ലോക്കൽ ഓർഗനൈസിങ് കമ്മിറ്റി ഭാരവാഹികൾ വാർത്തസമ്മേളനത്തിൽ
ദോഹ: ഫിഫ അറബ് കപ്പ് ആരവങ്ങൾക്കൊപ്പം ക്ലബ് ഫുട്ബാളിലെ വൻകരകളുടെ പോരാട്ടമായ ഇന്റർകോണ്ടിനെന്റൽ കപ്പിന് ഖത്തറിൽ ഇന്ന് വേദിയൊരുങ്ങും. തുടർച്ചയായി രണ്ടാം വർഷമാണ് ഇന്റർകോണ്ടിനെന്റർ കപ്പ് ടൂർണമെന്റിലെ മത്സരങ്ങൾക്ക് ഖത്തർ ആതിഥേയത്വം വഹിക്കുന്നത്.
ടൂർണമെന്റിന് പ്രാദേശിക-അന്തർദേശീയ ഫുട്ബാൾ ആരാധകർ വലിയ ആവേശവും താൽപര്യവും പ്രകടിപ്പിച്ചതായി സംഘാടകർ വാർത്തസമ്മേളനത്തിൽ വിശദീകരിച്ചു. നിലവിൽ നടന്നുകൊണ്ടിരിക്കുന്ന ഫിഫ അറബ് കപ്പ് ടൂർണമെന്റിൽ വിശ്രമ ദിനങ്ങളിലാകും പ്രമുഖ ക്ലബുകൾ ഏറ്റുമുട്ടുന്ന ഇന്റർകോണ്ടിനെന്റൽ കപ്പിന് അഹമ്മദ് ബിൻ അലി സ്റ്റേഡിയം വേദിയാകുക. ക്ലബ് മത്സരത്തിന്റെ അവസാന മൂന്ന് മത്സരങ്ങൾക്കായി ഖത്തർ പൂർണ സജ്ജമാണെന്ന് ലോക്കൽ ഓർഗനൈസിങ് കമ്മിറ്റി അറിയിച്ചു. ഡിസംബർ 10, 13, 17 തീയതികളിലായി ടൂർണമെന്റ് നടക്കും.
ലോകോത്തര ടൂർണമെന്റുകൾക്ക് ആതിഥേയത്വം വഹിക്കുന്നതിലൂടെ, എല്ലാ തലങ്ങളിലും ഫുട്ബാളിനെ മുന്നോട്ട് കൊണ്ടുപോകാനുള്ള ഞങ്ങളുടെ പ്രതിബദ്ധതയെയാണ് ഇത് കാണിക്കുന്നതെന്ന് എൽ.ഒ.സി മാർക്കറ്റിങ്, പ്രമോഷൻ, കമേഴ്സ്യൽ എക്സിക്യൂട്ടീവ് ഡയറക്ടർ ഹസ്സൻ അൽ കുവാരി പറഞ്ഞു. ഒരേസമയം നിരവധി ടൂർണമെന്റുകൾക്ക് ആതിഥേയത്വം വഹിക്കുന്നതിലൂടെ, രാജ്യത്തിന്റെ പ്രവർത്തന -സംഘാടന മികവും അറബ് മേഖലയുടെ കായിക പാരമ്പര്യവും പ്രദർശിപ്പിക്കപ്പെടുകയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഏതാനും ആഴ്ചകൾക്കുള്ളിൽ ഖത്തർ വിജയകരമായ മൂന്നാമത്തെ ടൂർണമെന്റിന് ആതിഥേയത്വം വഹിക്കുകയാണെന്ന് ഫിഫ ടൂർണമെന്റ് ലീഡ് റോബർട്ടോ ഗ്രാസി പറഞ്ഞു. ഖത്തറിലെ ലോകോത്തര അടിസ്ഥാന സൗകര്യങ്ങൾ ഉപയോഗിച്ച് മികച്ച സംഘാടനം ഒരുക്കാൻ സാധിക്കുമെന്ന പ്രതീക്ഷയും അദ്ദേഹം പ്രകടിപ്പിച്ചു.
ഡിസംബർ 17ന് നടക്കുന്ന ഫിഫ ഇന്റർകോണ്ടിനെന്റൽ കപ്പ് ഫൈനലിന് ടിക്കറ്റെടുത്തവർക്ക് ദോഹ മെട്രോയിൽ സൗജന്യ യാത്ര അനുവദിക്കുമെന്ന് സംഘാടകർ അറിയിച്ചു. ടൂർണമെന്റിന്റെ ടിക്കറ്റ് നിരക്ക് 20 ഖത്തർ റിയാൽ മുതലാണ് ആരംഭിക്കുന്നത്. ടിക്കറ്റുകൾ www.roadtoqatar.qa എന്ന വെബ്സൈറ്റിൽ ലഭ്യമാണ്. എല്ലാ ടിക്കറ്റുകളും ഡിജിറ്റൽ രൂപത്തിലായിരിക്കും ലഭ്യമാകുക. കൂടാതെ ഭിന്നശേഷി ആരാധകർക്കായി പ്രവേശന സൗകര്യമുള്ള ഇരിപ്പിട ഓപ്ഷനുകളും ഉൾപ്പെടുത്തും. പ്രവേശന സൗകര്യമുള്ള ഇരിപ്പിടങ്ങൾക്കായി ഭിന്നശേഷിക്കാർ accessibility-fic@sc.qa എന്ന ഇമെയിലിലേക്ക് സന്ദേശം അയക്കണം. സ്റ്റേഡിയത്തിൽ പ്രവേശിക്കുന്നതിന് ആരാധകർ അവരുടെ ടിക്കറ്റുകൾ ആക്സസ് ചെയ്യുന്നതിനായി 'Road to Qatar' ആപ്പ് ഡൗൺലോഡ് ചെയ്യണം. ഒരാൾക്ക് പരമാവധി 6 ടിക്കറ്റുകൾ വരെ വാങ്ങാം.
ക്ലബ് ചാമ്പ്യന്മാരുടെ പോര്
ഇന്റർകോണ്ടിനെന്റൽ കപ്പിന്റെ അവസാന മൂന്ന് മത്സരങ്ങൾക്കാണ് അഹമ്മദ് ബിൻ അലി സ്റ്റേഡിയം ഒരുങ്ങുന്നത്. ഡിസംബർ 17നാണ് യുവേഫ ചാമ്പ്യൻസ് ലീഗ് കിരീടം ചൂടിയ പി.എസ്.ജി മാറ്റുരക്കുന്ന 2025ലെ ഇന്റർകോണ്ടിനെന്റൽ കപ്പ് ഫൈനൽ മത്സരം നടക്കുക. ഇതിന് മുമ്പായി മറ്റ് വൻകരകളിലെ ചാമ്പ്യന്മാരെ കണ്ടെത്തുന്നതിനുള്ള അമേരിക്കൻ കപ്പ്, ചലഞ്ചർ കപ്പ് മത്സരങ്ങളും ഖത്തറിൽ നടക്കും. ചലഞ്ചർ കപ്പിലെ വിജയികളാകും ഫൈനലിൽ യൂറോപ്യൻ ചാമ്പ്യന്മാരായ പി.എസ്.ജിയെ നേരിടുക.
മത്സരങ്ങളുടെ ഫോർമാറ്റ് ഇങ്ങനെ
അമേരിക്കൻ ചാമ്പ്യന്മാരെ കണ്ടെത്തുന്നതിനുള്ള അമേരിക്കൻ കപ്പ് ഡെർബി മുതലാണ് ഖത്തറിലെ മത്സരങ്ങളുടെ തുടക്കം. മെക്സികോയിൽ നിന്നുള്ള ക്രൂസ് അസുലും സൗത്ത് അമേരിക്കൻ ചാമ്പ്യന്മാരായ ഫ്ലമെങ്ങോയും തമ്മിൽ ഇന്ന് ഏറ്റുമുട്ടും. ഡിസംബർ 13ന് നടക്കുന്ന ചലഞ്ചർ കപ്പ് മത്സരത്തിൽ അമേരിക്കൻ കപ്പ് ജേതാക്കൾ, ആഫ്രിക്ക, ഏഷ്യ-പസഫിക് നോക്കൗട്ട് മത്സരത്തിലെ ജേതാക്കളായ പിരമിഡ് എഫ്.സിയുമായി ഏറ്റുമുട്ടും. ചലഞ്ചർ കപ്പ് വിജയിക്കുന്ന ടീം 17ന് നടക്കുന്ന ഇന്റർകോണ്ടിനെന്റൽ കപ്പ് ഫൈനലിൽ പി.എസ്.ജിയെ നേരിടുക.
കഴിഞ്ഞ സീസണിലെ മത്സരങ്ങളും ഡിസംബറിലാണ് ഖത്തറിൽ അരങ്ങേറിയത്. ലുസൈൽ സ്റ്റേഡിയത്തിലെ നിറഞ്ഞ ഗാലറിയിൽ നടന്ന ഫൈനലിൽ മെക്സിക്കൻ കരുത്തരായ പചൂക്കയെ മൂന്ന് ഗോളിന് കീഴടക്കിയായിരുന്നു റയൽ മഡ്രിഡ് ചാമ്പ്യന്മാരായത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.