ഫിഫ ലോകകപ്പ് വേദിയിലെ സുരക്ഷ സംഘം
ദോഹ: 2026ൽ അമേരിക്ക, മെക്സികോ, കാനഡ രാജ്യങ്ങളിലായി നടക്കുന്ന ഫിഫ ലോകകപ്പിന് സുരക്ഷയൊരുക്കാൻ ഖത്തറും ഭാഗമാകുന്നു. മൂന്നു വർഷം മുമ്പ് സ്വന്തം മണ്ണിൽ വേദിയൊരുക്കിയ വിശ്വമേളയുടെ വൻവിജയത്തിന്റെ പാഠങ്ങളുമായാവും ഖത്തർ അമേരിക്കയിലെത്തുന്നത്. ലോകകപ്പിന്റെ സുരക്ഷ സഹകരണം സംബന്ധിച്ച് ഖത്തർ ആഭ്യന്തര മന്ത്രാലയവും അമേരിക്കൻ ഫെഡറൽ ബ്യൂറോ ഓഫ് ഇൻവെസ്റ്റിഗേഷനും (എഫ്.ബി.ഐ) തമ്മിൽ തയാറാക്കിയ കരട് ധാരണപത്രത്തിന് കഴിഞ്ഞ ദിവസം ചേർന്ന ഖത്തർ മന്ത്രിസഭ യോഗം അംഗീകാരം നൽകി. പ്രധാനമന്ത്രിയും വിദേശകാര്യമന്ത്രിയുമായ ശൈഖ് മുഹമ്മദ് ബിൻ അബ്ദുർറഹ്മാൻ ആൽ ഥാനിയുടെ അധ്യക്ഷതയിൽ ചേർന്ന മന്ത്രിസഭാ യോഗമാണ് സുപ്രധാനമായ ധാരണപത്രത്തിന്റെ കരട് നിർദേശങ്ങൾക്ക് അംഗീകാരം നൽകിയത്. ഖത്തറിന്റെ ആഭ്യന്തര സുരക്ഷ വിഭാഗമായ ലഖ്വിയയും, യു.എസിന്റെ സുരക്ഷ ഏജൻസിയായ എഫ്.ബി.ഐയും ചേർന്ന് സുരക്ഷ മേഖലയിൽ സഹകരണം ശക്തമാക്കുന്നത് സംബന്ധിച്ചാണ് നിർദേശം. ഇതുസംബന്ധിച്ച് കൂടുതൽ വിശദാംശങ്ങൾ വ്യക്തമാക്കിയിട്ടില്ല.
സുരക്ഷ സന്നാഹവും സംഘാടനടവും കൊണ്ട് ശ്രദ്ധേയമായ കഴിഞ്ഞ ലോകകപ്പിന് പിന്നാലെ വിവിധ അന്താരാഷ്ട്ര മേളകളിലും ഖത്തറിന്റെ സുരക്ഷാ പങ്കാളിത്തമുണ്ടായിരുന്നു. 2024 പാരിസ് ഒളിമ്പിക്സിലും ഇതേ വേദിയിൽ നടന്ന പാരാലിമ്പിക്സിലും ഖത്തറിന്റെ സുരക്ഷാ വിഭാഗങ്ങൾ സജീവ പങ്കാളിത്തം വഹിച്ചു. ഇതിനുപുറമെ മറ്റു വിവിധ നിർദേശങ്ങളിലും മന്ത്രിസഭ യോഗം തീരുമാനങ്ങളെടുത്തു. രാജ്യത്തെ ജനങ്ങൾക്കും അമീർ ശൈഖ് തമീം ബിൻ ഹമദ് ആൽ ഥാനിക്കും ബലിപെരുന്നാൾ ആശംസകളും മന്ത്രിസഭ നേർന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.