ദോഹ: ദോഹ തുറമുഖത്ത് കഴിഞ്ഞ ദിവസം നങ്കൂരമിട്ട രണ്ട് മെഗാ ക്രൂയിസ് കപ്പലുകളിലായി രാജ്യത്ത് എത്തിയത് 6000ലധികം വരുന്ന ക്രൂയിസ് വിനോദസഞ്ചാരികൾ. ഇതാദ്യമായാണ് ഒരേ സമയം രണ്ട് വലിയ യാത്രാകപ്പൽ നങ്കൂരമിടുന്നത്. രാജ്യത്തിെൻറ ക്രൂയിസ് വിനോദസഞ്ചാരമേഖലയിലെ മുന്നേറ്റത്തെയാണ് ഇത് കാണിക്കുന്നത്. ഒന്നിലധികം വരുന്ന വലിയ കപ്പലുകളെ ഒരേ സമയം ഉൾക്കൊള്ളുന്നതിനുള്ള നവീകരണ പ്രവർത്തനങ്ങൾ ദോഹ തുറമുഖത്ത് പുരോഗമിച്ച് കൊണ്ടിരിക്കെയാണ് ഇത്. എം എസ് സി ലിറിക്കയും സെലിബ്രിറ്റി കൺസ്റ്റലേഷനുമാണ് ആയിരക്കണക്കിന് സഞ്ചാരികളുമായി എത്തിയത്. സഞ്ചാരികളെ ദേശീയ ടൂറിസം കൗൺസിൽ, മവാനി ഖത്തർ അധികൃതർ ചേർന്ന് സ്വീകരിച്ചു.
രണ്ട് ക്രൂയിസ് കപ്പലുകളും ഇതാദ്യമായാണ് സഞ്ചാരികളുമായി തീരമണഞ്ഞത്. അടുത്ത വർഷം ഏപ്രിൽ അവസാനം വരെ തുടരുന്ന നിലവിലെ ക്രൂയിസ് വിനോദസഞ്ചാര സീസണിൽ 140000 സന്ദർശകരുമായി 42 കപ്പലുകളെയാണ് ദോഹ തുറമുഖം പ്രതീക്ഷിക്കുന്നത്. മുൻ സീസണിൽ നിന്ന് 100 ശതമാനം വളർച്ചയായിരിക്കും പുതിയ സീസണിൽ രേഖപ്പെടുത്താനിരിക്കുന്നത്. വിനോദസഞ്ചാരമേഖലയുടെ ഉപ മേഖലകളിൽ അഭൂതപൂർവമായ വളർച്ചയാണ് രേഖപ്പെടുത്തിയിരിക്കുന്നതെന്നും ലോകത്തിലെ മുൻനിര ക്രൂയിസ് ഓപറേറ്റർമാർ ഖത്തറിനെയും തങ്ങളുടെ ശൈത്യകാല സഞ്ചാര കേന്ദ്രമായി ഉൾപ്പെടുത്തിയിരിക്കുകയാണെന്നും ദേശീയ വിനോദസഞ്ചാര സമിതി വക്താവ് ജവഹർ അൽ ഖുസാഇ പറഞ്ഞു. എം എസ് സി ലിറിക്കയിൽ 3500 യാത്രക്കാരും സെലിബ്രിറ്റി കൺസ്റ്റലേഷനിൽ 2500ലധികം യാത്രക്കാരുമാണ് ഖത്തറിലെത്തിയത്. കഴിഞ്ഞ വർഷം ഖത്തറിലെത്താത്ത 10 കപ്പലുകൾ ഇത്തവണ ദോഹ തുറമുഖത്ത് നങ്കൂരമിടുമെന്നാണ് പ്രതീക്ഷിക്കുന്നത്. 2019–2020 ക്രൂയിസ്് സീസണിൽ സഞ്ചാരികളുടെ എണ്ണം രണ്ട് ലക്ഷമാക്കുകയെന്നതാണ് അധികൃതരുടെ ലക്ഷ്യം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.