ദോഹ: ഖത്തറിനെതിരായ അയൽരാജ്യങ്ങളുടെ ഉപരോധം ചേരിചേരാനയങ്ങൾക്ക് വിരുദ്ധമാണെ ന്ന് ഖത്തർ. അസർബൈജാനിലെ ബകുവിൽ നടന്ന ചേരിചേരാ പ്രസ്ഥാനത്തിെൻറ 18ാമത് ഉച്ചകോടിയിലാണ് ഖത്തർ തുറന്നടിച്ചത്. ഖത്തർ വിദേശകാര്യ സഹമന്ത്രി സുൽത്താൻ ബിൻ സഅദ് അൽ മുറൈഖിയുടെ നേതൃത്വത്തിലുള്ള സംഘമാണ് ഖത്തറിനെ പ്രതിനിധാനംചെയ്ത് പങ്കെടുക്കുന്നത്. ചേരിചേരാ പ്രസ്ഥാനത്തിെൻറ തത്ത്വങ്ങളും നയങ്ങളും പാലിക്കുന്നതിൽ ഖത്തർ പ്രതിജ്ഞാബദ്ധമാണ്. പ്രസ്ഥാനത്തിെൻറ എല്ലാ ലക്ഷ്യങ്ങളും കൈവരിക്കുന്നതിനും വെല്ലുവിളികൾ നേരിടുന്നതിനും സഹകരിക്കാനും ഖത്തർ മുന്നിലുണ്ടാകുമെന്നും വിദേശകാര്യ സഹമന്ത്രി സുൽത്താൻ സഅദ് അൽ മുറൈഖി വ്യക്തമാക്കി. ഉപരോധ രാജ്യങ്ങളുടെ നിലപാട് ചേരിചേരാനയങ്ങൾക്ക് വിരുദ്ധവും കൂട്ടായ്മയുടെ നയങ്ങൾക്കും തത്ത്വങ്ങൾക്കുമെതിരെയുള്ള ഭീഷണിയുമാണ്.
ഒരു രാജ്യത്തിനെതിരായി ചില രാജ്യങ്ങളുടെ പ്രവർത്തനങ്ങൾ ന്യൂയോർക്കിൽ നടന്ന ചേരിചേരാപ്രസ്ഥാനത്തിെൻറ മന്ത്രിതലയോഗത്തിൽ വിമർശിക്കപ്പെട്ടതാണ്. യു.എൻ ചാർട്ടറിെൻറ ലംഘനമാണ് ഇതെന്നും അദ്ദേഹം വ്യക്തമാക്കി. ചേരിചേരാ പ്രസ്ഥാനത്തിലുൾപ്പെടുന്ന രാജ്യങ്ങളുമായി മികച്ച സഹകരണവും നയതന്ത്രബന്ധവും രൂപപ്പെടുത്തിയെടുക്കാനാണ് ഖത്തർ എന്നും ശ്രമിച്ചിട്ടുള്ളത്. പ്രസ്ഥാനത്തിലെ അംഗരാജ്യങ്ങളുമായി ഒത്തൊരുമയോടെയും സഹകരണത്തോടെയും പ്രവർത്തിക്കാനുള്ള അവസരം കൂടിയാണ് ഉച്ചകോടിയെന്നും അദ്ദേഹം സൂചിപ്പിച്ചു. പ്രതിസന്ധികളിലൂടെയാണ് മിഡിലീസ്റ്റ് കടന്നുപോയിക്കൊണ്ടിരിക്കുന്നത്. അന്താരാഷ്ട്ര സമൂഹത്തിെൻറ പിന്തുണയോടെയല്ലാതെ പ്രതിസന്ധി തരണംചെയ്യാനാകില്ല. സുസ്ഥിര വികസനത്തിന് ഏറ്റവും വലിയ വെല്ലുവിളിയായി മാറിക്കഴിഞ്ഞ കാലാവസ്ഥ വ്യതിയാനംപോലെയുള്ള പ്രതിസന്ധി മറികടക്കുന്നതിന് അന്താരാഷ്ട്ര സമൂഹവുമായി ചേർന്ന് പ്രവർത്തിക്കാൻ ഖത്തർ സന്നദ്ധമാണെന്നും ഉച്ചകോടിയിൽ അദ്ദേഹം സൂചിപ്പിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.