അൽബിദ പാർക്കിലെ ദോഹ എക്സ്പോ ഹൗസ്
ദോഹ: മധ്യപൂർവേഷ്യയിലേക്ക് ആദ്യമായി വിരുന്നെത്തിയ അന്താരാഷ്ട്ര ഹോർട്ടികൾചറൽ എക്സ്പോക്ക് കൊടിയിറങ്ങിയെങ്കിലും ആറുമാസത്തെ എക്സ്പോയുടെ പാരമ്പര്യമായി ഖത്തർ പവിലിയനും എക്സ്പോ ഹൗസും അൽ ബിദ പാർക്കിൽ തലയുയർത്തി നിൽക്കും. 2023 ഒക്ടോബർ രണ്ടിന് ആരംഭിച്ച എക്സ്പോ മാർച്ച് 28നാണ് അവസാനിച്ചത്. 79 രാജ്യങ്ങളുടെ പവിലിയനുകളും വിവിധ പ്രദർശനങ്ങളും ശിൽപശാലകളുമായി 42 ലക്ഷത്തിലേറെ സന്ദർശകരെ ആകർഷിച്ച എക്സ്പോയുടെ ബാക്കിപത്രമായാണ് എക്സ്പോ ഹൗസും ഖത്തരി പവിലിയനും നിലനിർത്താൻ തീരുമാനിച്ചത്. ഇന്റർനാഷനൽ അസോസിയേഷൻ ഫോർ ഹോർട്ടികൾചറൽ പ്രൊഡ്യൂസേഴ്സ് (എ.ഐ.പി.എച്ച്) വാർത്താക്കുറിപ്പിലാണ് ഇക്കാര്യം പുറത്തുവിട്ടത്.
അൽബിദ്ദ പാർക്ക് മാനേജ്മെന്റിന്റെ പൈതൃക കെട്ടിടമായി ഖത്തർ പവിലിയനെ നിലനിർത്തുമ്പോൾ വിദ്യാഭ്യാസ പരിപാടികളിലൂടെ സുസ്ഥിര രീതികളും ഹരിത സാങ്കേതികവിദ്യയും പ്രോത്സാഹിപ്പിക്കുന്നതിനുള്ള എക്സ്പോയുടെ ഹോർട്ടികൾചറൽ ദൗത്യം തുടരുമെന്ന് എ.ഐ.പി.എച്ച് അറിയിച്ചു. എക്സ്പോ അവസാനിച്ചതോടെ ഖത്തർ മ്യൂസിയത്തിനായിരിക്കും ഇനി മുതൽ എക്സ്പോ ഹൗസിന്റെ ചുമതല. ‘ഹരിത മരുഭൂമി, മെച്ചപ്പെട്ട പരിസ്ഥിതി’ എന്ന എക്സ്പോ പ്രമേയത്തിന്റെ സാക്ഷ്യപത്രമായാണ് ഖത്തർ പവിലിയൻ നിലകൊള്ളുന്നത്. അതേസമയം, ദി ഫയർ സ്റ്റേഷനോട് ചേർന്നുള്ള എക്സ്പോ ഹൗസ്, അൽബിദ്ദ പാർക്കിന്റെ ഭൂപ്രകൃതിയുമായി ലയിക്കുന്ന രീതിയിലാണ് രൂപകൽപന ചെയ്തിരിക്കുന്നത്. അർധ വൃത്താകൃതിയിലുള്ള ഹൗസിന്റെ രൂപകൽപനയും മേൽക്കൂരയിലെ പച്ചപ്പും സന്ദർശകർക്ക് മികച്ച അനുഭവം സമ്മാനിക്കുമെന്നതിൽ സംശയമില്ല.
ദോഹ എക്സ്പോ വേദിയിലെ ഖത്തർ പവിലിയൻ
മിഡിലീസ്റ്റിലും ഉത്തരാഫ്രിക്കയിലുമായി ആദ്യത്തെ എ വൺ അന്താരാഷ്ട്ര ഹോർട്ടികൾചറൽ എക്സ്പോ വൻ വിജയമാക്കിയതിൽ ഖത്തറിന് നന്ദി അറിയിക്കുന്നതായി എ.ഐ.പി.എച്ച് പ്രസിഡന്റ് ലിയനാഡോ കാപിറ്റാനിയോ പറഞ്ഞു. ആറു മാസക്കാലം നീണ്ടുനിന്ന എക്സ്പോ ആറായിരത്തോളം പരിപാടികൾക്കാണ് വേദിയായത്. സന്തോഷത്തിനായുള്ള ഭാവിയുടെ ദൃശ്യങ്ങൾ എന്ന തലക്കെട്ടിൽ ജപ്പാനാണ് അടുത്ത ഹോർട്ടികൾചറൽ എക്സ്പോക്ക് വേദിയാകുന്നത്. 2027 മാർച്ച് 19 മുതൽ 2027 സെപ്റ്റംബർ 26 വരെയാണ് എക്സ്പോ നടക്കുക.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.