ഗസ്സയിലെ കുടുംബങ്ങൾക്ക് ഖത്തർ ചാരിറ്റി സഹായം വിതരണം ചെയ്യുന്നു
ദോഹ: ഇസ്രായേൽ ആക്രമണത്തിന്റെ കെടുതികൾ അനുഭവിക്കുന്ന ഗസ്സയിലേക്ക് കൂടുതൽ സഹായമെത്തിച്ച് ഖത്തർ ചാരിറ്റി. ടെന്റുകളിൽ താമസിക്കുന്നവർക്കായി 26,000 ഭക്ഷ്യക്കിറ്റുകൾ ചാരിറ്റി വിതരണം ചെയ്തു. 1.3 ലക്ഷം പേർക്ക് ഇതിന്റെ ഗുണഫലം ലഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. യു.എൻ. ഏജൻസികളുടെ കണക്കനുസരിച്ച്, 5 ലക്ഷത്തിലധികം ആളുകൾ ക്ഷാമത്തിലാണ്. ഓരോ കുടുംബത്തിന് ഒരു മാസത്തേക്ക് ആവശ്യമായ അടിസ്ഥാന ഭക്ഷണ സാമഗ്രികൾ അടങ്ങിയ കിറ്റാണ് വിതരണം ചെയ്തത്.
‘ലബ്ബൈക് ഗസ്സ’ സംരംഭത്തിലൂടെ ഖത്തറിലെ ഉദാരമതികളിൽനിന്ന് ധനസഹായം സ്വരൂപിച്ചാണ് സഹായമെത്തിച്ചത്. ഉപരോധവും യുദ്ധവും കാരണം ദുരിതത്തിലായ ഫലസ്തീനിലെ കുടുംബങ്ങളുടെ ഭക്ഷ്യസുരക്ഷ മെച്ചപ്പെടുത്തുകയെന്ന ലക്ഷ്യത്തോടെയാണ് ഖത്തർ ചാരിറ്റി സഹായം എത്തിക്കുന്നത്.
ഖത്തർ ചാരിറ്റിയുടെ വെബ്സൈറ്റ്, മൊബൈൽ ആപ്, ഹോം കലക്ഷൻ സേവനം വഴിയോ 44290000 എന്ന നമ്പറിൽ വിളിച്ചോ സംഭാവനകൾ നൽകാവുന്നതാണ്. വിദ്യാർഥികൾക്കായി നാലായിരത്തി അഞ്ഞൂറ് സ്കൂൾ ബാഗുകളും വിതരണം ചെയ്തിട്ടുണ്ട്. യു.എന്നിന്റെ കണക്കുപ്രകാരം 6.5 ലക്ഷം വിദ്യാർഥികളാണ് ഗസ്സയിൽ സ്കൂളിൽ പോകാനാകാതെ വിഷമിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.