്ടുമായി ബന്ധപ്പെട്ട പൊതു ചർച്ചയിലാണ് ഖത്തറിന്റെ പ്രതിനിധി നൂർ അൽ മആരിഫി നിലപാട് വ്യക്തമാക്കിയത്.
കിഴക്കൻ ജറൂസലം ഉൾപ്പെടെയുള്ള അധിനിവേശ ഫലസ്തീൻ പ്രദേശങ്ങളിലെ മനുഷ്യാവകാശ സാഹചര്യവുമായി ബന്ധപ്പെട്ട പ്രമേയങ്ങളുടെയും തീരുമാനങ്ങളുടെയും പട്ടിക മനുഷ്യാവകാശ കൗൺസിലിന്റെ റിപ്പോർട്ടിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ഗസ്സ മുനമ്പിലും പരിസരത്തുമുണ്ടായ സംഘർഷത്തെക്കുറിച്ചും പ്രത്യാഘാതങ്ങളെക്കുറിച്ചുള്ള ആശങ്കയും ഫലസ്തീനിലെ ഉയർന്ന മരണനിരക്കും ഉൾപ്പെടുന്നതാണിതെന്നും അവർ പറഞ്ഞു. മനുഷ്യാവകാശങ്ങളെ ബഹുമാനിക്കുകയും സംരക്ഷിക്കുകയും പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്നതിൽ ഖത്തർ പ്രഥമ പരിഗണന നൽകുന്നു. ഇതിനായി മനുഷ്യാവകാശങ്ങളുടെയും മൗലിക സ്വാതന്ത്ര്യങ്ങളുടെയും തത്ത്വങ്ങൾ ഉൾക്കൊള്ളുകയും എല്ലാവർക്കും സംരക്ഷണവും ഉറപ്പാക്കുകയും ചെയ്യുന്ന ഭരണഘടനപരവും നിയമനിർമാണപരവുമായ സംവിധാനങ്ങളുണ്ട്.
അന്താരാഷ്ട്ര മനുഷ്യാവകാശ ഉടമ്പടികൾ പ്രകാരമുള്ള ബാധ്യതകൾ നിറവേറ്റുന്നതിനും യു.എൻ മനുഷ്യാവകാശ സംവിധാനങ്ങളുമായി നിരന്തരമായ ബന്ധം നിലനിർത്തുന്നതിലും ഖത്തർ പ്രത്യേക ശ്രദ്ധ ചെലുത്തുന്നുണ്ടെന്ന് അവർ വിശദീകരിച്ചു.
മനുഷ്യാവകാശങ്ങൾ പ്രോത്സാഹിപ്പിക്കുന്നതിനുള്ള ശ്രമങ്ങളുടെ ഭാഗമായി കഴിഞ്ഞ നവംബറിൽ യൂനിവേഴ്സൽ പീരിയോഡിക് റിവ്യൂ (യു.പി.ആർ) സംവിധാനത്തിന് നാലാമത്തെ റിപ്പോർട്ട് സമർപ്പിച്ചതായും അവർ പറഞ്ഞു. മാനുഷിക പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട് അന്താരാഷ്ട്ര സഹകരണത്തോടെ ഖത്തർ പ്രവർത്തിക്കുന്നു.
മാനുഷിക സഹായം നൽകുന്നതിൽ സുപ്രധാന പങ്ക് വഹിക്കുന്നുമുണ്ട്. 2012 മുതൽ 2023 ജൂൺ വരെ, ഖത്തർ ഫണ്ട് ഫോർ ഡെവലപ്മെന്റ് നിരവധി രാജ്യങ്ങൾക്ക് വികസനപരവും മാനുഷികവുമായ സഹായം എത്തിച്ചുനൽകിയിട്ടുണ്ട്. വിദ്യാഭ്യാസം, ആരോഗ്യ സംരക്ഷണം, സാമ്പത്തിക വളർച്ച, ദുരിതാശ്വാസം തുടങ്ങിയ പ്രധാന മേഖലകളെ ലക്ഷ്യമിട്ട് ആറ് ബില്യൺ യു.എസ് ഡോളറിലധികം മൂല്യമുള്ള സഹായങ്ങളാണ് നൽകിയത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.