ഖത്തർ മലയാളീസ് സംഘടിപ്പിക്കുന്ന ഖത്തർ പൂരം സീസൺ -2 ഭാരവാഹികൾ
വാർത്തസമ്മേളനത്തിൽ സംസാരിക്കുന്നു
ദോഹ: സോഷ്യൽ മീഡിയ കൂട്ടായ്മയായ ഖത്തർ മലയാളീസ് ഖത്തർ പൂരം സീസൺ -2 ജനുവരി 30ന് അബു ഹമൂർ ഐഡിയൽ ഇന്ത്യൻ സ്കൂളിൽ നടക്കുമെന്ന് ഭാരവാഹികൾ വാർത്തസമ്മേളനത്തിൽ അറിയിച്ചു. ഖത്തർ മലയാളീസ് പ്രതിനിധികളും സ്പോൺസർമാരും പങ്കെടുത്ത ചടങ്ങിൽ ഔദ്യോഗിക പ്രഖ്യാപനവും നടന്നു. കേരളത്തിന്റെ പരമ്പരാഗത സംഗീതം, നൃത്തം, കല, വിവിധതരം ഭക്ഷണങ്ങൾ, ഖത്തറിലെ ഭൂരിഭാഗം മലയാളികൾക്കും കണ്ടുമുട്ടാവുന്ന വേദി തുടങ്ങിയവക്കുള്ള വേദിയാകും ഖത്തർ പൂരമെന്ന് സംഘാടകർ പറഞ്ഞു. കേരളത്തിന്റെ സാംസ്കാരിക പൈതൃകത്തെ പ്രതിനിധീകരിക്കുന്ന നൃത്തങ്ങൾ, മ്യൂസിക് ബാൻഡുകൾ, മുട്ടിപ്പാട്ട്, കൈകൊട്ടിക്കളി, പഞ്ചാരി മേളം, ബാൻഡ് വാദ്യം, ഒപ്പന, കോൽക്കളി തുടങ്ങിയ കലാപരിപാടികളും ഗൃഹാതുരത്വമുണർത്തുന്ന രുചികളും പലഹാരങ്ങളും ഉൾക്കൊള്ളുന്ന ഭക്ഷണ സ്റ്റാളുകളും മൈലാഞ്ചിയിടൽ, ഫേസ് പെയിന്റിങ് എന്നിവയും കുടുംബ സൗഹൃദ ആക്ടിവിറ്റികളും പൂരപ്പറമ്പിലൊരുങ്ങും. വൈകീട്ട് നടക്കുന്ന ഔദ്യോഗിക ഉദ്ഘാടന ചടങ്ങിൽ വിശിഷ്ടാതിഥികൾ, വിവിധ സംഘടനാ പ്രതിനിധികൾ എന്നിവർ പങ്കെടുക്കും. വാർത്തസമ്മേളനത്തിൽ കെ.ടി. ബിലാൽ, റസൽ, ജാഫർ കണ്ടോത്ത്, നിഷാദ്, അൽത്താഫ്, ഇല്യാസ്, ടെന്നി സൈമൺ എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.