ദോഹ: രണ്ടു മിനിറ്റിന്റെ ഇടവേളയിൽ രണ്ടുഗോളുകൾ, യഹ് യ അൽഗസ്സാനിയുടെ ഇരട്ട ഗോളിന്റെ മികവിൽ കുവൈത്തിനെതിരെ ജയത്തോടെ (3-1) യു.എ.ഇ ക്വാർട്ടർ പ്രവേശനമുറപ്പാക്കി. യു.എ.ഇ മികച്ച പ്രകടനമാണ് കളിയിലുടനീളം പുറത്തെടുത്തത്. 16ാം മിനിറ്റിൽ കുവൈത്തിന്റെ അഹമ്മദ് അൽദെഫിറിക്കെതിരെ ഫൗൾ ലഭിച്ചതോടെ യു.എ.ഇക്ക് അനുകൂലമായി ലഭിച്ച പെനാൽറ്റിയിലൂടെയാണ് സ്കോറിങ് ആരംഭിച്ചത്.
പെനാൽറ്റിയിലൂടെ യഹ് യ അൽഗസ്സാനി ആദ്യ ഗോൾ നേടി വലകുലുക്കി. മിനിറ്റുകളുടെ വിത്യാസത്തിൽ യഹ് യ അൽഗസ്സാനി തന്നെ വീണ്ടും ഗോൾ നേടി. ആദ്യ പകുതിയുടെ തുടക്കത്തിൽ രണ്ടു ഗോളിന്റെ സമ്മർദത്തിലായ കുവൈത്ത് പതാറാതെ കളിച്ചെങ്കിലും പക്ഷേ, ഗോൾ നേടാൻ സാധിച്ചില്ല.
രണ്ടാം പാതിയുടെ തുടക്കത്തിൽ, കുവൈത്തിന്റെ സുൽത്താൻ അൽനസി റെഡ് കാർഡ് ലഭിച്ച് പുറത്തായതോടെ കുവൈത്ത് കൂടുതൽ സമ്മർദത്തിലായി. അതേസമയം 59ാം മിനിറ്റിൽ മികച്ച മുന്നേറ്റത്തിലൂടെ ഫഹദ് അൽ ഹാജരി ഒരു ഗോൾ മടക്കിയതോടെ കുവൈത്തിന്റെ പാളയത്തിൽ ആവേശമുയർന്നു. എന്നാൽ, അധികം നീളുംമുന്നേ നിക്കോളാസ് ജിംനെസ് യു.എ.ഇക്കുവേണ്ടി വീണ്ടും ഗോൾ നേടി, ലീഡ് ഉയർത്തി വിജയത്തിന്റെ മാധുര്യം വർധിപ്പിച്ചു.
അതേസമയം, അവസാന നിമിഷം വരെ ഗോളിനായി കുവൈത്ത് നിരയിൽനിന്ന് മോഅത്ത് അൽദാഫിരി, നാസർ അൽ ഫലഹ് എന്നിവർ ശ്രമങ്ങൾ നടത്തിയെങ്കിലും ലക്ഷ്യസ്ഥാനത്തെത്തിയില്ല. ഒരോ ജയവും തോൽവിയും സമനിലയും നേടി നാലു പോയന്റുമായി ഗ്രൂപ്പിൽ രണ്ടാമതെത്തിയ യു.എ.ഇ ക്വാർട്ടർ യോഗ്യത ഉറപ്പാക്കിയിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.