അൽ ഷഖാബിൽ നടന്ന കുതിരയോട്ട പ്രദർശനം കാണാനെത്തിയ പിതാവ്
അമീർ ശൈഖ് ഹമദ് ബിൻ ഖലീഫ ആൽഥാനി
ദോഹ: പാഡൽ ടെന്നിസ് റാക്കറ്റുമേന്തി അമീർ ശൈഖ് തമീം ബിൻ ഹമദ് ആൽ ഥാനി, അൽ നൂർ ഇൻസ്റ്റിറ്റ്യൂട്ടിലെ വിദ്യാർഥികൾക്കൊപ്പം കളിച്ചും സൗഹൃദം പങ്കുവെച്ചും പ്രധാനമന്ത്രിയും വിദേശകാര്യമന്ത്രിയുമായ ശൈഖ് മുഹമ്മദ് ബിൻ അബ്ദുർറഹ്മാൻ ആൽ ഥാനി, ഖത്തർ ഫൗണ്ടേഷനുകീഴിൽ എജുക്കേഷൻ സിറ്റിയിൽ നടന്ന വിവിധ കായിക പരിപാടികളിൽ സജീവമായി ശൈഖ മൗസ ബിൻത് നാസർ, ലുസൈലിലെ ടീം ഖത്തർ വില്ലേജിലെ കായികാഘോഷങ്ങൾക്ക് നേതൃത്വമായി ഖത്തർ ഒളിമ്പിക് കമ്മിറ്റി അധ്യക്ഷൻ ശൈഖ് ജുആൻ ബിൻ ഹമദ് ആൽ ഥാനി, ഓൾഡ് ദോഹ പോർട്ടിൽ അമ്പെയ്തുകൊണ്ട് സജീവമായി വിദ്യാഭ്യാസ മന്ത്രി ലുൽവ ബിൻത് റാശിദ് അൽ ഖാതിർ...
ഖത്തർ ദേശീയ കായികദിനത്തിൽ കുട്ടികൾക്കൊപ്പം അമീർ ശൈഖ് തമീം ബിൻ ഹമദ് ആൽഥാനി
അങ്ങനെ രാഷ്ട്ര നേതാക്കൾ, മന്ത്രിമാർ, മുതിർന്ന ഉദ്യോഗസ്ഥർ, രാജകുടുംബാംഗങ്ങൾ, സൈനിക -പൊലീസ് മേധാവികൾ എല്ലാവരും മൈതാനങ്ങളിലും പാർക്കുകളിലും ഒന്നിച്ച് ഖത്തറിന്റെ ദേശീയ കായികദിനം ആഘോഷമാക്കി.
പ്രധാനമന്ത്രി ശൈഖ് മുഹമ്മദ് ബിൻ അബ്ദുൽറഹ്മാൻ ആൽഥാനിയും സാമൂഹിക വികസന കുടുംബമന്ത്രി ബുഥൈന ബിൻത് അലി അൽ ജാബിർ നുഐമിയും അൽനൂർ ഇൻസ്റ്റിറ്റ്യൂട്ടിലെ കായികദിനാഘോഷത്തിൽ പങ്കെടുക്കാനെത്തിയപ്പോൾ
ചൊവ്വാഴ്ച സൂര്യൻ ഉദിച്ചുയരും മുമ്പുതന്നെ ഖത്തറിലെ തെരുവുകളും പാർക്കുകളും പൊതു ഇടങ്ങളും കളിസ്ഥലങ്ങളുമെല്ലാം സജീവമായിരുന്നു. ഓരോരുത്തരുടെയും സ്വകാര്യമായ വ്യായാമവും കായിക പരിശീലനവും നാടിന്റെ ആഘോഷമായിത്തന്നെ പൊതുവേദികളിലെത്തിയ ദിനം.
ഖത്തർ ഒളിമ്പിക് കമ്മിറ്റി അധ്യക്ഷൻ ശൈഖ് ജുആൻ ബിൻ ഹമദ് ആൽഥാനി ലുസൈലിലെ ടീം ഖത്തർ വില്ലേജിൽ പങ്കെടുക്കുന്നു
കായികക്ഷമതയിലൂടെ ആരോഗ്യകരമായ ജീവിതവും ആരോഗ്യമുള്ള സമൂഹവും എന്ന സന്ദേശവുമായി രാജ്യംതന്നെ ഇറങ്ങിയപ്പോൾ നേതൃത്വവുമായി അമീർ ശൈഖ് തമീം ബിൻ ഹമദ് ആൽ ഥാനിയെത്തി. റാസ് അബ്രൂക് റിസോർട്ടിൽ നടന്ന ദേശീയ കായിക ദിനപരിപാടികളിലാണ് അമീർ പങ്കെടുത്തത്.
പരിസ്ഥിതി, കാലാവസ്ഥാ വ്യതിയാന മന്ത്രി ഡോ. അബ്ദുല്ല ബിൻ അബ്ദുൽ അസീസ് ബിൻ തുർകി അൽ സുബൈഇ കായിക ദിനത്തിൽ ഫൂസ്ബാൾ കളിക്കുന്നു
ഖത്തർ പാഡെൽ ജൂനിയർ ടീം അംഗങ്ങൾ, ദുഖാൻ പ്രൈമറി ബോയ്സ് സ്കൂൾ വിദ്യാർഥികൾ എന്നിവർക്കൊപ്പം പാഡെൽ ടെന്നിസ് റാക്കറ്റേന്തി അമീർ അവരിൽ ഒരാളായി മാറി. കുട്ടികളെ ഓമനിച്ചും അവരുമായി കളിച്ചും പ്രോത്സാഹനം നൽകിയും അമീർ ദേശീയ കായികദിനാഘോഷത്തിൽ പങ്കുചേർന്നു.
ഉന്നത വിദ്യാഭ്യാസ മന്ത്രി ലുൽവ ബിൻത് റാഷിദ് അൽ ഖാതിർ ഓൾഡ് ദോഹ പോർട്ടിൽ നടന്ന കായികദിനാഘോഷത്തിൽ പങ്കെടുക്കുന്നു
കാഴ്ചപരിമിതരുടെ പഠനകേന്ദ്രമായ അൽ നൂർ ഇൻസ്റ്റിറ്റ്യൂട്ടിൽ സാമൂഹിക വികസന, കുടുംബ മന്ത്രാലയം നേതൃത്വത്തിൽ നടന്ന പരിപാടിയിലാണ് പ്രധാനമന്ത്രി അതിഥിയായെത്തിയത്. മന്ത്രി ബുഥൈന ബിൻത് അലി അൽ ജാബിർ നുഐമിയും പങ്കെടുത്തു.
ഖത്തർ സോഷ്യൽ വർക്ക് ഫൗണ്ടേഷന് കീഴിലെ ശഫല്ലാഹ് സെന്റർ, അൽ നൂർ ഇൻസ്റ്റിറ്റ്യൂട്ട്, ഡ്രീമ സെന്റർ എന്നിവടങ്ങളിൽ നിന്നുള്ള അംഗങ്ങൾ വിവിധ പരിപാടികളിൽ പങ്കുചേർന്നു.
ആസ്പയർ സോണിൽ നടന്ന കായികദിനാഘോഷ പരിപാടിയിൽനിന്ന്
അമീരി ഗാർഡ് നേതൃത്വത്തിൽ ബർസാൻ ക്യാമ്പിൽ ഉദ്യോഗസ്ഥർ, സൈനികർ, അമീരി ഗാർഡിൽ നിന്നുള്ള സിവിലിയന്മാർ എന്നിവർക്കായി ഫുട്ബാൾ, കുതിരയോട്ടം, പാഡൽ, ഓട്ട മത്സരം, ഫുട്ബാൾ ഉൾപ്പെടെ മത്സരങ്ങൾ സംഘടിപ്പിച്ചു.
‘ഒരിക്കലും വൈകരുത്’ എന്ന പ്രമേയത്തിൽ വ്യായാമത്തിന്റെയും സ്പോർട്സിന്റെയും പ്രാധാന്യം ബോധ്യപ്പെടുത്തും വിധത്തിലായിരുന്നു രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലായി ദേശീയ കായികദിന പരിപാടികൾ അരങ്ങേറിയത്.
ഓൾഡ് ദോഹ പോർട്ടിൽ വിദ്യാഭ്യാസ മന്ത്രാലയത്തിന്റെ നേതൃത്വത്തിൽ നടന്ന കായികദിന മത്സരങ്ങളിൽ പങ്കെടുക്കുന്ന കുട്ടികൾ
എജുക്കേഷൻ സിറ്റി സ്റ്റേഡിയം, ലുസൈൽ സ്പോർട്സ് അറീന, ബർസാൻ ഒളിമ്പിക് പാർക്ക്, അൽ ബിദ്ദ പാർക്ക്, ദോഹ തുറമുഖം, ബർഹാത് മുശൈരിബ്, മുശൈരിബ്, ഓക്സിജൻ പാർക്ക്, കതാറ കൾച്ചറൽ വില്ലേജ്, പേൾ ഖത്തർ, ജിവാൻ ഐലൻഡ്, അൽ ഷഹാനിയ സ്പോർട്സ് ക്ലബ്, ഉം സലാൽ സ്പോർട്സ് ക്ലബ്, അൽ ഖോർ സ്പോർട്സ് ക്ലബ്, ആസ്പയർ പാർക്ക് തുടങ്ങി രാജ്യത്തിന്റെ വിവിധ മേഖലകളിൽ ചെറുതും വലുതുമായ കായിക പ്രവർത്തനങ്ങളും വ്യായാമവുമായി കായിക ദിനം ആചരിച്ചു.
കുട്ടികളും കുടുംബങ്ങളും മുതിർന്നവരുമെല്ലാം സ്പോർട്സ് വേഷങ്ങളിൽ സംഗമിച്ചപ്പോൾ പുതിയ കളികൾ പരിശീലിപ്പിക്കാനും, വിവിധ കളികൾ അറിയാനും അവസരമൊരുക്കിയിരുന്നു. ഖത്തർ ഒളിമ്പിക് കമ്മിറ്റി, കായിക മന്ത്രാലയം, സ്പോർട്സ് ഫോർ ഓൾ ഫെഡറേഷൻ എന്നിവയുടെ നേതൃത്വത്തിൽ അടിസ്ഥാന സൗകര്യങ്ങളും സജ്ജമാക്കി.
ബർസാൻ ക്യാമ്പിൽ അമിരി ഗാർഡ് നേതൃത്വത്തിൽ നടന്ന കായികദിനാഘോഷത്തിൽ നടത്തത്തിൽ പങ്കുചേരുന്ന സേനാമേധാവികൾ
ഹമദ് മെഡിക്കൽ കോർപറേഷൻ ഉൾപ്പെടെ ആരോഗ്യ മേഖല സംവിധാനങ്ങളും കോർപറേറ്റുകൾ, കമ്പനികൾ എന്നിവർ ജീവനക്കാർക്കും അവരുടെ കുടുംബങ്ങൾക്കുമായി വിനോദപരിപാടികൾ സംഘടിപ്പിച്ചു. അതിരാവിലെ തുടങ്ങിയ കാഴ്ചകൾ ഉച്ചവരെ നീണ്ടുനിന്നു.
പൊതു അവധി ദിനമായതിനാൽ സർക്കാർ, സ്വകാര്യ മേഖല സ്ഥാപനങ്ങൾ അവധി നൽകി പൊതു ജനങ്ങളുടെ സാന്നിധ്യം സജീവമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.