ദോഹ: ആകാശപ്പരപ്പിൽ മണിക്കൂറുകളോളം വട്ടമിട്ടുപറക്കുന്ന പ്രാവുകൾ... പ്രാവ് പറത്തൽ മത്സരം വെറുമൊരു കൗതുകമല്ല, വലിയൊരു ആവേശമാണ്. കേവലമൊരു വിനോദം എന്നതിനപ്പുറം, കൃത്യമായ പരിശീലനവും ശാസ്ത്രീയമായ കണക്കുകൂട്ടലുകളും സമന്വയിക്കുന്ന മത്സരം. പറവ സ്നേഹികളെ ആകർഷിച്ച് പ്രാവ് പറത്തൽ മത്സരത്തിന് (കതാറ വൺ ലോഫ്റ്റ് റേസ്) ദോഹയിലെ കതാറ കൾച്ചറൽ വില്ലേജിൽ വേദിയൊരുങ്ങുന്നു. ഒപ്പം, കൈനിറയെ സമ്മാനവും നേടാം. 205,000 യു.എസ് ഡോളർ അഥവാ ഏകദേശം 1.9 കോടിയിലധികം രൂപയാണ് വിജയികളെ കാത്തിരിക്കുന്നത്.
ഖത്തറിന്റെ സാംസ്കാരിക-പൈതൃക പ്രവർത്തനങ്ങളും പരമ്പരാഗത കായിക വിനോദങ്ങളും പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായാണ് ലോകമെമ്പാടുമുള്ള പ്രാവ് വളർത്തൽ പ്രേമികളെ ലക്ഷ്യമിട്ട് മത്സരം സംഘടിപ്പിക്കുന്നത്. മേഖലയിൽനിന്നും അന്താരാഷ്ട്ര തലത്തിൽ നിന്നുമുള്ള മികച്ച മത്സരാർത്ഥികളെയാണ് പരിപാടിയിലൂടെ കതാറ ലക്ഷ്യമിടുന്നത്. മത്സരത്തിൽ പങ്കെടുക്കുന്ന പക്ഷികൾക്കായി കർശനമായ ആരോഗ്യ നിബന്ധനകൾ ഉണ്ടായിരിക്കും. റേസ് മാനേജ്മെന്റ് അംഗീകരിച്ച ഔദ്യോഗിക ഷെഡ്യൂൾ അനുസരിച്ചായിരിക്കും വിജയികളെ നിർണ്ണയിക്കുക.
ഖത്തറിനകത്തും പുറത്തുമുള്ള പ്രാവ് വളർത്തലുകാർക്കും ഈ രംഗത്തെ താൽപര്യമുള്ളവർക്കും മത്സരത്തിൽ പങ്കെടുക്കാം. മത്സരത്തിൽ പങ്കെടുപ്പിക്കുന്ന പക്ഷികളെ ജൂൺ 10 നും ആഗസ്റ്റ് 31 നും ഇടയിൽ ഉമ്മു ബറാക്ക പ്രദേശത്തുള്ള റേസ് ആസ്ഥാനത്ത് സ്വീകരിക്കും. അന്താരാഷ്ട്ര തലത്തിൽ അംഗീകരിക്കപ്പെട്ട ‘ബെൻസിങ് വൺ ലോഫ്റ്റ് റേസ് (ഒ.എൽ.ആർ)’ സംവിധാനത്തിലൂടെയാണ് മത്സരത്തിന്റെ അന്തിമ ഫലങ്ങൾ നിർണ്ണയിക്കുന്നത്. ഫൈനൽ മത്സരത്തിന് മുൻപായി എല്ലാ പ്രാവുകൾക്കും ഒരേ രീതിയിലുള്ള പരിശീലനവും റേസിങ് പ്രോഗ്രാമും നൽകും.
മത്സരത്തിൽ പങ്കെടുക്കുന്ന ഓരോ പ്രാവിനും 300 യു.എസ് ഡോളറാണ് പ്രവേശന ഫീസ്. ഇരട്ട സംഖ്യയിലുള്ള പ്രാവുകളെ മാത്രമേ മത്സരത്തിനായി സ്വീകരിക്കുകയുള്ളൂ. ഒറ്റയായി പ്രാവുകളെ രജിസ്റ്റർ ചെയ്യാൻ സാധിക്കില്ല. രജിസ്ട്രേഷനും കൂടുതൽ വിവരങ്ങൾക്കും 77104444 എന്ന നമ്പറിൽ ബന്ധപ്പെടാം. കൂടുതൽ വിവരങ്ങൾക്ക് കതാറ കൾച്ചറൽ വില്ലേജ് വെബ്സൈറ്റ് സന്ദർശിക്കുക.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.