സി.ഐസി ഖത്തർ സംഘടിപ്പിച്ച കമ്യൂണിറ്റി ലീഡേഴ്സ് മീറ്റിൽ പ്രസിഡന്റ് ആർ.എസ്. അബ്ദുൽ ജലീൽ ആമുഖ ഭാഷണം
നിർവഹിക്കുന്നു
ദോഹ: സമൂഹിക, സാംസ്കാരിക, വിദ്യാഭ്യാസ മേഖലകളിൽ ഖത്തറിലെ പ്രവാസി സംഘടനകൾക്കിടയിൽ കൂട്ടായ പരിശ്രമങ്ങൾ അനിവാര്യമാണെന്ന് സെന്റർ ഫോർ ഇന്ത്യൻ കമ്മ്യൂണിറ്റി (സി.ഐ.സി ഖത്തർ) സംഘടിപ്പിച്ച കമ്മ്യൂണിറ്റി ലീഡേഴ്സ് മീറ്റ് അഭിപ്രായപ്പെട്ടു. വെറുപ്പും വിദ്വേഷവും വളരുന്ന കാലത്ത് സ്നേഹവും സഹോദര്യവും അടിസ്ഥാനപ്പെടുത്തി സാമൂഹിക സഹവർത്തിത്വം സാധ്യമാക്കാൻ എല്ലാവരും പരിശ്രമിക്കണമെന്നും മീറ്റ് ആഹ്വാനം ചെയ്തു.
സി.ഐ.സി പ്രസിഡന്റ് ആർ.എസ്. അബ്ദുൽ ജലീൽ ആമുഖ ഭാഷണം നടത്തി. സമൂഹത്തിൽ സി.ഐ.സി നിർവഹിക്കുന്ന പ്രവർത്തനങ്ങൾ, ഭാവി പദ്ധതികൾ എന്നിവ അദ്ദേഹം വിശദീകരിച്ചു. ഖത്തർ ഇന്ത്യൻ പ്രവാസികളിലെ സാമൂഹിക സാംസ്കാരിക ജനസേവന മേഖലകളിൽ കൂട്ടായി സി.ഐ.സി ഒപ്പമുണ്ടാകുമെന്ന് അദ്ദേഹം പറഞ്ഞു. സി.ഐ.സിയുടെ നാൾവഴികൾ ചരിത്രപരമായ പശ്ചാത്തലത്തോടു കൂടി കെ.സി. അബ്ദുൽ ലത്തീഫ് അവതരിപ്പിച്ചു. സംഘടനയുടെ തുടക്കകാലം മുതലുള്ള സാമൂഹിക ഇടപെടലുകളും വിവിധ രംഗങ്ങളിലെ സംഭാവനകളും അദ്ദേഹം വിശദീകരിച്ചു. പി.ആർ. ഹെഡ് സുഹൈൽ ശാന്തപുരം നയിച്ച ഇന്ററാക്ഷൻ സെഷനിൽ പുതിയ കാലത്തിന്റെ സവിശേഷതകൾ മുന്നിൽവെച്ചു സാമൂഹിക ശാക്തീകരണവുമായി ബന്ധപ്പെട്ട വിവിധ ആശയങ്ങൾ പങ്കുവെക്കപ്പെട്ടു.
സി.ഐസി ഖത്തർ സംഘടിപ്പിച്ച കമ്യൂണിറ്റി ലീഡേഴ്സ് മീറ്റിന്റെ സദസ്സ്
സമാപന പ്രഭാഷണത്തിൽ ജമാഅത്തെ ഇസ്ലാമി കേരള അസിസ്റ്റന്റ് അമീർ വി.ടി. അബ്ദുല്ലക്കോയ കൂട്ടായ പ്രവർത്തനങ്ങളുടെ സാമൂഹിക പ്രാധാന്യം ഊന്നിപ്പറഞ്ഞു. സ്വാർഥത മറികടന്ന് മാനുഷികതയെ മുൻനിരയിൽ കൊണ്ടുവരുന്ന പ്രവർത്തനങ്ങളാണ് സമൂഹത്തെ സമാധാനവും പുരോഗതിയും നിറഞ്ഞ നിലയിലേക്ക് നയിക്കുകയെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. ദോഹയിലെ സാമൂഹിക സാംസ്കാരിക രംഗങ്ങളിലെ പ്രമുഖർ പരിപാടിയിൽ പങ്കെടുത്തു. പുതിയ നേതാക്കൾക്ക് പങ്കെടുത്തവർ ആശംസകൾ നേർന്നു. ഫാജിസ് ടി.കെയുടെ ഖുർആൻ പാരായണത്തോടെ ആരംഭിച്ച പരിപാടിയിൽ സി.ഐ.സി ജനറൽ സെക്രട്ടറി അർഷദ് ഇ. സ്വാഗതം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.